മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍
കോഴിക്കോട്: പ്രതിസന്ധികള്‍ മറികടന്ന് കുതിച്ചവര്‍ തന്നെയാണ് മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുള്ളത്. ഇന്ന് നാം കാണുന്ന പല പ്രമുഖര്‍ക്കും ഇത്തരത്തില്‍ ജീവിതത്തില്‍ കയ്‌പേറിയ അനുഭവങ്ങള്‍ പറയാനുണ്ടാകും. പിന്നീട് വന്‍ പടവുകള്‍ കയറിയതിന്റെയും. ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ് കോഴിക്കോട്ടുകാരന്‍ വിനോദ് കോവൂര്‍.
സ്‌റ്റേജ് ഷോയും, ടെലിവിഷന്‍ പരമ്പരകളുമെല്ലാം ചെയ്ത വിനോദ് കോവൂര്‍ ഒട്ടേറെ സിനിമകളില്‍ രസകരമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പിന്നിട്ട വഴികളില്‍ കയ്‌പേറിയ അനുഭവങ്ങളും നിരവധിയാണ്. ഒരു മാധ്യമത്തോടാണ് ഇക്കാര്യം വിനോദ് വിശദീകരിച്ചത്. അതിങ്ങനെ...

സ്‌റ്റേജ് ഷോകളിലും മറ്റും ചെറിയ കോമഡികളുമായി എത്തുന്ന വിനോദിനെയാണ് ആദ്യം മലയാളികള്‍ കണ്ടിരുന്നത്. മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന ഹാസ്യ പരമ്പര വിനോദ് കോവൂര്‍ എന്ന താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. വിനോദ് കോവൂര്‍ എന്നതിനേക്കാള്‍ അദ്ദേഹം അറിയപ്പെടുന്നത് എം80 മൂസ എന്ന പേരിലാണ്. മൂസയും പാത്തുവും ഉള്‍പ്പെടുന്ന സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച വേളയിലുണ്ടായ ചില കാര്യങ്ങള്‍ വിനോദ് കോവൂര്‍ പങ്കുവച്ചു. മമ്മൂട്ടിയുടെ കൈയ്യില്‍ പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി കൈ തരാന്‍ തയ്യാറായില്ല. ഇത് വിനോദിനെ അമ്പരപ്പിച്ചു. ക്ഷുഭിതനായി മമ്മൂട്ടി കൈവലിച്ചപ്പോള്‍ സംവിധായകനകടക്കം ഭയന്നുപോയി. എല്ലാം കഴിഞ്ഞുവെന്ന് വിനോദും കരുതി. മമ്മൂട്ടിയുടെ തമാശയായിരുന്നു അത് എന്ന് പിന്നീടാണ് അറിഞ്ഞതെന്ന് വിനോദ് പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരു വേള വിനോദിന്റെ ജീവിതത്തിലും കടന്നുപോയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിലാണ് സംഭവം. എംടിയുടെ സിനിമയില്‍ അവസരം ലഭിച്ചു. എംടി തിരക്കഥ, സേതുമാധവന്‍ സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ വിനോദ് ആണ് എന്നായിരുന്നു ലഭിച്ച വിവരം. സന്തോഷത്തോടെയാണ് ഷൂട്ടിങിന് പുറപ്പെട്ടത്. പിന്നീട് കാര്യങ്ങള്‍ മാറി...

കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷത്തോടെയാണ് ഷൂട്ടിങിന് വേണ്ടി യാത്രയാക്കിയത്. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് വേറെ ചിലരാണ് അഭിനയിക്കുന്നത് എന്ന്. വിനോദ് കോവൂര്‍ അഭിനേതാക്കളില്‍ ഇല്ലായിരുന്നു. കടുത്ത മാനസിക വിഷമം കാരണം എല്ലാം അവസാനിപ്പിക്കാന്‍ ഒരുങ്ങി. ആത്മഹത്യാ കുറിപ്പെഴുതി. മറ്റു ചില ചിന്തകള്‍ തീരുമാനം മാറ്റാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും വിനോദ് പറയുന്നു.

അച്ഛനെയും അമ്മയെയും കുടുംബത്തെയുമെല്ലാം ഓര്‍ത്തപ്പോഴാണ് താന്‍ ആത്മഹത്യാ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് വിനോദ് കോവൂര്‍ ഓര്‍ത്തെടുക്കുന്നു. എം80 മൂസ എന്ന പരമ്പരയാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് വിനോദ് പറയുന്നു. അതുവരെ നിലനിന്നിരുന്ന സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു എം80 മൂസ. വലിയ വീടുകളിലെ കഥ പറയുന്ന സീരിയലുകള്‍ നിരവധിയാണ്. എം80 മൂസയാകട്ടെ സാധാരണ കുടുംബത്തിന്റെ കഥയായിരുന്നു.

എം80 മൂസ ചെയ്യുന്നവേളയില്‍ തന്നെ സിനിമകളിലും അഭിനയിച്ചിരുന്നു. സിനിമയ്ക്കായി താടിയും മുടിയുമെല്ലാം വെട്ടും. അത് എം80 മൂസയില്‍ അഭിനയിക്കുന്നതിന് തടസമാകുമെന്ന് അറിയിച്ചപ്പോള്‍ സിനിമയ്ക്ക് അത് നിര്‍ബന്ധമാണെന്ന് സംവിധായകന്‍ പറഞ്ഞു. അവിടെ മമ്മൂക്ക പറഞ്ഞ പരിഹാരമാണ് സഹായകമായത്. ഉംറ കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞാല്‍ മതി എന്നായിരുന്നു മമ്മൂക്കയുടെ നിര്‍ദേശം. അത് അടുത്ത എപ്പിസോഡില്‍ ഉപയോഗിക്കുകയും ചെയ്തുവെന്നും വിനോദ് പറയുന്നു.

നിരവധി വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാസത്തില്‍ നാല് തവണ വരെ ഗള്‍ഫില്‍ പോയ അസവരവുമുണ്ടായി. കോവിഡിന് ശേഷവും ഗള്‍ഫില്‍ പോയിരുന്നു. ആളുകള്‍ അപ്പോഴും എന്നെ മൂസക്കയായാണ് കാണുന്നതെന്ന് വിനോദ് പറയുന്നു. എം80 മൂസ ജനങ്ങള്‍ക്ക് ഒരു ടെന്‍ഷന്‍ ഫ്രീ ക്യാപ്‌സ്യൂളാണെന്നും വിനോദ് പറഞ്ഞു.












Click it and Unblock the Notifications