'ബിഗ് ബോസ് ചാലഞ്ചറായി പോകാൻ ഒരു ദിവസം ചോദിച്ചത് 5 ലക്ഷം'..കിട്ടിയതോ?..'; തുറന്ന് പറഞ്ഞ് രജിത് കുമാർ
കൊച്ചി; ബിഗ് ബോസിൽ മത്സരിക്കാനെത്തുന്നവർക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. മത്സരാർത്ഥികൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്താറില്ലെങ്കിലും എത്ര ലഭിച്ചുവെന്ന സൂചനകൾ ചിലർ നൽകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സീസണിൽ ചലഞ്ചറായി പോകാൻ താൻ ആവശ്യപ്പെട്ട തുകയെ കുറിച്ച് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാർ. മാത്രമല്ല കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളുടെ പ്രകടനം സമ്പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുട്യൂബ് ചാനലുകളോടായിരുന്നു രജിത്തിന്റെ പ്രതികരണം.
സീസൺ 5 ലേക്ക് റോബിനും ഞാനും കയറി. അദ്ദേഹം അവിടെ കയറിയപ്പോൾ മുതൽ സൈലന്റായിരുന്നു. പക്ഷേ ഞാൻ ആ പടി കയറിയപ്പോൾ മുതൽ ആക്ടീവായിരുന്നു. ഉണ്ട് തിന്ന് കിടന്ന് സുഖമായി ജീവിക്കാൻ അല്ലല്ലോ ഞാൻ ചാലഞ്ചറായി പോയത്.

ആ നാല് ദിവസം എനിക്ക് നല്ല റേറ്റിംഗ് ആയിരുന്നു. ചാലഞ്ചറായി പോകാൻ ഞാൻ ഒരു ദിവസം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷമായിരുന്നു. അത്രയും പക്ഷേ എനിക്ക് കിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത പണം നൽകിയാണ് അവർ എന്നെ അവിടെ കൊണ്ടുപോയത്. അങ്ങനെ പോയ ഞാൻ അവിടെ ഗോലി കളിച്ച് ഇരിക്കണമായിരുന്നോ? എനിക്ക് പൈസ തന്നാൽ ഞാൻ അതിനനുസരിച്ച് പ്രവർത്തിക്കണം. ഞാൻ ഉഴപ്പനല്ല, എനിക്ക് കഠിനാധ്വാനം ചെയ്യാനാണ് ഇഷ്ടം. ഓസ്കാർ വാങ്ങിക്കണമെന്നാണ് ആഗ്രഹം എനിക്ക്. കാരണം മറ്റൊന്നുമല്ല, അച്ഛനില്ലാതെ തെരുവിൽ നിന്ന് വളർന്ന മകൻ, ഒരമ്മ കഷ്ടപ്പെട്ട് വളർത്തിയ മകൻ, അവൻ അത്ര ടോപ്പ് വരെയെത്തി. കിട്ടിയില്ലെങ്കിൽ വേണ്ട പുണ്ണാക്ക്, പക്ഷേ സ്വപ്നം വെച്ച് മുന്നോട്ട് പോകുന്നു. ഓസ്കാറൊക്കെ ആർക്ക് വേണമെങ്കിലും കിട്ടാം.
ബിഗ് ബോസ് സ്ക്രിപ്റ്റഡാണ്, പക്ഷേ ഓരോരുത്തരും അവരവരുടെ സ്ക്രിപ്റ്റ് കൊണ്ടാണ് കയറുന്നത്. കൈകൊണ്ട് എഴുതിപിടിപ്പിച്ചതല്ല. സ്വന്തം മനസിൽ തോന്നുന്ന സ്ക്രിപ്റ്റ്. അവിടെ കയറി കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണമെന്ന് നമ്മൾ മനസിൽ ആലോചിക്കും. എന്നാൽ ആവിയും പുകയും അടിക്കുമ്പോൾ മനസിലാകും ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. ചെയ്യണമെങ്കിൽ രണ്ട് ഘടകം വേണം.
ഒന്ന് ദൈവത്തിന്റെ അനുഗ്രഹമാണ്. എല്ലാരും വായിട്ടലക്കും. പക്ഷേ വായിൽ നിന്നും വീഴുന്നത് വികടസരസ്വതി ആണെങ്കിലോ? തീർന്നില്ലേ? ഞാൻ നല്ല വിശ്വാസിയാണ്. രണ്ടാമത്തെ കാര്യം ജീവത അനുഭവങ്ങളാണ്. എനിക്ക് സംസാരിക്കാൻ പറ്റുന്നത് ജീവിത അനുഭവങ്ങളാണ്. അങ്ങനെ ജീവിതാനുഭവങ്ങൾ കുറെ കിട്ടിയത് കൊണ്ടാണ് നമ്മുക്ക് കാര്യങ്ങൾ സംസാരിക്കാനും അതനുസരിച്ച് പ്രതികരിക്കാനും പറ്റുന്നത്', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications