ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; പരിഭവം അറിയിച്ച് ശ്രീനിയും മറ്റ് താരങ്ങളും
കൊച്ചി:ബിഗ് ബോസിലൂടെയാണ് ഷിയാസ് കരീമിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്. ഷോയ്ക്ക് ശേഷം പിന്നീട് മോഡലിംഗിലും അഭിനയത്തിലുമെല്ലാം താരം സജീവമായി. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. തന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.
ഷിയാസിന്റെ ഭാവി വധുവായ രഹാനയാണ് ആദ്യം ചിത്രങ്ങൾ പങ്കുവെച്ചത്. 'പ്രണയം, ചിരി, സന്തോഷം എല്ലാം ചേർന്ന് എന്നെന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം'എന്ന വാചകത്തോടെയായിരുന്നു രഹാന ചിത്രങ്ങൾ പങ്കിട്ടത്. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ആശംസ അറിയിച്ച് കമന്റുകളുമായി എത്തിയത്. ഷിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ശ്രീനിഷ് അടക്കമുള്ളവരാണ് കമന്റിട്ടത്.

അഭിനന്ദനങ്ങൾ , എന്നാലും ഞങ്ങളെ അറിയിച്ചില്ലല്ലോയെന്നായിരുന്നു ശ്രീനിഷ് പരിഭവം പങ്കിട്ടത്. അറിയിക്കാമായിരുന്നുവെന്ന് ബഷീർ ബഷിയും കമന്റിട്ടു. ഇതിനോട് ഷിയാസ് പ്രതികരിച്ചിട്ടില്ല. അതേസമയം ഈ ചിത്രങ്ങൾക്ക് പിന്നാലെ തന്റെ കൂടുതൽ എൻഗേജ്മെന്റ് ചിത്രങ്ങൾ കൂടി താരം പങ്കിട്ടിട്ടുണ്ട്. 'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന വരികളോടെയാണ് രഹാനയെ ടാഗ് ചെയ്ത് ഷിയാസ് ഫോട്ടോകൾ പങ്കുവെച്ചത്.
'പലതവണ പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി'; ഷിയാസ് 11 ലക്ഷം തട്ടിയെന്നും യുവതിയുടെ പരാതി, കേസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ കേസ്. കാസർഗോഡ് ചന്തേര പോലീസാണ് കേസ് എടുത്തത്. നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ ഷിയാസ് തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു.
2021 മുതൽ 2023 വരെ എറണാകുളം, കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകളിൽ എത്തിച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷിയാസ് എറണാകുളത്ത് നടത്തിയിരുന്ന ജിംനേഷ്യം സെൻററിലേക്ക് പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് താൻ ഷിയാസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഇവിടെ വെച്ച് പരിചയത്തിലായെന്നും ജിമ്മിന്റെ ഉടമസ്ഥാവകാശം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാർച്ചിൽ ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ ഷിയാസ് മർദ്ദിച്ചതെന്നും ഇതിന് മുൻപ് ഗർഭഛിദ്രം നടത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
അതേസമയം യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications