എത്ര ലക്ഷങ്ങള്‍ തന്നാലും അതിന് നില്‍ക്കരുതെന്ന് മാതാപിതാക്കളോട് പറഞ്ഞു: ജാസ്മിന്‍ വെളിപ്പെടുത്തുന്നു
വിമർശനങ്ങള്‍ പലതുമുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 മുന്നോട്ട് പോയത് ഏറെക്കുറെ ജാസ്മിന്‍ ജാഫറിലൂടെയാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒരു ബിഗ് ബോസ് ഗെയിമർ എന്ന നിലയില്‍, പ്രധാനമായും മനക്കരുത്തിന്റെ കാര്യത്തില്‍ മറ്റ് മത്സരാർത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ജാസ്മിന്‍.
വലിയ ആഘോഷത്തോടെ വന്ന ചില മത്സരാർത്ഥികള്‍ക്ക് കേവലം ഒരു ദിവസത്തെ മോഹന്‍ലാലിന്റെ വിമർശനത്തില്‍ അടി തെറ്റിയപ്പോള്‍ നിരന്തരം വിമർശനം ബിഗ് ബോസിന് അകത്തും പുറത്തും നേരിട്ടിട്ടും ഷോയില്‍ നൂറ് ദിവസം തികച്ച്, മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ജാസ്മിന്‍ ജാഫർ പുറത്തേക്ക് വന്നത്.

മറ്റൊരു താരവും നേരിടാത്ത തരത്തിലുള്ള വിമർശനമായിരുന്നു ജാസ്മിന് നേരിടേണ്ടി വന്നത്. വിമർശനം തികഞ്ഞ വ്യക്തി അധിക്ഷേപത്തിലേക്ക് വരെ വഴി മാറി. ചില തെറ്റുകള്‍ തനിക്ക് പറ്റിയിട്ടുണ്ടെന്ന് ജാസ്മിന്‍ തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജാസ്മിന് സംഭവിച്ച സമാനമായ പിഴവുകള്‍ മറ്റ് ചില താരങ്ങള്‍ക്കാണ് സംഭവിച്ചതെങ്കില്‍ അത് വിമർശിക്കപ്പെടുകയോ, എന്തിനേറെ ചർച്ചയാകുകയോ ചെയ്തിട്ടില്ല.
ഷോയിലെ വന്ന് അധികം കഴിയാതെ തന്നെ ഗബ്രിയുമായി കൂട്ടുകൂടിയതാണ് ജാസ്മിനെ വിമർശിക്കാന്‍ പലരും ആയുധമാക്കിയത്. ഇതിനിടയിലാണ് വീട്ടില്‍ നിന്നും ഒരു വിളി ജാസ്മിനായി ബിഗ് ബോസിലേക്ക് എത്തുന്നത്. സംപ്രേക്ഷണം ചെയ്യപ്പെടാത്ത ആ ഫോണ്‍ കോളില്‍ ബാപ്പയുടെ ആരോഗ്യ പ്രശ്നങ്ങള്‍ അറിയിക്കാനാണ് വിളിച്ചതെന്നാണ് ബിഗ് ബോസ് പിന്നീട് വ്യക്തമാക്കിയത്.
എന്നാല്‍ ഇതോടെ പുറത്ത് ആരോപണങ്ങള്‍ ശക്തമായി. ആരോഗ്യ പ്രശ്നങ്ങള്‍ പറയാനല്ല വിളിച്ചത്, മറ്റ് ചില കാര്യങ്ങളാണ് അവർ സംസാരിച്ചതെന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം. ഈ പശ്ചാത്തലത്തിലാണ് ഒരു യൂട്യൂബ് ചാനലില്‍ ജാസ്മിന്റെ കുടുംബത്തിന്റെ അഭിമുഖം വരുന്നത്.
ജാസ്മിന്റെ അടുത്ത സുഹൃത്ത് തന്നെയായിരുന്നു ആ അഭിമുഖം എടുത്തത്. എന്നാല്‍ പിന്നീട് ജാസ്മിന്‍ ബിഗ് ബോസില്‍ തുടരുമ്പോള്‍ തന്നെ ഈ വ്ളോഗർ ജാസ്മിനെതിരെ തിരിഞ്ഞു. താന്‍ വിശ്വസിച്ചവർ തന്നെ വലിച്ചുകീറാനായി ഇട്ടുകൊടുത്തെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ അതില്‍ ഒന്ന് ഈ വ്യക്തിയാണ് എന്നതില്‍ സംശയമില്ല.
ഈ പറയുന്ന രണ്ട് മൂന്ന് വ്യക്തിളെ വിശ്വസിച്ച് വീട്ടുകാരെ അടക്കം ഏല്‍പ്പിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. വീട്ടിലേക്ക് വന്ന ഇവർ എന്റെ ലാപ്ടോപ്പില്‍ നിന്ന് വരെ പെന്‍ഡ്രൈവ് കുത്തി ഓരോന്ന് എടുക്കാന്‍ നോക്കി. പാസ്‌വേഡ് അറിയാത്തതുകൊണ്ട് ഇവർക്ക് എടുക്കാന്‍ കഴിഞ്ഞില്ല. ഉണ്ടായിരുന്നെങ്കില്‍ അവർ എടുക്കുമായിരുന്നുവെന്നുമാണ് സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ പറഞ്ഞത്.
ഒരു മനുഷ്യർക്കും അഭിമുഖങ്ങള്‍ കൊടുക്കരുതെന്ന് ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. അതിപ്പോള്‍ എത്ര ലക്ഷം വന്നാലും കൊടുക്കരുത്. ഏതെങ്കിലും തരത്തില്‍ അത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ ഈ പറയുന്ന യൂട്യൂബർ പയ്യന് മാത്രം കൊടുത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ആ പയ്യനിലുള്ള വിശ്വാസം കൊണ്ടാണല്ലോ നമ്മള്‍ അങ്ങനെ പറയുന്നത്.
എന്നേയും എൻ്റെ കുടുംബത്തേയും തകർക്കില്ല, അല്ലെങ്കില്‍ പൈസക്ക് വേണ്ടി നമ്മളെ ഉപയോഗിക്കില്ല എന്നുള്ള ഒരു വിശ്വാസമായിരുന്നു ഇവരോടൊക്കെ ഉണ്ടായിരുന്നത്. ആ വിശ്വാസം വരെ ഇല്ലാതാക്കി. ഇന്ന കാര്യങ്ങള്‍ പറയണമെന്ന് എൻ്റെ വീട്ടുകാരോട് ഇവർ തന്നെ പറഞ്ഞിട്ടുണ്ട്. അവർ നോക്കുമ്പോള്‍ മകള്‍ ഏല്‍പ്പിച്ച് പോയവരല്ലേ വിശ്വസിക്കാമല്ലോ എന്ന രീതിയില്‍ വിശ്വസിച്ചു. അതില്‍ എനിക്ക് തെറ്റ് പറയാനാകില്ല. ഞാനാണല്ലോ അവരെ അവർക്ക് ഏല്‍പ്പിച്ചുകൊടുത്തതെന്നും ജാസ്മിന്‍ പറയുന്നു.












Click it and Unblock the Notifications