പുഷ്പ സംവിധായകന്‍ സുകുമാര്‍ സിനിമാ ജീവിതം ഉപേക്ഷിക്കുന്നു..? അരുതെന്ന് രാംചരണ്‍
ഹൈദരാബാദ്: ബോക്‌സോഫീസില്‍ തകര്‍ത്തോടുന്നതിനിടെ തന്നെ വിവാദങ്ങളാലും നിറഞ്ഞിരിക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും സൂപ്പര്‍ഹിറ്റ് പടം എന്നതിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്തു.
ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തിയ അല്ലു അര്‍ജുന്‍ നിലവില്‍ ഇതുമായി ബന്ധപ്പെട്ട കേസിന് പുറകെയാണ്. സുകുമാറിന്റെ സംവിധാനത്തില്‍ ആണ് പുഷ്പ 2 ഒരുങ്ങിയത്. പുഷ്പ 1 ന്റേയും സംവിധായകന്‍ സുകുമാര്‍ തന്നെയായിരുന്നു. ഒരേ സമയം വിജയവും വിവാദവും ആഘോഷിക്കുന്നതിനിടെ പുഷ്പ സംവിധായകന്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ സുകുമാര്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് വിട്ട് പോകണം അല്ലെങ്കില്‍ ഉപേക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ 'സിനിമ' എന്നാണ് സുകുമാര്‍ മറുപടി പറഞ്ഞത്. യുവതിയുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് പുഷ്പ 2 വിവാദമായ സാഹചര്യത്തിലാണ് സുകുമാറിന്റെ പ്രസ്താവന.
കേട്ട് നിന്നവരെ എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു സുകുമാറിന്റെ പ്രതികരണം. സുകുമാറിന്റെ അരികിലിരുന്ന നടന്‍ രാം ചരണ്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അമ്പരന്നു. രാം ചരണ്‍ പെട്ടെന്ന് സുകുമാറില്‍ നിന്ന് മൈക്ക് വാങ്ങി താങ്കള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് പറയുകയും ചെയ്തു. പരിപാടിയുടെ വീഡിയോ വൈറലായിട്ടുണ്ട്.
ഡിസംബര്‍ 5 നാണ് പുഷ്പ 2 റിലീസ് ചെയ്തത്. വെറും മൂന്നാഴ്ച കൊണ്ട് അന്താരാഷ്ട്ര കളക്ഷനില്‍ 1500 കോടിയിലധികം ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതിന് മുന്‍പ് 1500 കോടി കളക്ട് ചെയ്ത രണ്ട് സിനിമകള്‍ മാത്രമെ ഉള്ളൂ എന്നറിയുമ്പോഴാണ് ചിത്രത്തിന്റെ വിജയം എത്രത്തോളം വലുതാണ് എന്ന് വ്യക്തമാകുക. അതേസമയം തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു.
അനുമതിയില്ലാതിരുന്നിട്ടും തിയേറ്റര്‍ സന്ദര്‍ശിച്ച അല്ലു അര്‍ജുന്റെ വരവാണ് തിയേറ്ററില്‍ തിരക്ക് രൂപപ്പെടാന്‍ കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13 നാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പിന്നീട് നടനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും അല്ലു അര്‍ജുന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ന് അല്ലു അര്‍ജുനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ ഇരയായ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം താരം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യനില ഗുരുതരമായി തുടരുന്ന കുട്ടിയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.












Click it and Unblock the Notifications