'അത് തമാശരൂപേണ പറഞ്ഞത്, കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനല്ല'; ക്ഷമ ചോദിച്ച് ഷാജി കൈലാസ്
കൈരളി ടിവിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്. താൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തിട്ടുണ്ട് എന്ന പരാമർശത്തിന് പിന്നാലെയാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചത്. താൻ അങ്ങനെ പറഞ്ഞത് തമാശയായിട്ടാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് താനെന്നും അതുകൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ താൻ ശ്രമിക്കില്ലെന്നും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ തനിക്ക് അഭിമാനമാണുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജീ കൈലാസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
ഞാൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാൻ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ എം. വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാൽ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനൽ. വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് ഞാൻ. അത്കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ ഞാൻ ശ്രമിക്കില്ല. എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേർത്തുകൊള്ളട്ടെ, ഷാജി കൈലാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വല്യേട്ടൻ സിനിമ 1880 തവണ സംപ്രേഷണം ചെയ്തുവെന്ന നിർമാതാവിന്റെയും 1900 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായതന്റെ വാദം തെറ്റാണെന്ന് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ പറഞ്ഞിരുന്ന. ഈ വാദം വസ്തുതാപരമല്ലെന്നും ആദ്യ വർഷങ്ങളിൽ ഈ സിനിമ വിശേഷ ദിവസങ്ങളിൽ മാത്രമെ പ്രദർശിപ്പിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications