പ്രസവിച്ചപ്പോള്‍ കുട്ടിയുടെ നിറമാണ് ഡോക്ടറോട് ചോദിച്ചത്, വെളുത്ത കുട്ടിയെ ആഗ്രഹിച്ചെന്ന് സയനോര
ഗായിക സയനോര അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വലിയ തോതില്‍ ആക്രമണത്തിന് ഇരയായിരുന്നു. സയനോര ഷോര്‍ട്‌സ് ധരിച്ച ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരുടെ നിറത്തെയും ശരീരത്തെയും വരെ അപഹസിച്ച് കമന്റുകള്‍ വന്നിരുന്നു.ഗായിക സിത്താര അടക്കം സയനോരയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് തക്ക മറുപടിയും സയനോര നല്‍കിയിരുന്നു.
ഇപ്പോഴിതാ അതിനോടെല്ലാം പ്രതികരിച്ചിരിക്കുകയാണ് നടി. ഇടി ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ പല തവണ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. പുരോഗമന ചിന്ത എന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിനെതിരായി കാണുന്നവരാണ് പലരുമെന്ന് സയനോര പറയുന്നു.

ഇന്ത്യക്കാര്‍ക്ക് വെളുത്ത നിറത്തോട് പ്രത്യേക താല്‍പര്യമുണ്ട്. ഒരു തരം ഭ്രാന്തമായ സ്‌നേഹമാണത്. ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ളതാണ് അത്. വെളുത്ത നിറമാണ് സൗന്ദര്യം എന്നുള്ളത് ബ്രിട്ടീഷുകാരുടെ സ്വാധീനം കാരണമാണ് ഉണ്ടായത്. ദ്രാവിഡ വിഭാഗക്കാര്‍ ശരിക്കും ഇരുണ്ട നിറമുള്ളവരായിരുന്നു. അവര്‍ ഒരു ഘട്ടത്തില്‍ ഇംഗ്ലീഷുകാരുടെ നിറമാണ് മികച്ചതെന്ന് കരുതാന്‍ തുടങ്ങി. അതിലൂടെയാണ് വെളുത്ത നിറം എന്നത് ഒരു വലിയ ഭ്രാന്തായി മാറിയത്. ഈ പുരുഷന്മാരെ മാത്രം കുറ്റം പറയാനാവില്ല. അവര്‍ വളര്‍ന്നുവരുമ്പോള്‍ ഉണ്ടാവുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കാഴ്ച്ചപ്പാടുകളാണ് സോഷ്യല്‍ മീഡിയയിലൊക്കെ കാണിക്കുന്നത്. ഇവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ അടക്കം പ്രശ്‌നങ്ങളുണ്ടാവും.

വളര്‍ന്നുവന്നപ്പോള്‍ എന്റെ കാര്യവും ഇത് തന്നെയായിരുന്നു. നിറത്തിന്റെ കാര്യത്തില്‍ എനിക്ക് ഭയങ്കര അരക്ഷിതാവസ്ഥയായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ വെളുത്ത ഒരു സ്ത്രീ എന്റെ അടുത്ത് വന്ന് നിന്നാല്‍ അവരുമായി തന്റെ നിറത്തെ താരതമ്യം ചെയ്ത് നോക്കാറുണ്ടായിരുന്നു ഞാന്‍. അവരുടെ നിറത്തെ അപേക്ഷിച്ച് എത്രത്തോളം കറുത്തവളാണ് ഞാനെന്നായിരുന്നു ചിന്തിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ആണ്‍കുട്ടികളുമായി സംസാരിക്കുന്നത് കാണാറുണ്ടായിരുന്നു. എന്നാല്‍ എന്നോട് ആരും സംസാരിക്കാന്‍ വരില്ല. ഒരാളും എന്നെ പ്രണയിക്കാന്‍ വരില്ലെന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. എനിക്ക് പ്രണയലേഖനങ്ങളൊന്നും ലഭിച്ചില്ല. ജീവിതത്തെ കുറിച്ച് ഒട്ടും പ്രതീക്ഷ അപ്പോഴില്ലായിരുന്നു.

കോളേജില്‍ ചേര്‍ന്നതിന് ശേഷമാണ് എനിക്ക് ശരിക്കും ആത്മവിശ്വാസം വരാന്‍ തുടങ്ങിയത്. ഞാന്‍ ഗിറ്റാര്‍ വായിക്കാന്‍ തുടങ്ങി. ആളുകള്‍ അപ്പോഴാണ് എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. ആളുകളുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ അപ്പോഴാണ് തുടങ്ങിയത്. പക്ഷേ അതിന് മുമ്പ് തന്നെ ഞാന്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. നെഗറ്റീവ് ബോഡി ഇമേജിനെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ അരക്ഷിതാവസ്ഥയിലായിരുന്നു ഞാന്‍. ഈ അപമാനിക്കലുകള്‍ കാരണം ഒരു വെളുത്ത് കുട്ടിക്ക് ജന്മം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പ്രസവത്തിന് ശേഷം കുട്ടിയുടെ നിറമെന്താണെന്നാണ് ഞാന്‍ ഡോക്ടറോട് ചോദിച്ചതെന്നും സയനോര വെളിപ്പെടുത്തി.

കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും ഞാന്‍ ഡോക്ടറോട് ചോദിച്ചിരുന്നില്ല. അത് പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ കുട്ടി വെളുത്ത നിറമാണോ എന്ന് മാത്രമായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വളരെ മോശം തോന്നുന്നു. ആ സമയത്ത് ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ നിര്‍ബന്ധിതയായിരുന്നു. ആര്‍ക്കും അത്തരമൊരു അവസ്ഥയുണ്ടാവരുതെന്നാണ് ആഗ്രഹം. ഏതൊരു പെണ്‍കുട്ടിക്കും അവരുടെ ശരീരത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ സാധിക്കണം. എന്റെ മകള്‍ വളര്‍ന്ന് വരികയാണ്. അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും സയനോര പറഞ്ഞു.

