ദിലീപ് ചികിത്സയുടെ 85 ശതമാനവും വഹിച്ചു: ഡിസ്ചാർജ് സമയത്ത് കയ്യില്‍ കാശ് ബാക്കി; വണ്ടി അയച്ച് വിളിച്ചു
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയില്‍ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് അഷ്റഫ് ഗുരുക്കള്‍. കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. നാട്ടുകാരന്‍ കൂടിയായ കമല്‍ തന്നെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടുവരികയായിരുന്നുവെന്നാണ് അഷ്റഫ് ഗുരുക്കള്‍ പറയുന്നത്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തേക്കുറിച്ചും അസുഖബാധിതനായതിനെ കുറിച്ചും തുറന്ന് പറയുകയാണ് അഷ്റഫ് ഗുരുക്കള്‍. പ്രൈം ഷോ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '1979 മുതൽ കളരി പഠിക്കുന്നുണ്ട്. ആറാം ക്ലാസ്സിൽ മൂന്ന് വർഷം തോറ്റതിന് ശേഷം സ്കൂള്‍ പഠനം എന്ന ആ ദൗത്യം നിർത്തി. ബാംഗ്ലൂരില്‍ ഹോട്ടലിൽ ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്' അഷ്റഫ് ഗുരുക്കള്‍ പറയുന്നു.

കമലിന്റെ എല്ലാ പടങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാൻ എന്നെ വിളിക്കും. ആള്‍ക്കൂട്ടത്തെയൊക്കെ മാറ്റി നിർത്താന്‍ സഹായിച്ച് ലൈവ് ആയപ്പോൾ പ്രൊഡക്ഷൻ മാനേജർ ആയി പിന്നീട്. അവിടുന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പിന്നെ പ്രൊഡക്ഷൻ കൺട്രോളർ ആയി. പ്രൊഡ്യൂസറുടെ കാശിനെ നിയന്ത്രിച്ച് സിനിമ കൊണ്ടുപോകുന്ന ഒരാളെയാണ് പ്രൊഡക്ഷൻ കൺട്രോളർ എന്ന് പറയുന്നത്. തുളസിദാസ്, സിബി മലയില്‍, ഷാജി കൈലാസ് തുടങ്ങിയ ഒത്തിരി ടോപ്പ് ഡയറക്ടേഴ്സിന്റെ പടങ്ങൾ ചെയ്തു.
പീറ്റർ ഞാറക്കൽ. എം രഞ്ജിത്ത്, ആന്റണി ഇരിഞ്ഞാലക്കുട, ആൽവിൻ ആന്റണി, ഗിരീഷ് വൈക്കം അങ്ങനെയൊക്കെ ഉള്ള ടോപ്പ് കൺട്രോളേഴ്സിന്റെ കൂടെയാണ് ഞാൻ വർക്ക് പഠിച്ചത്. ലൈഫ് എങ്ങനെയാണ് മാറിയത്. സിനിമ ശരിക്കും ഞാൻ മോഹിച്ച ഒരു ഫീൽഡ് അല്ലായിരുന്നു. വളരെ താഴ്ന്ന ഒരു കുടുംബമായിരുന്നു എന്റേത്. സാമ്പത്തികമായിട്ട് വളരെ താഴ്ന്ന നിലയും പോരാത്തത്തിന് വിദ്യാഭ്യാസവും ഇല്ല.
ആകെയുള്ള മാർഗം എന്തെങ്കിലും ജോലി ചെയ്യാം എന്നുള്ളതാണ്. അങ്ങനെ ഹോട്ടല്‍ പണിക്ക് പോയപ്പോഴാണ് സിനിമ കിട്ടിയത്. സിനിമയിൽ ഇങ്ങനെ ഒരു ജോലി കിട്ടിയപ്പോഴും അഭിനയം നമ്മൾ മോഹിച്ചില്ല. കാരണം നമുക്ക് അതില്‍ പാരമ്പര്യം ഇല്ല. അഭിനയം ചുമ്മാ എല്ലാവർക്കം ചെയ്യാന്‍ പറ്റുന്ന കേസല്ല. നാടകമോ, മിമിക്രിയോ അതും അല്ലെങ്കില്‍ മോണോ ആക്ട് പോലുമോ ഞാന്‍ ചെയ്തിട്ടില്ല. എങ്കിലും കളരിപ്പയറ്റുകാരനായതിനാല്‍ സിനിമയിലെ ഫൈറ്റുകള്‍ വരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മാനേജർ പണി എന്ന് പറഞ്ഞാൽ മൊത്തത്തിൽ നമ്മൾ ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. ത്യാഗരാജന്‍ മാഷ് ആണ് അന്ന് ലീഡ് ചെയ്യുന്നത്. പളനി മാസറ്ററും ശശി മാസ്റ്ററുമെല്ലാം ഉണ്ട്. ത്യാഗരാജന്‍ മാസ്റ്റർ ഫൈറ്റ് എടുക്കാന്‍ വരുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് ഫൈറ്റ് എടുക്കുന്നതെന്ന് നോക്കും. എടുത്ത സാധനം എഡിറ്റ് ചെയ്ത് വരുന്നതും കാണും. അപ്പോള്‍ അതിനോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായി.
