മുള്ളന്‍കൊല്ലി സിനിമ പരാജയപ്പെടുമെന്ന് നേരത്തെ പറഞ്ഞു; ഓഡിയോ പുറത്തുവിട്ട് അഖില്‍ മാരാര്‍
മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും നടനും സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍. സിനിമ പരാജയമാകും എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും അത് അണിയറപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു എന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫസ്റ്റ് എഡിറ്റ് കണ്ട ശേഷം അണിയറപ്രവര്‍ത്തകരോട് സിനിമയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി നടത്തിയ ഫോണ്‍ സംഭാഷണവും അഖില്‍ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തുന്നില്ല എന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കാത്ത ഒരാളെ കൊണ്ട് ഇത് കാണിച്ച് നോക്കാം എന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് നോക്കാം എന്നുമാണ് മറുതലക്കല്‍ ഉള്ളയാള്‍ പറയുന്നത്.

തനിക്ക് ഈ സിനിമ പരാജയപ്പെടണം എന്നില്ല എന്നും ഈ സിനിമയുടെ വിധി എന്ത് തന്നെയായാലും അത് തന്നെയാണ് ബാധിക്കുക എന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്. ' ഞാനും കൂടിയുള്ള പടമാണല്ലോ. ബാബു ജോണ്‍ എന്ന വ്യക്തിക്കോ പ്രസീജ് എന്ന വ്യക്തിക്കോ മുള്ളന്‍കൊല്ലിയുമായി പൊതുസമൂഹത്തിന് പോലും ബന്ധമില്ലാതിരിക്കുകയും എല്ലാം എന്റെ തലയിലാണല്ലോ.
പരാജയപ്പെട്ടാലും വിജയിച്ചാലും എന്റെ തലയില്‍ അല്ലേ വരുന്നുള്ളൂ. നിങ്ങള്‍ക്കൊന്നും പ്രശ്‌നങ്ങളില്ലല്ലോ. ബാബു ജോണിനെ ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഇതുപോലത്തെ തട്ടിക്കൂട്ട് പടങ്ങള്‍ ഇനിയും ചെയ്യാം. ഞാനൊരിക്കലും ഈ സിനിമ പരാജയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളല്ല,' എന്നാണ് അഖില്‍ മാരാര്‍ പുറത്തുവിട്ട ഫോണ്‍സംഭാഷണത്തില്‍ പറയുന്നത്. അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
'സിനിമയുടെ വിധി എന്താകും എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലേ എന്ന് പലരും ചോദിച്ചു. 100% മുന്‍കൂട്ടി കണ്ടു. മോശമാണെന്നും പരാജയപ്പെടും എന്ന് പല ആവര്‍ത്തി ഞാന്‍ പറഞ്ഞപ്പോഴും ഇതൊരു മികച്ച സിനിമ ആണെന്ന അണിയറ പ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ്. അതിലുപരി എനിക്ക് സമൂഹത്തില്‍ കേള്‍ക്കേണ്ടി വരുന്ന പരിഹാസത്തേക്കാള്‍ നിര്‍മാതാവിന് എന്നാല്‍ കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തു കൊടുത്തത്.
22 ദിവസം 5 ലക്ഷം രൂപ എനിക്ക് തന്നു എന്ന് പറയുന്നവര്‍ തിരിച്ചു ഞാന്‍ എന്ത് ചെയ്തു കൊടുത്തു എന്ന് പറഞ്ഞിട്ടില്ല. ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന ട്രെയിലര്‍ ലോഞ്ച് ഞാന്‍ ചെയ്തു കൊടുത്തു. സോങ് ഞാന്‍ വിറ്റ് കൊടുത്തു. 100 ഫ്‌ളക്‌സ് 3 ലക്ഷം, 2ഹോര്‍ഡിങ്സ് (MY G ) 1 ലക്ഷം. ഒരു രൂപ ചിലവില്ലാതെ ഓണ്‍ലൈന്‍ പ്രൊമോഷന്‍. ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പലരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റ്.
അതിനേക്കാള്‍ ഉപരി കാശ് വാങ്ങി അതിഥി ആയി പോകേണ്ട ബിഗ്ബോസില്‍ ഫ്രീ ആയി പോയി സിനിമയ്ക്ക് പ്രൊമോഷന്‍. (ടിക്കറ്റ് എടുത്തു തന്നില്ലെങ്കില്‍ ബിഗ് ബോസ്സ് പ്രൊമോഷന്‍ വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് കാശ് തന്നു. ഞാന്‍ ചെന്നൈ നഗരത്തില്‍ കിടന്ന് ഉറങ്ങട്ടെ എന്ന് കരുതി ഹോട്ടല്‍ പോലും നല്‍കിയിട്ടില്ല അത് എന്റെ ചിലവ്)
NB : നായകന്‍ പോലും അല്ലാത്ത എനിക്ക് വേണമെങ്കില്‍ പ്രൊമോഷന്‍ ചെയ്യാതെ എല്ലാം തലയില്‍ നിന്നും ഊരി മാറി നിക്കാമായിരുന്നു. ഞാനത് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നു നിര്‍മാതാവ് പ്രസീജിന് അറിയാം. ഈ വിഷയത്തില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ അറിയാന്‍ വേണ്ടി ഫസ്റ്റ് എഡിറ്റ് കണ്ട ശേഷം ഞാന്‍ പറഞ്ഞ കാര്യം പങ്ക് വെയ്ക്കുന്നു.'












Click it and Unblock the Notifications