ദിലീപിനെ ഇങ്ങനെ കൊണ്ടുവരാൻ നാണമില്ലേ? എത്ര കോടി കിട്ടി'; കലിച്ച് ആരാധകർ, 'ഇനി ഇത് കാണില്ല'
ദിലീപിന്റെ 150ാമത്തെ ചിത്രമായ 'പ്രിൻസ് ആന്റ് ദി ഫാമിലി' മെയ് 9 ന് തീയറ്ററുകളിലെത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവരാണ് മറ്റ് താരങ്ങൾ.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ചിത്രം തീയറ്ററുകളിലെത്തുന്നത്. തുടർപരാജയങ്ങൾക്ക് ശേഷമെത്തുന്ന ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ നോക്കിക്കാണുന്നത്. അതേസമയം സിനിമയുടെ പ്രമോഷന്റെ പരിപാടികളുമായി തിരക്കിലാണിപ്പോൾ ദിലീപ്. പ്രമോഷന്റെ ഭാഗമായി ഐഡിയ സ്റ്റാർ സിംഗർ സീസൺ 10 ന്റെ വേദിയിലും ദിലീപ് എത്തി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ദിലീപിനെ പരിപാടിയിൽ കൊണ്ടുവന്നതിൽ ഏഷ്യാനെറ്റിനും അണിയറപ്രവർത്തകർക്കുമെതിരെ രംഗത്തെത്തിയത്.

തന്റെ പുതിയ സിനിമയ്ക്കായി ക്ഷണിക്കാനാണ് താൻ എത്തിയതെന്നാണ് സ്റ്റാർ സിംഗർ വേദിയിൽ വെച്ച് ദിലീപ് പറഞ്ഞത്. ഇത്രയും കാലം എന്നെ വിശ്വസിച്ച് തീയറ്റിൽ പോയത് പോലെ ഈ സിനിമയ്ക്ക് പോകണമെന്നും ദിലീപ് അഭ്യർത്ഥിച്ചു. അതേസമയം ഷോയിൽ ദിലീപ് എത്തിയതിൽ കടുത്ത അതൃപ്തിയാണ് ഒരു വിഭാഗം ആരാധകർ ഉയർത്തുന്നത്. ഇയാളെയൊക്കെ എന്ത് കണ്ടിട്ടാണ് കൊണ്ടുവരുന്നതെന്നും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്ത ഒരാളെ വിളിച്ചിത് ആ പെൺകുട്ടിയെ അപമാനിക്കാനാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
ദിലീപിനോടുള്ള വിശ്വാസമൊക്കെ പണ്ടേ ഇല്ലാതായെന്നാണ് മറ്റൊരു കമന്റ്. 'ആ വിശ്വാസം സ്നേഹം ഒക്കെ എന്നേ അവസാനിച്ചു,അന്നേ നിന്റെ പടങ്ങളൊക്കെ കാണുന്നത് നിർത്തി, മുടങ്ങാതെ സീസൺ 10 എല്ലാ എപ്പീസോഡും കാണുന്നതാ ഏതായാലും ഇനി കാണുന്നില്ല കാണാൻ തോന്നണില്ലാ' എന്നായിരുന്നു വേറൊരു കമന്റ്.
'ചിത്രയൊക്കെ ഇവനെ ഇങ്ങനെ സപ്പോട്ട് ചെയ്യുന്നത് കാണുമ്പോൾ, ചിത്രയൊക്കെ നല്ല വ്യക്തിയായി അഭിനയിക്കുകയാണോ എന്ന് എനിക്ക് തോന്നിപോകുന്നു', എന്നായിരുന്നു വേറൊരാളുടെ കമന്റ്.
'എത്ര കോടി കിട്ടി ഐഡിയ സ്റ്റാർ സിങ്ങറിന് ഇതെങ്ങനെ സാധിക്കുന്നു', എന്നാണ് വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'വേട്ടക്കാരന് ആദരം. ഇരയെ വീണ്ടും വീണ്ടും അപമാനിക്കുന്നു', 'ഒരു പ്രധാനപ്പെട്ട കേസിലെ പ്രതിയാണ് ഇയാൾ. വിചാരണ നടന്ന്കൊണ്ടിരിക്കുന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ദിലീപിനെ അനുകൂലിച്ചുള്ള കമന്റുകളും ഉണ്ട്. ദിലീപ് എന്തായാലും തിരിച്ചുവരവ് നടത്തുമെന്നാണ് നടന്റെ ആരാധകർ കുറിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതുവരെയുള്ള വാദത്തില്‍ കോടതിക്ക് ആവശ്യമെങ്കില്‍ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന് ശേഷമായിരിക്കും വിധി പറയുക. ഏഴ് വർഷത്തെ വിചാരണക്കൊടുവിലാണ് വിധി പറയുന്നത്. 2017 ലായിരുന്നു ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 85 ദിവസമാണ് ദിലീപ് ജയിലിൽ കിടന്നത്.












Click it and Unblock the Notifications