അടുത്ത സീസണ്‍ മുതല്‍ ബിഗ് ബോസില്‍ ആ പരിപാടി വേണ്ട: ലാലേട്ടനും ചെയ്യരുത്; തുറന്ന് പറഞ്ഞ് ജിന്റോ
തനിക്ക് പിആർ വർക്ക് ഉണ്ടായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവായ ജിന്റോ. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് എന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നോക്കാന്‍ ചില സുഹൃത്തുക്കളെ ഏല്‍പ്പിച്ചിരുന്നു. അത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. പിന്നെ എന്റെ പിആർ എന്ന് പറയുന്നത് എന്നെ ഇഷ്ടപ്പെടുന്നവരാണ്. അവരാണ് എനിക്ക് വോട്ട് ചെയ്യണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതെന്നും ജിന്റോ വ്യക്തമാക്കുന്നു.
ബിഗ് ബോസ് നടത്തിപ്പുകാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. അടുത്ത സീസണ്‍ മുതലെങ്കിലും ഈ മണ്ടന്‍ ടാഗ് ആർക്കും കൊടുക്കരുത്. ബിഗ് ബോസില്‍ എന്നല്ല ജീവിതത്തിലും ആർക്കും ആ ടാഗ് കൊടുക്കരുത്. ഒരു സദസ്സില്‍ വെച്ച് എല്ലാവരും കൂടി ചേർന്ന് അങ്ങനെ ഒരു ടാഗ് നല്‍കുമ്പോള്‍ ആ വ്യക്തി എത്ര വിഷമിച്ചിരിക്കും. ലാലേട്ടനെപ്പോലുള്ള ഒരാളുടെ അടുത്ത് നിന്നാണ് ആ ടാഗ് വാങ്ങിക്കുന്നത്. ശരിക്ക് അങ്ങനത്തെ ടാഗ് കൊടുക്കാന്‍ പോലും ആരും മുതിരരുത്. മറുവശത്തുള്ള ആള്‍ അത്ര വിഷമത്തിലായിരിക്കും.

എനിക്ക് തന്നതോട് കൂടി ബിഗ് ബോസില്‍ മണ്ടന്‍ ടാഗ് നല്‍കുന്ന രീതി നിർത്തണം. ആരും മണ്ടന്‍മാരല്ല, എല്ലാവർക്കും ബുദ്ധിയും കഴിവുമുണ്ട്. അത് ചിലപ്പോള്‍ കുറഞ്ഞും കൂടിയും ഇരിക്കും. മണ്ടന്‍ ടാഗ് കിട്ടുമ്പോള്‍ വേറെ ഒരു കാര്യമുണ്ട്, കുറച്ച് ബുദ്ധിയുള്ളവന്റെ ബുദ്ധി ഭയങ്കരമായിട്ട് കൂടി. എന്നാല്‍ ഞാന്‍ കാണിച്ചുകൊടുക്കാം എന്ന വാശി വരും. അതെനിക്കുണ്ടായെന്നും ജിന്റോ വ്യക്തമാക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിലൊക്കെ അമ്മമാർ എത്ര നല്ല ഭക്ഷണം ഉണ്ടാക്കി തന്നാലും പലപ്പോഴും നമ്മള്‍ അതിന് കുറ്റം പറയും. അതിന്റെ ഒരു കാര്യമൊക്കെ എനിക്ക് മനസ്സിലായത് ബിഗ് ബോസില്‍ എത്തിയപ്പോഴാണ്. ഫുഡ് ഒക്കെ ഉണ്ടാക്കുമ്പോള്‍ ഇത് എല്ലാർക്കും ഇഷ്ടമാകുമോ എന്ന ടെന്‍ഷനുണ്ടാകും. നല്ല ഭക്ഷണമൊക്കെ വെക്കുമ്പോള്‍ ആരും ഒന്നും പറഞ്ഞില്ലെങ്കില്‍ തന്നെ അത് എങ്ങനെയുണ്ടൊന്നൊക്കെ ചോദിക്കും.
ചെറുപ്പം മുതല്‍ തന്നെ നല്ല ദാരിദ്രത്തില്‍ വളർന്ന ആളാണ് ഞാന്‍. ഏഴാം ക്ലാസിലൊക്കെ എത്തിയപ്പോള്‍ തന്നെ പണിക്ക് പോകാന്‍ തുടങ്ങി. ചെറുപ്പത്തില്‍ ഞാന്‍ ചെയ്യാത്ത പണികളില്ല. വെക്കേഷന്‍ സമയത്താണ് ഒരു ബാറില്‍ ജോലി ചെയ്തത്. ക്ലീനിങ് ബോയി ആയിട്ടാണ് പോകുന്നത്. പാത്രമൊക്കെ ഒരു കുന്നുപോലെ കഴുകാനുണ്ടാകും. ശർദ്ധിക്കുന്നത് കോരാന്‍ പോയാല്‍ പത്ത് രൂപ ടിപ്പ് കിട്ടും. അങ്ങനെ കൂടുതല്‍ പൈസ കിട്ടാന്‍ വേണ്ടി പത്ത് പേർ കൂടുതല്‍ ശർദ്ധിക്കാന്‍ പ്രാർത്ഥിച്ചിരുന്നുവെന്നും ജിന്റോ പറയുന്നു.
പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പഠിത്തം നിർത്താന്‍ ആലോചിച്ചതാണ്. അപ്പോള്‍ പറ്റില്ല, പഠിക്കണമെന്ന് നിർബന്ധിച്ചത് അമ്മയാണ്. ആ സമയത്ത് തന്നെ മാർബിളിന്റേയും ടൈലിന്റേയും പണിക്ക് പോയി തുടങ്ങിയിരുന്നു. പിന്നെ അധികം കഴിയുന്നതിന് മുമ്പ് തന്നെ സ്വന്തം നിലയ്ക്ക് വർക്ക് എടുത്ത് ചെയ്യാന്‍ തുടങ്ങി. അതായത് പണി ശരിക്കും പഠിക്കുന്നതിന് മുമ്പാണ് കോണ്‍ട്രാക്ട് എടുക്കുന്നത്. അന്നൊക്കെ കോണ്‍ട്രാക്ടർമാരാണ് രാജാക്കന്മാർ.
നാലാംക്ലാസ് മുതല്‍ തന്നെ കരാട്ടെ ക്ലാസിന് പോയി തുടങ്ങിയിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്ലാക്ക് ബെല്‍റ്റ് എടുത്തു. കുങ്ഫുവിലും ബ്ലാക്ക് ബെല്‍റ്റുണ്ടായിരുന്നു. പിന്നെ പിള്ളേരെ പഠിപ്പിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു ആക്സിഡന്റ് പറ്റുന്നത്. അതോടെ ഭാരിച്ച വർക്കൌട്ടുകള്‍ ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞു. എന്നാല്‍ പയ്യെ പയ്യെ ഞാന്‍ സ്വന്തം നിലയ്ക്ക് ചെയ്തു തുടങ്ങി.
ആ പരിശീലനത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സ്വർണമെഡല്‍ ലഭിക്കുന്നത്. അപ്പോള്‍ ഞാന്‍ വിളിച്ചത് എന്നോട്ട് വർക്കൌട്ട് നിർത്താന്‍ പറഞ്ഞ ഡോക്ടറെയായിരുന്നു. ആരേയും ഇങ്ങനെ തളർത്തരുത് എന്ന് പറഞ്ഞപ്പോള്‍ താന്‍ പോടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജിന്റോ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications