ആ നിമിഷം ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായിരുന്നു: കടിച്ച് തൂങ്ങി നില്‍ക്കില്ല: വിഷ്ണു
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ലഭിച്ച സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഷ്ണു ജോഷി. കുറച്ച് ആളുകള്‍ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതില്‍ കൂടുതലും യുവാക്കളാവുമെന്നും കരുതി. എന്നാല്‍ പുറത്ത് വന്നപ്പോള്‍ എല്ലാ പ്രായത്തിലുള്ള ആളുകളും വന്ന് സ്നേഹം പ്രകടിപ്പിക്കുന്നതും കണ്ട് വലിയ സന്തോഷം തോന്നിയെന്നും വിഷ്ണു ജോഷി പറയുന്നു.
ബിഗ് ബോസിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. വെറും സാധാരണക്കാരനായ എന്നെ ബിഗ് ബോസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആളുകള്‍ ഹൃദയത്തോട് ചേർത്ത് പിടിച്ചു. അതില്‍ എനിക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും വിഷ്ണു ജോഷി പറയുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസിന്റെ വലിയ ഫാനാണ് ഞാന്‍. ഇതുവരേയുള്ള മലയാളം, തമിഴ് സീസണുകള്‍ കണ്ടിട്ടുണ്ട്. ഭാഷയുടെ പ്രശ്നം ഉള്ളതിനാല്‍ ഹിന്ദി സീസണ്‍ കുറച്ച് മാത്രമേ കാണാന്‍ പറ്റിയുള്ളു. ഇതില്‍ നിന്നെല്ലാം പഠിച്ച കാര്യങ്ങള്‍ ഷോയില്‍ നടപ്പിലാക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. അത് ഒരു പരിധിവരെ സാധിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. ഈ ആഴ്ച പുറത്താവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നുവെച്ച് ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതില്‍ സങ്കടമില്ല.
ബിഗ് ബോസ് , അത് കഴിഞ്ഞാല്‍ സിനിമ, ഇവ രണ്ടുമാണ് എന്റെ വലിയ സ്വപ്നങ്ങള്‍. ബിഗ് ബോസിലൂടെ സിനിമയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബോസില്‍ എന്റേതായ രീതിയില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. കുറേ സ്ഥലങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് പുറത്തായി എന്ന വിലയിരുത്തലൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും താരം പറയുന്നു.
ഇഷ്ടപ്പെടുന്നവരില്‍ തന്നെ എനിക്ക് വോട്ട് ചെയ്യുന്നവരും ചെയ്യാത്തവരുമുണ്ടാകും. ആളുകള്‍ക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഞാന്‍ പുറത്തേക്ക് പോയത്. വോട്ടിങ്ങിലെ ചെറിയ വ്യത്യാസം മാത്രമായിരിക്കും കാരണം. എന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ താരങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത് അങ്ങനെ തന്നെയാണ്.

ടിക്കറ്റ് ടു ഫിനാലെയില്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെക്കാത്തതിന് രണ്ട് കാരണമുണ്ട്. പ്രേക്ഷകർ തന്നെ മുന്നോട്ട് കൊണ്ടുപോവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാമത് സേഫ് സോണില്‍ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാന്‍. ക്യാപ്റ്റന്‍സി ടാസ്കില്‍ അടക്കം സമാനമായ കാരണം കൊണ്ട് ഞാന്‍ ഉഴപ്പിയിട്ടുണ്ട്. ഒരാഴ്ച സേഫ് ആയി മുന്നോട്ട് പോവാമെന്ന് പ്രിവിലേജ് അവിടേയുണ്ട്.
ടിക്കറ്റ് ടു ഫിനാലെയെ വില കുറച്ച് കാണുകയല്ല. പ്രേക്ഷകരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഞാന്‍ തുടക്കം മുതല്‍ പറയുന്ന കാര്യമാണ്. അവർ വോട്ട് ചെയ്ത് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മാത്രം അവിടെ നില്‍ക്കുക. അതല്ല, പിന്തുണയില്ലെങ്കില്‍ ആ നിമിഷം ഇറങ്ങാനും ഞാന്‍ തയ്യാറായിരുന്നു. കടിച്ചുതൂങ്ങി ഒരു ദിവസം പോലും അവിടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിഷ്ണു ജോഷി പറയുന്നു.
ആശയപരമായി രണ്ട് ദ്രുവങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളാണ് ഞാനും അഖില്‍ മാരാറും. അയാളുടെ ചിന്താഗതിയും എന്റെ ചിന്താഗതിയും വേറെയാണ്. പക്ഷെ ഇതിനെല്ലാം അപ്പുറം സിനിമയും തമാശകളുമാണ് ഞങ്ങളെ അടുപ്പിച്ചത്. ഞാന്‍ ഉദ്ധേശിക്കുന്ന തമാശകളൊക്കെ മറ്റുള്ളവർക്ക് മനസ്സിലായില്ലെങ്കിലും അഖില്‍ മാരാർക്കും ഷിജു ചേട്ടനും പെട്ടെന്ന് തന്നെ മനസ്സിലാവും. സിനിമയേക്കുറിച്ചൊക്കെ ഇരുവരെ കുറേ കാര്യങ്ങള്‍ പറഞ്ഞ് തന്നിട്ടുണ്ടെന്നു താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications