ആ ഒരു വിഷയത്തില്‍ അഖില്‍ മാരാറെ പുറത്താക്കാമായിരുന്നു: എന്നാല്‍ അതിനുള്ള ആളില്ല; പൊളി ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരാർത്ഥികള്‍ക്കിടയിലെ പ്രമുഖ ഗ്രൂപ്പുകളിലൊന്നാണ് അഖില്‍-വിഷ്ണു-ഷിജു ത്രയം. ഇടയ്ക്ക് ചില പ്രശ്നങ്ങളെ തുർന്ന് വിഷ്ണു ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയെങ്കിലും നിലവില്‍ വീണ്ടും സംഘത്തിന്റെ ഭാഗമായി തന്നെയാണ് ഷോയില്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ഗെയിം എന്നതിന് അപ്പുറം വിഷ്ണു മാനസികപരമായി തന്നെ അഖില്‍ മാരാറുമായി അകന്നിട്ടുണ്ടെന്നാണ് കോടതി ടാസ്കിന്റെ ഭാഗമായി ഷോയിലേക്ക് പോയി തിരിച്ച് വന്ന പൊളി ഫിറോസ് അഭിപ്രായപ്പെടുന്നത്.
ബിഗ് ബോസ് എന്നത് ഒരു ഗെയിം ഷോ ആണെന്ന് പറഞ്ഞാലും അതിലും ഒരു ജീവിതമുണ്ട്. അപ്പോള്‍ എത്ര ഗെയിം എന്ന് പറഞ്ഞാലും ഉള്ളില്‍ അകല്‍ച്ചയുണ്ടെങ്കില്‍ അത് പുറത്തും പ്രതിഫലിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ വിഷ്ണു അവരുമായി അകന്നിട്ടുണ്ട്. ഒരു ദിവസം ഷിജു എന്റെ അരികില്‍ വന്ന് വിഷ്ണുവിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ എന്റെ അനിയനെ പോലെ കണ്ട വ്യക്തിയായിരുന്നു വിഷ്ണു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ഷിജുവിന്റെ പരാതി.

വിഷ്ണു ഗ്രൂപ്പില്‍ നിന്ന് മാറിയെങ്കില്‍ അതാണ് അവന്റെ വിജയം എന്ന് ഞാന്‍ മനസ്സില്‍ കരുതിയെങ്കിലും അത് പുറത്ത് പറയാന്‍ പറ്റില്ലാലോ. ഒരിക്കല്‍ അവന്‍ തലവേദനയെടുത്ത് കിടക്കുകയാണെന്ന് വിചാരിച്ചപ്പോള്‍ മുഖത്ത് തൊട്ട് എന്താണ് പറ്റിയതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ വിഷ്ണു വളരെ ദേഷ്യപ്പെടുന്ന രീതിയിലായിരുന്നു സംസാരിച്ചതെന്നും അത് തനിക്ക് വലിയ വിഷമമായെന്നും ഷിജു എന്നോട് പറഞ്ഞിരുന്നുവെന്നും പൊളി ഫിറോസ് വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിജു എന്ന പറയുന്ന വ്യക്തി വളരെ അധികം അറിവുകളുള്ള നല്ലൊരു വ്യക്തിയാണ്. അദ്ദേഹത്തിന് ഷോയില്‍ അഖില്‍ മാരാറുടെ നിഴലായി നില്‍ക്കേണ്ട ആവശ്യമില്ല. പുള്ളിയുടെ തോല്‍വി അവിടെയാണ്. ആദ്യ നാളുകളിലെ ഷിജുവിന്റെ ഗെയിം എടുത്ത് നോക്കിയാല്‍ ആ വ്യത്യാസം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഫിസിക്കല്‍ ടാസ്കുകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചു.
