പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍
കൊച്ചി: പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷറഫുദ്ദീന്‍. ഏതാനും സീനുകളില്‍ മാത്രമേ താരം എത്തുന്നുള്ളൂ എങ്കിലും പ്രേമത്തിലെ ഷറഫുദ്ദീന്റെ കഥാപാത്രം മലയാളികള്‍ മറക്കില്ല. തനിക്ക് ഇത്തരം കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും സിനിമ തിരഞ്ഞെടുക്കുമ്പോള്‍ മുഴുനീള കഥാപാത്രം വേണമെന്നില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു.
സമീപ കാലത്ത് ചര്‍ച്ചകളില്‍ ഏറെ നിറഞ്ഞുനിന്ന നടിമാരാണ് പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ താരങ്ങള്‍. ഇവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഷറഫുദ്ദീന്‍ നടിമാരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിനാണ് ഷറഫുദ്ദീന്‍ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സിനിമാ മേഖലയിലെ പുരുഷ മേല്‍ക്കോയ്മക്കെതിരെ നിരന്തരം ശബ്ദിച്ചിരുന്ന നടിമാരാണ് പാര്‍വതിയും റിമ കല്ലിങ്കലും പത്മപ്രിയയുമുള്‍പ്പെടെയുള്ള താരങ്ങള്‍. ഇതാകട്ടെ, സിനിമാ ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അശ്ലീലം കലര്‍ന്ന ഹാസ്യങ്ങള്‍ ഒഴിവാക്കുന്നതിനും ബോഡി ഷെയ്മിങ് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ഇല്ലാതാക്കുന്നതിലും ഇവരുടെ പ്രതികരണങ്ങള്‍ കാരണമായി എന്ന് പറയാം.

സൂപ്പര്‍ സ്റ്റാറുകളുടെ കഥാപാത്രങ്ങള്‍ പുരുഷ മേല്‍ക്കോയ്മ നിലനിര്‍ത്തിയുള്ള സംഭാഷങ്ങള്‍ നടത്തുന്നതിനെതിരെ പാര്‍വതി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ കസബയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വലിയ വിവാദവുമായിരുന്നു. എന്നാല്‍ ഇതെല്ലാം ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

പാര്‍വതിയും ഷറഫുദ്ദീനും കഥാപാത്രങ്ങളായ സിനിമകളാണ് ആര്‍ക്കറിയാം, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയവ. മാത്രമല്ല, ഭാവനയ്‌ക്കൊപ്പമുള്ള ഷറഫുദ്ദീന്റെ പുതിയ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രമേണ്ടാര്‍ന്ന് എന്നത്. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളികള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഷറഫുദ്ദീനും വിന്‍സി അലോഷ്യസും ഒന്നിച്ചെത്തുന്ന സിനിമയാണ് 1744 വൈറ്റ് ആള്‍ട്ടോ. ഈ ചിത്രത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ അഭിമുഖത്തിലാണ് പാര്‍വതി, ഭാവന തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട നടിമാരുടെ രാഷ്ട്രീയത്തോടും നിലപാടുകളോടുമുള്ള ഷറഫുദ്ദീന്റെ പ്രതികരണം ചോദിച്ചത്. വ്യത്യസ്തമായിരുന്നു താരത്തിന്റെ പ്രതികരണം.

പാര്‍വതി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞ ഷറഫുദ്ദീന്‍ അവരുടെ പല നിലപാടുകളും അഭിനന്ദനാര്‍ഹമാണ് എന്ന് അഭിപ്രായപ്പെട്ടു. ഒട്ടേറെ മാറ്റങ്ങള്‍ക്ക് അവരുടെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ സിനിമാ ലൊക്കേഷനുകളില്‍ താന്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ഈ നടിമാരുമായുള്ള സംഭാഷണങ്ങള്‍ ഷറഫുവിന്റെ മിസ് ബിലീവ്‌സ് മാറ്റാന്‍ എത്രത്തോളം കാരണമായിട്ടുണ്ട് എന്നായിരുന്നു ചോദ്യം. തനിക്ക് മിസ് ബിലീവ്‌സ് ഉണ്ടെന്ന് ആര് പറഞ്ഞു എന്ന് ഉടന്‍ ഷറഫു ചിരിച്ചുകൊണ്ട് പ്രതികരിച്ചു. സിനിമാ സെറ്റില്‍ അവരുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ ആ രീതിയില്‍ കാണാറില്ലെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.

നിലപാടുകള്‍ കൊണ്ടും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കൊണ്ടും അവര്‍ എവിടെ നില്‍ക്കുന്നു എന്ന് നോക്കിയല്ല ഇടപെടാറ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മാത്രമേ കാണാറുള്ളൂ. കൂടെ വര്‍ക്ക് ചെയ്യുന്ന വ്യക്തി എന്ന രീതിയാലാണ് ഇടപെടാറ്. സിനിമാ സെറ്റില്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ഞാന്‍ പത്രം വായിക്കാറുണ്ട്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാറുണ്ട്. ഈ വേളയില്‍ ഇവരുടെ പ്രതികരണങ്ങളും കാണാറുണ്ട്. അംഗീകരിക്കുന്ന ഒരുപാട് നിലപാടുള്ളവരാണ് അവര്‍. ഇക്കാലഘട്ടത്തില്‍ ശബ്ദം ഉയര്‍ത്തിയവരാണ്. ആ രീതിയില്‍ അവരെ അംഗീകരിക്കുന്നു. സമൂഹം കണ്ടീഷന്‍ ചെയ്തുവച്ചിരിക്കുന്ന തോന്നലുകളെ ഇവര്‍ മാറ്റിയിട്ടുണ്ട്. പുരുഷന്‍മാരിലും സ്ത്രീകളിലും ഇതുമൂലം മാറ്റമുണ്ടായിട്ടുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications