'ആ സ്ഥാപന ഉടമ നിരന്തരം അധിക്ഷേപിച്ചു, ക്ഷണിച്ചപ്പോള്‍ പോകാത്തതിന് പ്രതികാരം'; തുറന്നടിച്ച് ഹണി റോസ്
കൊച്ചി: തന്നേയും സ്ത്രീത്വത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഹണി റോസ്. അശ്ലീല കമന്റുകള്‍ കൊണ്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വലുതാണ് എന്നും ഹണി റോസ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അവരുടെ പ്രതികരണം. ഒരു സ്ഥാപന ഉടമയായ വ്യക്തി തനിക്കെതിരെ നിരന്തരം അധിക്ഷേപ കമന്റുകള്‍ പടച്ചുവിടുകയാണ് എന്ന് ഹണി റോസ് പറഞ്ഞു.
'പല തവണ അറിയിച്ചിട്ടും വീണ്ടും എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ആ വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാം മാനസിക ബുദ്ധിമുട്ടുണ്ട്. ഇതുവരെ പ്രതികരിക്കാത്തത് അത്തരം കമന്റുകള്‍ ആസ്വദിക്കുന്നതുകൊണ്ടാണോ എന്ന് കമന്റു ചെയ്യുന്നവരുമുണ്ട്,' ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

ഇത് താന്‍ മാത്രം നേരിടുന്ന കാര്യമല്ല എന്നും കേരളത്തിലെ ഒട്ടുമിക്ക നടിമാരും സ്ത്രീകളും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട് എന്നും ഹണി ചൂണ്ടിക്കാട്ടി. ഇനിയും ഇത്തരത്തില്‍ മറ്റുളളവരെ ബുദ്ധിമുട്ടിക്കരുത് എന്നും അതിനാലാണ് ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത് എന്നും ഹണി റോസ് വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിംഗ് നേരിട്ടൊരു വ്യക്തിയാണ് താനെന്നും നടി പറഞ്ഞു.
20 വര്‍ഷമായി താന്‍ സിനിമയില്‍ എത്തിയിട്ടെന്നും താനിത് വരെ ആരേയും ബുദ്ധിമുട്ടിക്കുകയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല എന്നും ഹണി റോസ് പറഞ്ഞു. 'ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപിക്കുന്ന കമന്റുകള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് എനിക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്,' ഹണി റോസ് പറഞ്ഞു.
വിദ്വേഷകമന്റുകള്‍ ഇടുന്നവരെയും അപമാനിക്കുന്നതരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. തനിക്ക് സിനിമാ സംഘടനകളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട് എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെയും അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയത് എന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹണി റോസ് താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ ഒരു വ്യക്തി അപമാനിക്കുകയാണ് എന്നാണ് ഹണി റോസ് പറഞ്ഞത്. ചടങ്ങുകള്‍ക്ക് ക്ഷണിച്ചപ്പോള്‍ വിസമ്മതിച്ചതിന് പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് ഹണി ആരോപിക്കുന്നത്.
സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ അറസ്റ്റും ചെയ്തിട്ടുണ്ട്. കുമ്പളം സ്വദേശി ഷാജി എന്നയാളാണ് പിടിയിലായിരിക്കുന്നത്.












Click it and Unblock the Notifications