അഖില്‍ മാരാറെ ആശ്രയിക്കാതെ ഷിജു മുന്നോട്ട് പോയിരുന്നെങ്കില്‍ മികച്ചൊരു ഗെയിം ഈ ബിഗ് ബോസില്‍ കണ്ടേനെ. അഖില്‍ മാരാറിന് മികച്ചൊരു എതിരാളിയായി മാറാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കൂട്ടുകെട്ടിന്റെ പേരില്‍ ഒരു നിഴലായി മാറിപ്പോവുകയാണ് ചെയ്യുന്നത്. ഇത് അദ്ദേഹത്തിന് ചേർന്ന ഗെയിം അല്ലെന്നും പൊളി ഫിറോസ് വ്യക്തമാക്കുന്നു.
നീ പലരേയും സുഖിപ്പിച്ചല്ലേ പുറത്ത് ബിസിനസ് ചെയ്യുന്നതെന്ന് അഖില്‍ മാരാർ ശോഭയോട് പറയുന്നത് ഞങ്ങള്‍ അവിടെയുള്ളപ്പോഴാണ്. ആ ഒരു വാക്ക് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മാരാറെ പുറത്താക്കുന്നതിനുള്ള ശ്രമം നടത്താം. പുറത്താക്കുന്നോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. എന്ത് പറഞ്ഞാലും ഇത് വലിയ കണ്ടന്റാണ്. ഒരു മത്സരാർത്ഥിയുടെ ബുദ്ധിയാണ് വിഷയം ഏത് തരത്തില്‍ വളർത്തുന്നു എന്നുള്ളതില്‍ പ്രധാനം.

വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ആ വിഷയത്തില്‍ മാരാറെ പുറത്താക്കിക്കാമായിരുന്നു. എന്നാല്‍ അതുണ്ടാവുന്നില്ല. അല്ലെങ്കില്‍ ആ രീതിയില്‍ മത്സരം മുന്നോട്ട് കൊണ്ടുപോവാന്‍ അവർക്ക് അറിയില്ല. വളരെ കൂളായി എടുത്ത് അവസാനം സോറി പറഞ്ഞ് അവിടെ തീർക്കുകയാണ്. പതിനൊന്നില്‍ പത്ത് പേരും ഇപ്പോഴും മികച്ച ഗെയിം പുറത്തെടുക്കുന്നില്ല. പലരും ഇപ്പോഴും അഖില്‍ മാരാറെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോവുന്നത്.
ആ വിഷയം കേരളത്തിലെ മറ്റ് സംരഭകരായ സ്ത്രീകളെ വിഷമിപ്പിക്കുമോ എന്ന് ചോദിച്ചാല്‍ അത് ഓരോരുത്തരും വിഷയത്തെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. ശോഭ നടത്തുന്നത് വസ്ത്ര വ്യാപാരമാണ്. ഒരാള്‍ വസ്ത്രം വാങ്ങിക്കാന്‍ എത്തുമ്പോള്‍ ഒരു കച്ചവടക്കാരന്‍ ഉപഭോക്താവിനെ സുഖിപ്പിക്കുന്ന വർത്തമാനം പറയുമല്ലോ. അതാണ് താന്‍ ഉദ്ധേശിച്ചതെന്നാണ് അഖില്‍ പറയുന്നത്. അത് പുള്ളിയുടെ മിടുക്ക്.
വിഷയം മാരാർ ഉദ്ധേശിച്ചത് പോലെയല്ലെന്ന് വരുത്തി തീർക്കേണ്ടത് ശോഭയാണ്. എന്നാല്‍ അതിന് സാധിച്ചിട്ടില്ല. മാരാർ മോശമായ രീതിയിലാണ് സംസാരിച്ചതെങ്കില്‍ എനിക്ക് അതിനോട് ഒട്ടും യോജിപ്പില്ല. ഫലത്തില്‍ ഒരു വന്മരത്തെ വെട്ടാനുള്ള അവസരമാണ് ശോഭ ഒഴിവാക്കിയതെന്നും പൊളി ഫിറോസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications