ആണുങ്ങള്‍ക്ക് പ്രായം തോന്നില്ല; കാരണമുണ്ടെന്ന് നടി ചാര്‍മിള... എന്നെ പറ്റിച്ചവരെ സമ്മതിക്കണം
തിരുവനന്തപുരം: ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചാര്‍മിള. പിന്നീട് പല കാരണങ്ങളാല്‍ സാന്നിധ്യം കുറഞ്ഞു. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികള്‍ക്ക് സുപചരിതമാണ്. മകന്‍ പിറന്ന ശേഷം ചെന്നൈ വിട്ടുള്ള യാത്ര കുറച്ചു. ചാര്‍മിള എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നും കാബൂളിവാലയിലും കേളിയിലും ധനത്തിലുമെല്ലാം കണ്ട മുഖമാണ്. ഇന്ന് 47 വയസായിരിക്കുന്നു. അതിന്റേതായ മാറ്റങ്ങള്‍ എന്നിലുണ്ടാകുമെന്ന് ചാര്‍മിള പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യന്‍ എന്ന സിനമിയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചിരുന്നു ചാര്‍മിള. ഇപ്പോള്‍ വീണ്ടും ചാര്‍മിള മലയാള സിനിമയില്‍ സജീവമായി വരികയാണ്. പിന്നിട്ട കാലത്തെ കുറിച്ച് അവര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്....

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ധനം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചാര്‍മിള എത്തിയത്. അച്ഛന്‍ ആദ്യം ചില തടസങ്ങള്‍ പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. പഠനത്തില്‍ പിന്നാക്കം പോകരുത് എന്ന് മാത്രമായിരുന്നു അച്ഛന്റെ ഉപദേശം. മോഹന്‍ലാലിന്റെ നായികയായി എത്തുന്നതു കൊണ്ടുതന്നെ സിനിമ മതിയെന്ന മട്ടായിരുന്നു ചാര്‍മിളയ്ക്ക്.

അവധികാലത്ത് അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിച്ചു. ധനം, കേളി എന്നിവയെല്ലാം സ്‌കൂള്‍ അവധിക്കിടെ അഭിനയിച്ച സിനിമകളാണ്. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ ചാര്‍മിളയ്ക്ക് പരീക്ഷാ സമയം ആയിരുന്നു. ഷൂട്ടിങ് സെറ്റിലിരുന്ന് പഠിച്ചതെല്ലാം അവര്‍ ഓര്‍ക്കുന്നു. കെ ബാലാജി വഴിയാണ ചാര്‍മിള സിനിമയിലെത്തുന്നത്. നടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ബാലാജിയും ശിവാജി ഗണേശനുമെല്ലാം.

ഇന്ന് അച്ഛനില്ല. അമ്മ കിടപ്പിലും. ഷൂട്ടിങിന് പുറത്ത് പോകുമ്പോള്‍ അമ്മയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ ഏല്‍പ്പിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കുറയുമെന്നാണ് ചാര്‍മിളയുടെ അഭിപ്രായം. പുരുഷന്‍മാര്‍ക്ക് ഉത്തരവാദിത്തം കുറവാണ്. അതുകൊണ്ടാണ് ആണുങ്ങള്‍ എപ്പോഴും ചെറുപ്പമായിരിക്കുന്നതെന്നും ചാര്‍മിള പറയുന്നു.

13 വയസുള്ളപ്പോഴാണ് സിനിമയില്‍ സജീവമായത്. കേളിയും ധനവുമെല്ലാം കണ്ട് അതുപോലെ തന്നെ ഇപ്പോഴുമുണ്ടാകുമെന്ന് കരുതിയാല്‍ ഞാനെന്ത് ചെയ്യാനാണ്. ഇന്ന് 47 വയസായി. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്നും ചാര്‍മിള പറയുന്നു. സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ഇനി ഇഷ്ടപ്പെടുന്നത്. വിക്രമാദിത്യനിലെ ക്യാരക്ടര്‍ കുറച്ചേയുണ്ടായിരുന്നുള്ളൂ എന്നും ചാര്‍മിള പറയുന്നു.

ഒരു സിനിമിയില്‍ അമ്മ വേഷം ചെയ്തു. ഗ്രാനി എന്ന സിനിമയില്‍ അമ്മൂമയായും വേഷമിട്ടു. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ല. എങ്കിലും പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലും വേണം. മലയാള സിനിമയില്‍ ആദ്യത്തില്‍ ഏകദേശം സമാനമായ വേഷങ്ങളാണ് തനിക്ക് ലഭിച്ചത്. അല്‍പ്പം വ്യത്യസ്തമായ കഥാപാത്രം കിട്ടിയത് കാബൂളിവാലയിലാണെന്നും ചാര്‍മിള സൂചിപ്പിക്കുന്നു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

എന്റെ ജീവിതത്തില്‍ ഏല്‍ക്കേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതാണ്. കുടുംബ ജീവിതത്തില്‍ പരാജയങ്ങളുണ്ടായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളേയായിട്ടുള്ളൂ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് തമിഴ് സിനിമകള്‍ ചെയ്തിരുന്നു. മകന് മൂന്നര വയസാകുന്നത് വരെ ചെന്നൈ വിട്ട് പോയിരുന്നില്ല. അന്ന് തമിഴ് സിനിമകള്‍ മാത്രമാണ് ചെയ്തതെന്നും ചാര്‍മിള പറയുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ചാര്‍മിള. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദവുമുണ്ട്. തന്നെ വേഗത്തില്‍ ആര്‍ക്കും പറ്റിക്കാന്‍ സാധിക്കില്ലെന്ന് ചാര്‍മിള പറയുന്നു. എന്നെ കബളിപ്പിച്ചവര്‍ അതീവ ബുദ്ധിശാലികള്‍. അവരെ സമ്മതിച്ചേ പറ്റൂ. നമ്മള്‍ ചിലരെ വിശ്വസിച്ചാണ് ചില തീരുമാനങ്ങളെടുക്കുന്നത്. വിശ്വസിക്കുന്നവര്‍ പറ്റിച്ചാല്‍ എന്തു ചെയ്യുമെന്നും ചാര്‍മിള ചോദിക്കുന്നു.












Click it and Unblock the Notifications