'67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു'; ആ നടന്നത് സ്ക്രിപ്റ്റോ? ; അപ്സരയുടെ ഭർത്താവ് പറയുന്നു
കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് മത്സരാർത്ഥിയായ അപ്സരയുടെ ഭർത്താവ് ആൽബി ഫ്രാൻസിസ്. മത്സരാർത്ഥികളുടെ ഗെയിം സ്ട്രാറ്റജികളുടെ പേരിൽ കുടുംബാംഗങ്ങളെ തെറിവിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മരിച്ച് പോയ തന്റെ പിതാവിനെ അടക്കം ചിലർ അധിക്ഷേപിക്കുകയാണെന്നും ആൽബി പറഞ്ഞു. നമസ്കാരം കേരള എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഗ് ബോസിൽ എത്തിയപ്പോൾ അപ്സരയുടെ അമ്മ അഭിഷേകിന് ഉമ്മ കൊടുത്തത് അടക്കമുള്ള കാര്യങ്ങൾ നാടകമാണെന്ന് വിമർശിക്കുന്നതിനും ആൽബി മറുപടി നൽകി.
'ബിഗ് ബോസിൽ പോയ മത്സരാർത്ഥികളുടെ വീട്ടുകാര് ഒരുപാട് സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.. ഞാൻ വർഷങ്ങളായി മീഡിയയിൽ ജോലി ചെയ്യുന്നൊരാളാണ്. സൈബർ ആക്രമണങ്ങൾ എന്നെ ബാധിക്കില്ല. പക്ഷെ നമ്മുടെ അമ്മമാരെ അധിക്ഷേപിക്കുന്നതൊന്നും സഹിക്കാൻ പറ്റില്ല. പക്ഷേ ഇതൊക്കെ എല്ലാ മത്സരാർത്ഥികളുടേയും കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്നാണ്. ബിഗ് ബോസിൽ പോയി വരുമ്പോൾ എയർപോർട്ടിൽ വെച്ച് ജാസ്മിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു.

അന്ന് അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ടടിച്ചു.ജാസ്മിൻ പുറത്തായി എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ ഉണ്ടായ സമയമാണ്. അങ്ങനെ ഉണ്ടായോ എന്ന് ജാസ്മിന്റെ ഉപ്പ ചോദിച്ചിരുന്നു എന്നോട്.ഇല്ലെന്നും ഇതൊക്കെ ആലോചിച്ച് ഇന്നലെ ഉറക്കമുണ്ടായിരുന്നില്ലെന്നനും ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ 67 ദിവസമായി ഞാൻ ഉറങ്ങിയിട്ട് എന്നാണ്. മത്സാർത്ഥികളുടെ ഗെയിം എന്നത് അവരുടെ കാഴ്ചപ്പാടുകളും രീതികളുമാണ്. അതിന് വീട്ടിൽ ഉള്ളവരെ ചീത്ത വിളിക്കേണ്ട കാര്യമെന്താണ്?. മൂന്ന് വർഷം മുൻപ് മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്. കേൾക്കുമ്പോൾ വിഷമമുണ്ടാക്കുന്നതാണ്.
പെൺകുട്ടികൾ മുന്നോട്ട് വരണമെന്നാണ് സമൂഹം പറയുന്നത്. എന്നാൽ അവർ ശബ്ദമുയർത്തി സംസാരിച്ചാൽ അവരെ അഹങ്കാരികൾ, വിഷം എന്നൊക്കെയാ്മ പറയുന്നത്. അപ്സരയെ കുറിച്ച് തന്നെ പലതും കേട്ടിട്ടുണ്ട്. ബിഗ് ബോസിനകത്ത് പോകാത്തവരാണ് ഇത്തരത്തിൽ മത്സരാർത്ഥികളെ കുറ്റപ്പെടുത്തുന്നത്. അവിടെ പോയാൽ അതിലെ മത്സരാർത്ഥികളോട് നമ്മുക്ക് ഒരു ദേഷ്യവും തോന്നില്ല. അവരൊക്കെ അവിടെ സുഹൃത്തുക്കൾ പോലെയാണ്.
ഇന്ന് വരെ ഒരു സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാത്ത ആളാണ് അപ്സരയുടെ അമ്മ. ആർക്കാണ് വോട്ട് പോകുന്നത് എന്ന് പോലും അറിഞ്ഞൂട. അവിടെ പോയപ്പോൾ ബിഗ് ബോസ് ക്രീയേറ്റീവ് ടീം പറഞ്ഞത് മത്സരാർത്ഥികളെ പുറത്തെ കാര്യം അറിയിക്കരുത്, അവരെ നെഗറ്റീവ് ആക്കരുത് പോസിറ്റീവ് ആയി സംസാരിക്കണം എന്നാണ്. അമ്മയോടും പറഞ്ഞു പുറത്തുള്ള കാര്യങ്ങൾ പറയരുതെന്ന്. ഞാൻ പറഞ്ഞത് ഒരിക്കലുമില്ല കാരണം അമ്മക്ക് ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലെന്നാണ്. അമ്മ അവിടെ പോയി അഭിഷേകിനെ കെട്ടിപ്പിടിക്കുമെന്നോ ഉമ്മ കൊടുക്കുമോയെന്നൊന്നും അറിയില്ലായിരുന്നു. അമ്മ കയറി പോയപ്പോൾ ഞാൻ മറ്റൊരു റൂമിലായിരന്നു. അമ്മ ഇത് ചെയ്തതൊന്നും ഞാനറിയില്ല. പിന്നെ പുറത്തിറങ്ങാൻ നേരം അമ്മ എല്ലാവർക്കും ഭക്ഷണം കൊടുക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പുറത്തിറങ്ങിയപ്പോഴാണ് ഇതൊക്കെ വലിയ ചർച്ചയായെന്ന് അറിഞ്ഞത്. അഭിഷേകിന്റെ അമ്മയുടെ കാര്യം എപ്പിസോഡിൽ കണ്ട ദിവസം അമ്മ ഉറങ്ങിയിട്ടില്ല. ഉമ്മ കൊടുത്തത് അപ്സരയ്ക്ക് വോട്ട് കിട്ടാനുള്ള നാടകമാണെന്നൊക്കെ വിമർശനം ഉണ്ടെന്ന് പറഞ്ഞപ്പോൾ പറഞ്ഞത് ഒരു അമ്മയില്ലാത്ത കുഞ്ഞിന്റെ വിഷമം അമ്മമാർക്കേ മനസിലാകൂവെന്നാണ്. അതാണ് ഞാൻ കെട്ടിപിടിച്ചത് എന്നാണ്. അവർ ഒരിക്കലും ഞാൻ പറഞ്ഞത് കൊണ്ടോ ഏഷ്യാനെറ്റ് പറഞ്ഞത് കൊണ്ടോ അല്ല കെട്ടിപിടിച്ചത്. നൂറ് ശതമാനം അവർ ഒരു അമ്മയായത് കൊണ്ട് തന്നെയാണ്', ആൽബി പറഞ്ഞു.












Click it and Unblock the Notifications