ഇപ്പോള്‍ കാലം മാറിവരികയാണ്. നമ്മള്‍ സ്ഥിരരമായി കണ്ടിരുന്ന കാര്യങ്ങള്‍ തകര്‍ത്തെറിയപ്പെടുകയാണ്. കറുത്ത നിറമുള്ളവരിലും സൗന്ദര്യമുണ്ടെന്ന് കണ്ടെത്താന്‍ നമുക്ക് സാധിക്കുന്നു. സൗന്ദര്യം എന്നത് നിങ്ങളുടെ നിറത്തിലോ ശരീരത്തിലോ അല്ല. മറ്റ് പല കാര്യങ്ങളിലുമാണ്. ഒരാളെ വ്യക്തിപരമായി അറിഞ്ഞാല്‍ അയാളുടെ സൗഹൃദം ഞാന്‍ മതിക്കുന്ന കാര്യമാണ്. അതിന് ആ വ്യക്തി ധരിച്ചിരിക്കുന്ന ഡ്രസ്സോ, മതമോ സാമൂഹിക സാഹചര്യമോ ഒന്നും വിഷയമല്ല. നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കണമെങ്കില്‍ പരസ്പരം ബഹുമാനിക്കണം. ഒരാളുടെ വസ്ത്രമോ നിറമോ മതമോ ഒന്നും നോക്കി അയാളെ വിലയിരുത്താന്‍ നില്‍ക്കരുത്. കണ്ണ് തുറന്ന് നോക്കിയാല്‍ അറിയാം, ഈ ലോകം എത്ര സുന്ദരമാണെന്ന്.

ഈ മഹാമാരി കാലം എന്നെ സംബന്ധിച്ച് വളരെ നിരാശ നിറഞ്ഞ നാളുകളായിരുന്നു. വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു മുമ്പുണ്ടായിരുന്നു. പുതിയ ഗാനങ്ങള്‍ ഉണ്ടാക്കിയും, സ്റ്റേജ് ഷോകളില്‍ പെര്‍ഫോം ചെയ്തും വളരെ തിരക്കേറിയ ജീവിതമായിരുന്നു നയിച്ചത്. എനിക്കൊന്ന് ശ്വാസം വിടാനുള്ള സമയം പോലുമില്ലായിരുന്നു. ഈ തിരക്കേറിയ ജീവിതത്തില്‍ ശരിക്കും ലോക്ഡൗണ്‍ അനുഗ്രഹമായി. എന്താണ് ഞാനെന്ന വ്യക്തിയെന്ന് തിരിച്ചറിയാന്‍ ഈ നാളുകളാണ് സഹായിച്ചത്. സോഷ്യല്‍ മീഡിയയിലെ ഇമേജിന് പുറത്ത് ഒരു വ്യക്തിക്ക് ധാരാളം കാര്യങ്ങളുണ്ടെന്നും സയനോര പറയുന്നു. എല്ലാവര്‍ക്കും അവരുടേതായ കഷ്ടപ്പാടുകളും ഉണ്ടാവും.

താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത വീഡിയോ തമാശയ്ക്കുള്ളതായിരുന്നു. ശരിക്കും അത് നല്ല രസമുണ്ടായിരുന്നു. അതുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ ഷോര്‍ട്‌സ് ധരിച്ചിരിക്കുകയാണെന്നോ ആളുകള്‍ എന്റെ കാലിലേക്ക് നോക്കുമെന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്നാണ് മോശം കമന്റുകള്‍ വരാന്‍ തുടങ്ങിയത്. ഇത തന്റെ മകളോട് പറഞ്ഞപ്പോള്‍ അവളാകെ ദേഷ്യത്തിലായിരുന്നു. എന്തൊരു മോശമാണ് ഇതെന്നായിരുന്നു അതിനോടുള്ള അവളുടെ പ്രതിരണം. എന്റെ ആരാധികയാണെന്നും പറഞ്ഞ് ഒരു സ്ത്രീ എനിക്ക് പേഴ്‌സണല്‍ മെസേജ് അയച്ചു. എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നായിരുന്നു ചോദ്യം.
Recommended Video

നമ്മളൊക്കെ അമ്മമാരാണ്. അതാണ് ഞാന്‍ പറയുന്നത്. നമുക്ക് ഇത്തരം വസ്ത്രങ്ങള്‍ പറ്റില്ല എന്നൊക്കെയായിരുന്നു ആ ആരാധിക തന്നോട് പറഞ്ഞതെന്നും സയനോര വെളിപ്പെടുത്തി. വിവാദം കത്തിക്കയറിയപ്പോള്‍ ഞാന്‍ മറുപടിയായി മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അത് മാസങ്ങള്‍ക്ക് മുമ്പെടുത്തതാണ്. അത് ഞാന്‍ അന്നത്തെ പേടി കാരണം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ സൈബര്‍ ആക്രമണം കൂടിയതോടെ അത് പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മകളുടെ അനുമതിയും അതിനുണ്ടായിരുന്നു. എന്റെ കാലുകള്‍ മനോഹരമാണ്. അതെനിക്ക് ഒരുപാട് ഇഷ്ടവുമാണ്. ഇത്തരം സങ്കല്‍പ്പങ്ങളില്‍ വീണുപോകരുതെന്നാണ് മകളോട് പറഞ്ഞിരിക്കുന്നത്. ആളുകള്‍ എന്നെ കുറിച്ച് എന്ത് പറയുന്നു എന്നതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സയനോര പറഞ്ഞു.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications