'നോ ലൗ എന്നല്ല എഴുതി കൊടുത്തത്, ആ പ്രണയം ആരോഗ്യകരമാണ്'; റിയാസിനും മറുപടിയുമായി വൈബർ ഗുഡ് ദേവു
കൊച്ചി: ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഒരു പ്രണയമെങ്കിലും മൊട്ടിടാറുണ്ട്. ഇത്തവണ സാഗറും സെറീനയും തമ്മിലുള്ള പ്രണയമായിരുന്നു ഹൗസിൽ ചർച്ചയായത്. എന്നാൽ ഇരുവരുടേയും പ്രണയം വെറും സ്ട്രാറ്റജി മാത്രമാണെന്ന തരത്തിലായിരുന്നു പുറത്തുള്ള വിമർശനങ്ങൾ ഏറെയും. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ മത്സരാർത്ഥിയായിരുന്ന വൈബർ ഗുഡ് ദേവു.
ബിഗ് ബോസ് പോലൊരു വീട്ടിൽ ഒറ്റപ്പെട്ട് ഇരിക്കുന്ന അവസ്ഥയിൽ കിട്ടുന്ന സൗഹൃദങ്ങളും അടുപ്പങ്ങളും മുന്നോട്ട് കൊണ്ട് പോകാൻ തന്നെയായിരിക്കും മത്സരാർത്ഥികൾ നോക്കുകയെന്ന് ദേവു പറയുന്നു. 'സില്ലി മോങ്ക്സ് മോളിവുഡ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിനുള്ളിൽ പ്രണയവും സൗഹൃദവും പകയുമെല്ലാം നടക്കാം. അവിടെ വെറും 18 പേരെ ഉള്ളൂ. തീർച്ചയായും കറങ്ങി തിരിഞ്ഞ് ഇതേ മുഖങ്ങൾ തന്നെയാണ് കാണേണ്ടത്. നമ്മളിൽ ഒരാൾ ഡൗൺ ആയിരിക്കുമ്പോൾ മറ്റൊരാൾ വന്ന് നമ്മളെ ആശ്വസിപ്പിക്കാൻ ഉണ്ടാകും. കംഫെർട്ട് സോണിൽ ഇരുന്ന് സംസാരിക്കുമ്പോൾ പോലും അവിടെ ഇരിക്കുന്ന എല്ലാവർക്കും അറിയാം ഗെയിമിനാണ് വന്നിരിക്കുന്നതെന്ന്.
ഗെയിമിൽ നിൽക്കാൻ വേണ്ടി പ്രണയം അഭിനയിക്കുന്നതിനോട് താത്പര്യമില്ല. പുറത്ത് വന്നിട്ട് പ്രണയം എന്റെ സ്ട്രാറ്റജിയാണെന്ന് പറയുന്നവനോട് ഞാനായിരിക്കും ആദ്യം ചോദ്യം ചെയ്യുക. അതേസമയം ബിഗ് ബോസ് പോലൊരു വീട്ടിൽ ഒറ്റപ്പെട്ട് ഇരിക്കുന്ന അവസ്ഥയിൽ കിട്ടുന്ന കംഫർട്ട് സോൺ മുന്നോട്ട് കൊണ്ട് പോകാൻ തന്നെയായിരിക്കും മത്സരാർത്ഥികൾ നോക്കുക. പുറത്തിള്ളവർ അതിനെ ചിലപ്പോൾ പ്രണയമായിട്ടൊക്കെ കണ്ടേക്കാം.
പുറത്ത് വരുന്നതിന് തൊട്ട് മുൻപാണ് സാഗർ-സെറീന പ്രണയം ശ്രദ്ധയിൽ പെട്ട് തുടങ്ങിയത്. അത് അവരുടെ താത്പര്യമാണ് , അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ചോദിക്കാനൊന്നും പറ്റില്ല. സാഗറിനെ സംബന്ധിച്ച് സാഗർ ഒരു അമ്മ മകനാണ്. സെറീനയാണെങ്കിൽ വളരെ ആറ്റിറ്റ്യൂഡ് ഉള്ള അവളുടേതായ പ്ലാനുകൾ ഒക്കെ ഉള്ള ആളാണ്. അമ്മയോടും വളരെ കണക്ടഡ് ആയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പ്രണയം ആരോഗ്യപരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
35 പേജിന്റെ കരാറിൽ നോ ലൗ എന്നല്ല , നോ ഫിസിക്കൽ അസാൾട്ട് എന്ന് മാത്രമേ എഴുതി കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ അവിടെ പ്രണയിക്കുന്നതൊന്നും തെറ്റല്ല. പക്ഷേ പ്രണയം അവിടെ ഗെയിമിനെ ബാധിച്ചിരുന്നുവെങ്കിൽ അതിനെതിരെ സംസാരിച്ചേനെ. അല്ലാതെ അവിടെ ആര് എന്ത് കാണിച്ചാലും ഞാൻ മൈന്റ് ചെയ്യില്ല. കാരണം മറ്റുള്ളവരുടെ സ്പേസിൽ നമ്മളെന്തിനാണ് കയറുന്നത്. ഉപദേശ കമ്മിറ്റി ഒട്ടും താത്പര്യമില്ല', ദേവു പറഞ്ഞു.
ജുനൈസ് എന്ന മത്സരാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിന് ജുനൈസ് വളരെ പാവമാണ് എന്നായിരുന്നു ദേവുവിന്റെ മറുപടി. 'ആഗ്രഹിച്ചാണ് അവൻ അവിടെ എത്തിയത്. ജുനൈസുമായാണ് ഞാൻ ആദ്യം തർക്കിച്ചത്. ജുനൈസ് വളരെ അധികം ഓവർ തിങ്ക് ചെയ്യും. എങ്ങനെ കണ്ടന്റ് ഉണ്ടാക്കി പുറത്ത് എത്തിക്കണം എന്നതാണ് അവൻ ചിന്തിച്ച് കൂട്ടുന്നത്. ആ സമ്മർദ്ദം അവന്റെ മുഖത്ത് കാണാൻ സാധിക്കും. അവൻ കാര്യങ്ങളെ ഒട്ടും ലഘുവായി എടുക്കുന്നില്ല', ദേവു പറഞ്ഞു.
ദേവു ടോക്സിക് സ്പീക്കർ ആണെന്നുള്ള റിയാസിന്റെ കമന്റിനോടും അവർ പ്രതികരിച്ചു.'റിയാസിന് എന്നെ അറിയില്ല, ഈ പേര് തരും മുൻപേ റിയാസ് മനസിലാക്കേണ്ട കാര്യം ഒരാളെ അറിയാത്തിടത്തോളം അവരെ ജഡ്ജ് ചെയ്യാൻ നിൽക്കരുതെന്നാണ്. റിയാസിന്റെ ഗെയിമിന്റെ പോസിറ്റീവും നെഗറ്റീവും ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ചില മൂല്യങ്ങൾക്ക് ഞാൻ വിലകൊടുക്കുന്നുണ്ട്. അത് ചിലപ്പോൾ പലർക്കും പഴഞ്ചനായിരിക്കാം. അതൊക്കെ ടോക്സിസ്റ്റിയായി തോന്നുന്നുണ്ടെങ്കിൽ അതിനെ കുറിച്ച് ഞാൻ ആകുലതപ്പെടുന്നില്ല'












Click it and Unblock the Notifications