'ഇപ്പോഴതിനുളള സ്വാതന്ത്ര്യമില്ല', ദൈവം ഒരു ദിവസം തരുമെന്ന് ദിലീപ്, ഒന്നും ഇല്ലാതെ മഞ്ജു പറയില്ലെന്ന് കമന്റ്
2017ലെ നടി ആക്രമിക്കപ്പെട്ട കേസിൽ 8ാം പ്രതിയായി ചേർക്കപ്പെട്ടതിന് ശേഷം ദിലീപിന്റെ സിനിമാ ജീവിതം വലിയ തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മ അടക്കം പ്രധാന സംഘടനകളിൽ നിന്നെല്ലാം ദിലീപിന് പുറത്ത് പോകേണ്ടതായി വന്നു. രാമലീല ഒഴികെ പുറത്ത് വന്ന ചിത്രങ്ങളെല്ലാം വലിയ പരാജയം നേരിട്ടു.
ജനപ്രിയ നായകനെന്ന് അറിയപ്പെടുന്ന ദിലീപിൽ നിന്ന് വലിയൊരു വിഭാഗം പ്രേക്ഷകർ അകന്ന് പോയപ്പോൾ മറ്റൊരു വിഭാഗം നടനൊപ്പം ഉറച്ച് നിന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രം തിയറ്ററുകളിൽ നല്ല രീതിയിൽ ഓടുന്നുണ്ട്. ചില കാര്യങ്ങൾക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയില്ലെന്നും അതിന് ഒരു ദിവസം വരുമെന്നും ദിലീപ് പറയുന്നു. പ്രിൻസ് ആൻഡ് ഫാമിലി ടീമുമൊത്തുളള പത്രസമ്മേളനത്തിലാണ് നടന്റെ പ്രതികരണം.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: രാമലീല എന്ന സിനിമ മുഴുവന്‍ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞതിന് ശേഷമാണ് തന്റെ ജീവിതത്തില്‍ നിങ്ങള്‍ കണ്ട വിഷയങ്ങള്‍ ഉണ്ടായത്. പക്ഷേ സിനിമയും ജീവിതവും തമ്മില്‍ എന്തോ കണക്ഷന്‍ പോലെ വന്നത് യാഥൃശ്ചികമായിട്ടാണ്. ഇതില്‍ ഏതാണ് സത്യം എന്ന അവസ്ഥയിലേക്ക് പ്രേക്ഷകര്‍ എത്തി. അവര്‍ക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തോന്നി. ചിലത് അങ്ങനെ സംഭവിക്കുന്നതാണ്.
ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടില്ല. തന്റെ കഥാപാത്രങ്ങള്‍ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്. അല്ലാതെ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാന്‍ എഴുത്തുകാരും സമ്മതിക്കില്ല. ഇതും കൂടി കയറ്റിക്കോ എന്ന് പറഞ്ഞാല്‍ അവരത് സമ്മതിക്കില്ല. കാരണം അങ്ങനെ വരുന്ന സാധനങ്ങള്‍ മുഴച്ച് നില്‍ക്കും. അതിന് ഫീല്‍ ഉണ്ടാകില്ല. അത് വേറെ ഒരാളെ അടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്.
താന്‍ ഇത്രയും കാലം, കഴിഞ്ഞ 8 വര്‍ഷമായിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടില്ല. സിനിമയെ കുറിച്ച് അല്ലാത്ത ഒരു വിഷയവും സംസാരിച്ചിട്ടില്ല. കാരണം തനിക്ക് അതിനുളള സ്വാതന്ത്ര്യം ഇല്ല. തനിക്ക് ഇന്ന കാര്യം സംസാരിക്കാന്‍ പാടില്ല, ഇന്നത് സംസാരിക്കാം എന്നുണ്ട്. പക്ഷേ ദൈവം തനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ തനിക്ക് പറയാനുളളത് താന്‍ പറയില്ല. സിനിമയിലൂടെ പറയുന്നത് തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത്, അല്ലെങ്കില്‍ ആ സിനിമയിലെ സാഹചര്യം ആവശ്യപ്പെടുന്നത് മാത്രമേ തന്റെ കഥാപാത്രം സംസാരിക്കുന്നുളളൂ, ദിലീപ് പറഞ്ഞു.
അതേസമയം ദിലീപിന്റെ വാക്കുകളോട് പ്രേക്ഷകരോട് സമ്മിശ്ര രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. '' മലയാളികൾക്ക് തിരിച്ചറിവ് ഉണ്ട്. അത് മറച്ചു വച്ചിട്ട് കാര്യം ഇല്ല. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ സിഐഡി മൂസ ആണ്. ആ സംഭവത്തിന് ശേഷം കണ്ടിട്ടില്ല. ഇനികാണുകയും ഇല്ല. നിങ്ങളെ പടവും കാണില്ല ഉറപ്പ് സേട്ടാ'', എന്നാണ് ഒരു കമന്റ് .
''നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. അത് മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോൾ. ഒരു കാര്യം ഇല്ലാതെ മഞ്ജു പറയില്ല. എത്ര വീട് ഉണ്ടെങ്കിലും എത്ര കാർ ഉണ്ടെങ്കിലും എത്ര പണം ഉണ്ടെങ്കിലും അവൻ നല്ലവൻ ആകുന്നതു ഒരു സ്ത്രീ ആദരിക്കുമ്പോഴും ബഹുമാനിക്കുമ്പോഴും ആണെന്ന് എത്ര ആദരവു ഉണ്ടെന്നു അവരുടെ നെഞ്ച് പൊട്ടിയുള്ള വാക്കുകൾ കേൾക്കുമ്പോ അറിയാം. നിങ്ങൾ ഒന്ന് കഴിഞ്ഞു അടുത്ത് കല്യാണം കഴിച്ചു. അവരോ ഇപ്പോഴും പഴയ രീതിയിൽ മുൻപോട്ട്. തീ ഇല്ലാതെ പുക ഉണ്ടാവില്ല. ഒരു തെറ്റും ചെയിതിട്ടില്ലെങ്കിൽ എന്തിനു 90 ദിവസം ജയിലിൽ കിടന്നു. കോടികൾ ചിലവാക്കി ഇപ്പോഴും.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. സ്നേഹം നഷ്ടപ്പെട്ടു. അത് മഞ്ജു പോയതോടു കൂടി'', എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന മറ്റൊരു പ്രതികരണം.
ദിലീപിനെ പിന്തുണച്ചും പ്രതികരണങ്ങളുണ്ട്. ''വിധി വന്ന ശേഷം അയാള് മാധ്യമങ്ങള്ക്ക് മുന്നിൽ വരും എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതാണ് ആണ്കുട്ടി. ഫുൾ കൺഫിഡൻസിൽ തന്നെ. വിധി എത്രയും വേഗം വരട്ടെ. 2017ലെ ഇൻ്റർവ്യൂ ആണ് മലയാളത്തിലെ ഏറ്റവും വ്യൂ ഉള്ള ഇൻ്റർവ്യൂ. അതുപോലെ ഒരു ദിവസം ജനങ്ങളോട് തുറന്നു സംസാരിക്കാൻ നിങ്ങൾക്ക് കഴിയും'' എന്നാണ് നടനെ പിന്തുണച്ചുളള ഒരു പ്രതികരണം.












Click it and Unblock the Notifications