' സിനിമാറ്റിക് കഥ... ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് മറക്കരുത്'; മിഥുനോട് ഷിയാസ് കരീം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അനിയന്‍ മിഥുന്‍ തന്റെ ജീവിതകഥയിലെ ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ഷോ അവതാരകനായ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇതിലെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മേജര്‍ രവി, ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ എന്നിവരും അനിയന്‍ മിഥുനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്.
അതിനിടെ മിഥുന്റെ വുഷു ചാമ്പ്യന്‍ പട്ടവും വ്യാജമാണ് എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസും അനിയന്‍ മിഥുനിനോട് ഇതിനെ പറ്റി ചോദിച്ചറിഞ്ഞിരുന്നു. ഇതിലെല്ലാം മിഥുന്‍ വ്യക്തമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കശ്മീരില്‍ ഒരു കമാന്‍ഡോ പെണ്‍കുട്ടിയുമായി പ്രണയത്തിലായതും ആ പെണ്‍കുട്ടി പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് പറഞ്ഞതുമൊക്കെ ഇപ്പോഴും വിവാദത്തില്‍ തന്നെ നില്‍ക്കുകയാണ്.

കോളേജ് പഠനകാലത്ത് കശ്മീരിലേക്ക് പോയതും അവിടെ നിന്ന് പരിചയപ്പെട്ട സന എന്ന സൈനിക ഉദ്യോഗസ്ഥയുമായുള്ള പ്രണയത്തെ കുറിച്ചുമായിരുന്നു മിഥുന്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ടാസ്‌കില്‍ പറഞ്ഞത്. സന തന്നെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ തനിക്ക് തിരിച്ച് ഇഷ്ടം തോന്നിയിരുന്നില്ലെന്നുമാണ് മിഥുന്‍ പറയുന്നത്. പിന്നീട് താന്‍ ഇഷ്ടം പറയാന്‍ പോയപ്പോഴേക്കും സന കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് മിഥുന്‍ പറഞ്ഞിരുന്നത്.
ദേശീയ പതാക പുതപ്പിച്ച സനയുടെ മൃതദേഹം താന്‍ കണ്ടിരുന്നെന്നും മിഥുന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കഥ വിശ്വാസയോഗ്യമായി തോന്നുന്നില്ലെന്ന് പ്രേക്ഷകരും മോഹന്‍ലാലും പറഞ്ഞിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ പാരാകമാന്റോയില്‍ ഒരു വനിത ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ഇതിന് കാരണമായി പറഞ്ഞത്. മിഥുന്‍ ഗണ്‍ കണ്ടു എന്നൊക്കെ പറയുന്നതിനേയും മോഹന്‍ലാല്‍ പരിഹസിച്ചിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി ഷിയാസ് കരീമും അനിയന്‍ മിഥുന്‍ പറഞ്ഞ കഥയില്‍ വ്യക്തത വേണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. യൂണിവേഴ്‌സല്‍ എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യാഥാര്‍ത്ഥ്യം എന്താണ് എന്ന് മിഥുന്‍ തന്നെ പറഞ്ഞാലേ രക്ഷയുള്ളൂ എന്നും ഷിയാസ് കരീം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'വിശ്വാസയോഗ്യമാണോ അല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ. പക്ഷെ അങ്ങനെ ഒരു സ്‌റ്റോറി ഉണ്ടാകുമോ. ഒരു സിനിമാറ്റിക് സാധനമാണ്. മിഥുനിനെ എന്നെങ്കിലും നേരിട്ട് കാണുമ്പോള്‍ ചോദിക്കാം എന്നല്ലാതെ എന്ത് പറയാനാണ്. ലാലേട്ടന്‍ അത് ചോദ്യം ചെയ്യുന്നതൊക്കെ ഞാന്‍ കണ്ടിരുന്നു. എനിക്കറിയില്ല എന്താണ് എന്ന്. മിഥുനിനോട് എനിക്ക് പറയാനുള്ളത് ഇത് ജനങ്ങള്‍ കാണുന്ന ഷോയാണ് നമ്മള്‍ അതിനകത്ത് എന്ത് നുണ പറഞ്ഞാലും തിരിച്ചറിയും എന്ന് മാത്രമാണ്'.












Click it and Unblock the Notifications