'രിസബാവയെ വഴിതെറ്റിച്ച മിമിക്രിക്കാരന്‍' ഞാനല്ല; എന്തിനീ ഇല്ലാക്കഥ... കലാഭവന്‍ അന്‍സാര്‍ പറയുന്നു
കൊച്ചി: പ്രശസ്ത നടന്‍ രിസബാവ ദിവസങ്ങള്‍ക്ക് മുമ്പാണ് വിടപറഞ്ഞത്. അദ്ദേഹത്തെ അനുസ്മരിച്ച് ആലപ്പി അഷറഫ് എഴുതിയ കുറിപ്പില്‍ രിസബാവയ്ക്ക് ഇന്‍ഹരിഹര്‍ നഗറിലെ വില്ലന്‍ കഥാപാത്രമായി വേഷമിട്ടതിന് ശേഷം വിവിധ ഭാഷകളില്‍ നിന്ന് ഒട്ടേറ അവസരങ്ങള്‍ വന്നുവെന്നും എന്നാല്‍ അദ്ദേഹം ചെയ്തില്ലെന്നും പറഞ്ഞിരുന്നു. ഇതിന് കാരണം ഒരു മിമിക്രിക്കാരനായ സുഹൃത്താണെന്ന് രിസബാവ തന്നോട് പറഞ്ഞുവെന്നായിരുന്നു ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്.
ആ വ്യക്തി തന്റെ കൂടി സുഹൃത്താണെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ഇതിനോട് പ്രതികരിച്ച് രിസബാവയുടെ അടുത്ത സുഹൃത്തായ കലാഭവന്‍ അന്‍സാര്‍ രംഗത്തുവന്നു. തന്നെ ലക്ഷ്യമിട്ട് എന്തിനാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മലയാളികള്‍ എക്കാലത്തും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ്. ആ വേഷം അനശ്വരമാക്കിയ നടനായിരുന്നു രിസബാവ. ഹരിഹര്‍ നഗറില്‍ അഭിനയിച്ച ശേഷം രിസബാവയെ തേടി ഒട്ടേറെ അവസരങ്ങള്‍ വന്നുവെന്നും എന്നാല്‍ എല്ലാം അദ്ദേഹം നിരസിച്ചുവെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. അതിന് കാരണം എന്താണെന്ന് പിന്നീട് രിസബാവ തന്നോട് പറഞ്ഞുവെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ക്കുന്നു.

വില്ലന്‍ തരംഗമായി മാറിയ സിനിമയായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. അതിന്റെ നിര്‍മാണത്തില്‍ ഞാനും പങ്കാളിയായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. വന്‍ വിജയമായതോടെ മിക്ക ഭാഷകളില്‍ നിന്നും ചിത്രം റിമേക്ക് ചെയ്യാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വന്നു. കഥ വില്‍ക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി സംവിധായകരായ സിദ്ദിഖ്-ലാല്‍ എന്റെ പേരിലാണ് എഴുതി വച്ചതെന്നും അതുകൊണ്ടുതന്നെ നിരവധി നിര്‍മാതാക്കള്‍ എന്നെയാണ് സമീപിച്ചിരുന്നതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

മിക്ക നിര്‍മാതാക്കള്‍ക്കും സിനിമ നിര്‍മിക്കാനുള്ള അവകാശം ലഭിക്കുന്നതിനൊപ്പം ഒരു ആവശ്യം കൂടിയുണ്ടായിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ രിസബാവ തന്നെ വേണം എന്നതായിരുന്നു അത്. അവര്‍ക്ക് വേണ്ടി ഞാന്‍ രിസബാവയുമായി സംസാരിച്ചെന്നും എന്നാല്‍ രിസബാവ പിന്‍മാറുകയാണ് ചെയ്തതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. മറ്റു ഭാഷകളില്‍ വില്ലന്‍ വേഷം വേറെ നടന്‍മാര്‍ പിന്നീട് ചെയ്തു.

കാലങ്ങള്‍ക്ക് ശേഷം രിസബാവയോട് ഇതേപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞുകൊണ്ടാണ് മറുപടി നല്‍കി. എന്റെ ഒപ്പം നടന്ന വിശ്വസ്ത സ്‌നേഹിതന്‍ വഴിതെറ്റിച്ചതാണിക്കാ എന്ന് രിസബാവ പറഞ്ഞുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ഇന്‍ഹരിഹര്‍ നഗര്‍ ഹിറ്റായത് നിന്നെ കൊണ്ടാണ്. നീയില്ലെങ്കില്‍ ആ സിനിമയില്ല. വമ്പന്‍ നടന്‍മാര്‍ക്കൊപ്പം ഇനി അഭിനയിച്ചാല്‍ മതി. അവസരങ്ങള്‍ തേടി വരുമെന്നും ആ സുഹൃത്ത് പറഞ്ഞപ്പോള്‍ വിശ്വസിച്ചുപോയി ഇക്കാ എന്ന് രിസബാവ പറഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് എഴുതുന്നു. ആ വ്യക്തി ആരാണെന്ന് തന്നോട് പറഞ്ഞുവെന്നും അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാനരായിരുന്നു എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

എന്നെ ലക്ഷ്യമിട്ട് ചിലര്‍ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നായിരുന്നു കലാഭവന്‍ അന്‍സാറിന്റെ മനോരമ ഓണ്‍ലൈനിനോടുള്ള പ്രതികരണം. രിസയെ ഞാന്‍ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല. ഞാന്‍ മനസ് കൊണ്ട് അറിയാത്ത കാര്യമാണത്. കഥ പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കലാഭവന്‍ അന്‍സാര്‍ പറഞ്ഞു.
നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

ചെറുപ്പം മുതല്‍ ഞാനും രിസയും സുഹൃത്തുക്കളാണ്. അദ്ദേഹം നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളാണ് സിദ്ദിഖ്-ലാല്‍. അവര്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അവരോട് രിസയെ കുറിച്ച് ഞാന്‍ പറയുകയായിരുന്നു. സിദ്ദിഖ്-ലാല്‍ രഘുവരന്റെ ഡേറ്റാണ് ആദ്യം നോക്കിയത്. പിന്നീട് അവര്‍ രിസയെ തേടിവന്നു. വില്ലന്‍ കഥാപാത്രം ചെയ്യാന്‍ രിസയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും കലാഭവന്‍ അന്‍സാര്‍ പറയുന്നു.

ഡോക്ടര്‍ പശുപതിയില്‍ രിസ അഭിനയിക്കാന്‍ ഞാനും നിമിത്തമായിട്ടുണ്ട്. ജോണ്‍ ഹോനായ് വേഷം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ജോണ്‍ ഹോനായ് പിറക്കുന്നത്. ഇപ്പോള്‍ മരണ ശേഷം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. ഞാന്‍ രിസയെ തടഞ്ഞിട്ടില്ല. രിസ വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല. അതായിരിക്കാം പല ചിത്രങ്ങളും നിരസിച്ചതെന്നും കലാഭവന്‍ അന്‍സാര്‍ പറയുന്നു.


Click it and Unblock the Notifications