അതിന് ഇടക്കാണ് കായംകുളം കൊച്ചുണ്ടി എന്ന് പറഞ്ഞ ഒരു സീരിയൽ എടുക്കുന്നത്. അത് 800 എപ്പിസോഡോളം പോയ സീരിയലായിരുന്നു. അതിന്റെ റൈറ്ററും ഡയറക്ടറും അഭിനയിക്കുന്ന ആളുകളൊക്കെയും എന്റെ ഫ്രണ്ട്സ് ആണ്. അതിൽ ഒരു ഫൈറ്റ് ചെയ്യാൻ വേണ്ടി വിളിച്ചതാണ് എന്നെ. സീരിയലില്‍ കൊച്ചുണ്ണിയുടെ മൂന്ന് കാലഘട്ടമാണ് കാണിക്കുന്നത്. ആദ്യം കുട്ടിക്കാലം, പിന്നെ മണിക്കുട്ടൻ, മണിക്കുട്ടനിൽ നിന്ന് പ്രകാശിലേക്ക് എന്നിങ്ങനെയായിരുന്നു അത്.
പ്രകാശിന്റെ ഇൻട്രോ ഫൈറ്റ് എടുക്കണം. അന്ന് വലിയ പ്രൊട്ടക്ഷൻ ഫെസിലിറ്റീസ് ഒന്നുമില്ല. ആകെ ഒരു ചാക്ക് വൈക്കോൽ ഉണ്ടാകും. അതൊരു ചാക്കിലാക്കി നിലത്ത് വിരിച്ചിട്ട് അതിന്റെ മുകളിലാണ് വീഴുന്നത്. മുകളിലാണ് വീഴുന്നത്. ഇന്നിപ്പോള്‍ ബെഡ് ആയി റോപ്പായി സാധനങ്ങളൊക്കെ ഡെവലപ്പ് ആയി. ആ സീരിയലില്‍ ഏകദേശം 280-300 ഫൈറ്റ് ചെയ്തു. യഥാർത്ഥത്തില്‍ അതില്‍ നിന്നാണ് ഫൈറ്റ് പഠിക്കുന്നത്. അല്ലാതെ ഒരു മാസ്റ്ററുടെ കീഴിൽ അസിസ്റ്റന്റ് ആയിട്ട് നിന്ന് പഠിച്ച ആളല്ല ഞാനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു ഗ്യാപ്പ് വന്ന്. ആ സമയത്താണ് നാവില്‍ ക്യാന്‍സർ വരുന്നത്. ആർ സിസി യിൽ ആയിരുന്നു അതിന്റെ ട്രീറ്റ്മെൻറ്. പല്ലെല്ലാം എടുത്തു കളഞ്ഞു. സാധാരണ ക്യാൻസർ വന്നു കഴിഞ്ഞാൽ ഇന്നല്ലെങ്കിൽ നാളെ മരിക്കുന്ന ഒരു വ്യക്തിയെ കാണുന്നത് പോലെയാണ് ആളുകൾ രോഗിയെ കാണുക. ഒരു സഹതാപമായിരിക്കും. ക്യാൻസർ വന്നാൽ പിന്നെ രക്ഷയില്ല അയാൾ മരിച്ചു പോകും എന്നുള്ള ഒരു ജഡ്ജ്മെന്റ് ആളുകൾ അങ്ങോട്ട് എഴുതിയിട്ടുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഒന്നുമില്ല. അങ്ങനെയാണെങ്കില്‍ ഞാൻ ഇവിടെ ഇരിക്കേണ്ട ആളല്ല.
