'ബാർബർ ഷോപ്പിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്‌റ്റാർ, അതാണ് പൃഥ്വിരാജ്'; മണിയൻ പിള്ള രാജു പറയുന്നു
മലയാളികളുടെ പ്രിയ താര സഹോദരന്മാരാണ് പൃഥ്വിരാജ് സുകുമാരനും, ഇന്ദ്രജിത് സുകുമാരനും. ഒരു സമ്പൂർണ സിനിമാ കുടുംബം എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. ഇരുവരുടെയും പിതാവ് സുകുമാരനും, മാതാവ് മല്ലികയും ഒക്കെ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കൾ എന്നതിലുപരി ജനഹൃദയങ്ങളിൽ ഇടം നേടിയവരായിരുന്നു.
ഇപ്പോഴിതാ മല്ലിക സുകുമാരന്റെ അൻപത് വർഷങ്ങൾ ആഘോഷിക്കുന്ന ചടങ്ങിൽ നടനും, നിർമ്മാതാവുമായ മണിയൻപിള്ള രാജു പൃഥ്വിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വി നായകനായി അഭിനയിച്ച ആദ്യ സിനിമയായ നന്ദനത്തിൽ എങ്ങനെയാണു താരം എത്തിയതെന്നും, അതിന് താൻ നിമിത്തമായത് ഏത് വിധേനയാണെന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നുണ്ട്.

'ഡയറക്‌ടർ രഞ്ജിത് കോഴിക്കോട് നിന്ന് വിളിക്കുകയാണ്. ഒരു പുതിയ പടം തുടങ്ങുന്നതിന് നല്ലൊരു പയ്യനെ വേണം. കാണാൻ കൊള്ളാവുന്ന പയ്യനായിരിക്കണം, ആരുണ്ട്. ഞാൻ പറഞ്ഞു ഉച്ചയ്ക്ക് ഒരു കാര്യവുമില്ലാതെ വിമൻസ് കോളേജിന്റെ സൈഡിലൊരു ഹെയർകട്ടിംഗ് സെന്ററുണ്ട്, അവിടെ പോയിരുന്നു.' മണിയൻപിള്ള രാജു പറഞ്ഞു തുടങ്ങി.
'അവിടെ മുടിവെട്ടാൻ പോയപ്പോഴേക്കും നമ്മുടെ സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടു. എന്തൊരു സുന്ദരനായിരുന്നു. ഞാനിങ്ങനെ കൊച്ചിലെ എടുത്തുകൊണ്ട് നടന്ന പയ്യനാണ്. അതിസുന്ദരനായിരിക്കുന്നു. ഓസ്‌ട്രേലിയയിൽ പഠിക്കുകയാണ്, ഇപ്പോൾ പരീക്ഷ കഴിഞ്ഞ് എങ്ങാനും നാട്ടിലേക്ക് വന്നതാണ്' അദ്ദേഹം ഓർമ്മകൾ പങ്കുവച്ചു.
'അങ്ങനെ ഞാൻ മല്ലികയുടെ അടുത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെയാണ് അമ്മ, പിറ്റേ ദിവസം രാവിലെ തള്ളി അയച്ചു. അവിടെ ചെന്ന് എല്ലാം കഴിഞ്ഞ് രഞ്ജിത് എന്നെ വിളിക്കുകയാണ്. ഇതിനപ്പുറം ഒരു സെലക്ഷനില്ല. അങ്ങനെയാണ് നന്ദനം എന്ന സിനിമ ഉണ്ടായത്' മണിയൻപിള്ള രാജു മനസ് തുറന്നു.
'ആ സ്നേഹം മല്ലികയ്ക്ക് ഉള്ളത് മാതിരി പൃഥ്വിരാജിനും ഉണ്ട്. എവിടെയോ എന്തോ സംഭവം വന്നപ്പോൾ പുള്ളി ഒരു ചാനലിൽ തന്നെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയിൽ എന്റെടുത്ത് സംസാരിക്കാനും ഉപദേശിക്കാനും രാജു ചേട്ടനല്ലാതെ വേറൊരു ആൾക്കും അവകാശമില്ല.ഇവർക്കെല്ലാം വലിയ കാര്യമാണ്' മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
'പിന്നീട് അനന്തഭദ്രം എന്ന സിനിമ 2005ൽ എനിക്ക് പൃഥ്വിരാജിനെ വെച്ച് എടുക്കാൻ ഭാഗ്യമുണ്ടായി. അത് സൂപ്പർഹിറ്റാണ്. അതുപോലെ തന്നെ 2015ൽ പാവാട, ആ പടവും സൂപ്പർഹിറ്റാണ്. 2007ൽ ഛോട്ടാ മുംബൈ എടുക്കുമ്പോൾ അമ്മയും മോനും ഒരുമിച്ച് അഭിനയിച്ചു. അന്നൊരു ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു, അമ്മയെ വിളിച്ചാൽ മോൻ ഫ്രീ എന്ന്' അദ്ദേഹം തമാശരൂപേണ പറഞ്ഞു.












Click it and Unblock the Notifications