'വൃത്തികെട്ട രീതിയിലാണ് .. വസ്ത്രമില്ലാത്ത ഫോട്ടോകളും': നടി പ്രവീണ ആറ് വർഷമായി നേരിടുന്ന ദുരിതം
സിനിമാ താരങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് നടിമാർക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നമ്മുടെ സമൂഹത്തില്‍ നടന്ന് വരുന്നത്. പൊലീസില്‍ പരാതി നല്‍കിയാലോ, കേസ് ആയാലോ പലപ്പോഴും ആ വ്യക്തിയെങ്കിലും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാറുണ്ട്. എന്നാല്‍ നടി പ്രവീണയുടെ കാര്യത്തില്‍ ഇത് അല്ല സ്ഥിതി. ആറ് വർഷമായി തുടർച്ചയായി അപമാനിക്കപ്പെടുകയാണ് ഈ താരം. അതും ഒരേ വ്യക്തിയില്‍ നിന്നും തന്നെ.
തന്റെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രതിയെ ഒരു തവണ പൊലീസ് പിടികൂടിയെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ വീണ്ടും സമാന കുറ്റകൃത്യം ആവർത്തിക്കുകയാണെന്നും നടി പറയുന്നു. തന്റെ മകളുടെ അടക്കം ചിത്രങ്ങള്‍ അശ്ലീലമായി പ്രചരിപ്പിക്കുയാണെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോടായി പറഞ്ഞു.

'എന്റെയും എന്റെ വീട്ടുകാരുടേയുമൊക്കെ മോർഫ് ചെയ്ത ചിത്രങ്ങള്‍, അതായത് തലമാത്രമായിരിക്കും എന്റേത്, താഴേക്ക് വളരെ വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാവുന്ന രീതിയിലുള്ള ചിത്രങ്ങളാണ്. അതായത് വസ്ത്രമില്ലാത്ത രീതിയിലുള്ള മറ്റ് ഫോട്ടോകള്‍ എടുത്തിട്ട് അതിലേക്ക് എന്റെ മുഖം വെക്കുകയാണ്. അവന്‍ അത് കണ്ട് ആസ്വദിക്കുക മാത്രമല്ല, ഇത് പ്രചരിപ്പികുകയും ചെയ്യും' ചാനലിനോടായി പറയുന്നു.
നടിയുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇത് തന്നെയാണ് അവന്റെ പണിയെന്നും താരം വ്യക്തമാക്കുന്നു. മകളുടെ ഇന്‍സ്റ്റഗ്രാമില്‍ കയറി അവളുടെ ഫോട്ടോ എടുത്തിട്ടും ഇത് തന്നെ ചെയ്യും. എന്നിട്ട് അവളുടെ സുഹൃത്തുക്കളേയും സാറന്മാരേയും ടാഗ് ചെയ്യും. അവരെക്കുറിച്ച് ചീത്തരീതിയില്‍ എഴുതിയിടുകയും ചെയ്യും.
സൈബർ സെല്ലില്‍ ഞാന്‍ ഒരുപാട് തവണ കയറി ഇറങ്ങി. എന്നിട്ടും ഈ കുറ്റകൃത്യം ഇപ്പോഴും തുടരുകയാണെന്നും നടി പറയുന്നു. ഇതേ വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തേയും പ്രവീണ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. 'അവനെ ഞാന്‍ എപ്പോഴും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. എന്നാല്‍ മകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ അവർ തയ്യാറല്ല.' എന്നായിരുന്നു പ്രവീണ അന്ന് പറഞ്ഞത്.
'പൊലീസില്‍ കേസ് കൊടുത്തതിന് ശേഷം ഒരുപാട് ശ്രമത്തിനൊടുവിലാണ് അവനെ പിടികൂടിയത്. കുറച്ചു നാള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. ഇതിന് ശേഷം ഡല്‍ഹിയില്‍ പോയെങ്കിലും ഇത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പേരും ഫോട്ടോയും വച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് പോലുള്ള ഉപദ്രവങ്ങളുമുണ്ട്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ല' എന്നുമായിരുന്നു പ്രവീണ അന്ന് പറഞ്ഞത്.












Click it and Unblock the Notifications