'രഞ്ജു രഞ്ജിമാര്‍ പറഞ്ഞത് അസത്യം; എന്താണ് ലക്ഷ്യമെന്ന് എനിക്കറിയില്ല... ഷൈന്‍ ടോം മിടുക്കന്‍'
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തയാകുന്നതിനിടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ കടുത്ത ആരോപണം ഉന്നയിച്ചത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഷൈന്‍ ടോം ചാക്കോയെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയായിരുന്നു അവരുടെ പ്രതികരണം. ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ ഞാന്‍ കുറേ അനുഭവിച്ചിട്ടുണ്ട് എന്നായിരുന്നു രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.
സിനിമാ സെറ്റില്‍ അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണ് എന്ന് പറയുകയാണ് സംവിധായകന്‍ വികെ പ്രകാശ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വാര്‍ത്താ സമ്മേളനങ്ങളില്‍ ഷൈന്‍ ടോം ചാക്കോയുടെ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ശരീര ഭാഷയും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് ഷൈനിനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. അതിനിടെയാണ് കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന വിവാദമുണ്ടായത്.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നത്. ഷൈന്‍ ടോമിന് വാതില്‍ മാറിപ്പോയതാണ് എന്നായിരുന്നു ഒരു വിശദീകരണം. ഒഴിഞ്ഞ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ച ഷൈനിനെ ജീവനക്കാര്‍ തടഞ്ഞുവെന്നും ഈ വേളയില്‍ അദ്ദേഹം കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചുവെന്നും വിശദീകരണമുണ്ടായി.

ഈ സംഭവം മാധ്യമങ്ങളില്‍ നിന്ന് അകലും മുമ്പാണ് രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോമിനെതിരെ പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം. ഈ നടന്‍ കാരണം ഞാന്‍ കുറേ അനുഭവിച്ചു. കൃത്യസമയത്ത് വരില്ല. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറും. ഷോട്ടിനിടയില്‍ ഓടിപ്പോകും. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ വരെ നീണ്ടുവെന്നും രഞ്ജു രഞ്ജിമാര്‍ ആരോപിച്ചു.

നടന്‍മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടറങ്ങണം. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണ് എന്ന മാന്യത പോലുമില്ലാതെയാണ് സെറ്റില്‍ നിന്ന് ഓടുക. അല്‍പ്പ വസ്ത്രം ധരിച്ച് ഓടിച്ചാടി കളിക്കും. ഇവന്മാരുടെ പേക്കൂത്തുകള്‍ ഇന്‍ഡസ്ട്രി അറിയുന്നില്ലേ. എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നും രഞ്ജു രഞ്ജുമാര്‍ പറഞ്ഞു. ആ നടന്‍ ഇപ്പോള്‍ വിമാനത്തില്‍ കയറാന്‍ പോയിട്ടുണ്ടെന്നും നടനെ സൂചിപ്പിച്ച് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

എന്നാല്‍ രഞ്ജു രഞ്ജിമാര്‍ പറയുന്നത് ശരിയല്ല എന്നാണ് സംവിധായകന്‍ വികെ പ്രകാശ് പറയുന്നത്. ഷൈന്‍ ടോം ചാക്കോ നന്നായി സഹകരിച്ചാണ് വര്‍ക്ക് ചെയ്യുന്നത്. ഇല്ലാത്തതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. കൃത്യസമയത്ത് വരുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. എന്തിനാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ എന്നും വികെ പ്രകാശ് ചോദിക്കുന്നു.

വികെ പ്രകാശിന്റെ വാക്കുകള്‍ ഇങ്ങനെ- ഞാൻ സംവിധാനം ചെയ്യുന്ന LIVE സിനിമയുടെ crew ൻ്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റ്നെ പറ്റി ഇല്ലാത്തതും അപകീർത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.
നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും , കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ .
അനവസരത്തിലുളളഅസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല.
ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ












Click it and Unblock the Notifications