എന്റെ ജോലി എക്സിക്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോൾ ചെയ്യുന്നത് വളരെ കഠിന കഠോരമായ ജോലി അല്ലേ. ഞാൻ എപ്പോഴും മോണിറ്ററിന്റെ താഴെ ഇരുന്ന് റോൾ ക്യാമറ ആക്ഷൻ കട്ട് അല്ലെങ്കിൽ വൺ മോർ അല്ലെങ്കിൽ ഓക്കേ എന്ന് പറയുന്ന ആളല്ല. ഞാൻ മോണിറ്റിന്റെ മുന്നില്‍ ഇരിക്കാറില്ല. എന്റെ ജഡ്ജ്മെൻറ് സ്ട്രൈറ്റ് ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അതായത് ഫ്രെയിം ഔട്ട് ആയാല്‍ നിങ്ങള്‍ തന്നെ കട്ട് പറഞ്ഞോളൂവെന്ന് ഞാന്‍ സംവിധായകരോടോ സഹസംവിധായകരോടോ പറയും.
അത്ര ഹെവി വർക്ക് ആണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് ക്യാന്‍സർ പിടിച്ച ആളുകള്‍ക്കും അസുഖം ഭേദമാകും. ക്യാന്‍സർ രോഗത്തിന്റെ ആദ്യത്തെ കടമ്പ ബയോപ്സി എന്ന് പറയുന്ന ചെക്കപ്പ് ആണ്. ഒരു അസുഖവുമായി ചെല്ലുമ്പോള്‍ ഡോക്ടർ അതിനെ സംശയാസ്പദമായിട്ട് കണ്ട്, അത് ക്യാൻസർ ആണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനാണ് ബയോപ്സി എന്ന് പറയുന്നത്.
13 വർഷം മുന്നേയൊക്കെ ബയോപ്സിയുടെ റിസല്‍ട്ടിനായി ഏഴ് ദിവസം കാത്തിരിക്കണം. എന്നെ സംബന്ധിച്ച് ഏറ്റവും വലിയൊരു കടമ്പ ആ ഏഴ് ദിവസമായിരുന്നു. ഏഴ് ദിവസം കഴിഞ്ഞിട്ട് ഇത് ക്യാൻസർ ആണെങ്കിലോ. എന്റേത് വലിയ കുടുംബമാണ്. ഞാന്‍ കിടന്ന് കഴിഞ്ഞാല്‍ എന്താകും എന്ന ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ സെറ്റപ്പൊക്കേയുള്ള വ്യക്തിയല്ലാലോ ഞാന്‍.
ഡോക്ടർ ജിജോ പോൾ ആണ് ചികിത്സിച്ചത്. അദ്ദേഹം വലിയ ധൈര്യം തന്നു. എന്തായാലും മരിക്കും, വണ്ടി ഇടിച്ചും മരിക്കാം, കറന്റ് അടിച്ചും മരിക്കാം. അങ്ങനെ കുറെ സംഭവങ്ങള്‍ കോർത്തിണക്കി ഞാന്‍ തന്നെ എന്റെ മനസ്സിനെ തയ്യാറാക്കി. ഒരുപാട് ആളുകള്‍ ക്യാൻസർ വന്ന് ഭയങ്കരമായിട്ട് വേദനയും വിഷമങ്ങളും ഒക്കെ ആയിട്ട് മരിച്ചതായിട്ട് നമുക്കറിയാം. അധികം ആളുകളും പേടിച്ചിട്ട് ടെസ്റ്റ് ചെയ്യാന്‍ പോകില്ല. അതിലൂടെ രോഗം മൂന്നും നാലും ഘട്ടങ്ങളിലേക്ക് എത്തും. അങ്ങനെ എത്തിയാല്‍ പ്രശ്നമാണ്. എന്റേത് ഫസ്റ്റ് സ്റ്റേജ് കണ്ടപ്പോള്‍ തന്നെ തിരിച്ചറിഞ്ഞു.
നേരത്തെ പരിശോധന നടത്തിയതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചു. ആ സമയത്ത് ചലചിത്ര അക്കാദമി ഭയങ്കരമായിട്ട് തന്നെ ഫിനാൻഷ്യലി സപ്പോർട്ട് ചെയ്തു. പിന്നെ എം രഞ്ജിത്താണ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നത്. അദ്ദേഹം ദിലീപിനറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. എക്സിക്യൂട്ടീവ് യൂണിയൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എല്ലാവരും സഹായിച്ചു.
എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാന്‍ സമയത്തും കയ്യില്‍ കാശ് ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് മോന്‍ വിളിച്ച് പണം ബാക്കിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തിന് എന്നെ കാണണം എന്ന് അറിയച്ചതിനെ തുടർന്ന് ദിലീപ് തന്നെ അയച്ച വണ്ടിയില്‍ സൗണ്ട് തോമ ലൊക്കേഷനില്‍ പോയി അദ്ദേഹത്തെ കണ്ടെന്നും അഷ്റഫ് ഗുരുക്കള്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications