'ദി അപ്രൻ്റിസ്' നെതിരെ ട്രംപ്: പ്രകോപിപ്പിച്ചത് മുന്‍ മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം
കാന്‍ ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിച്ച 'ദ അപ്രന്റീസ്' എന്ന ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രമായ 'ദ അപ്രന്റീസ്' ല്‍ തന്നെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സെബാസ്റ്റിന്‍ സ്റ്റാന്‍ എന്ന താരം ട്രംപിന്റെ വേഷത്തില്‍ എത്തിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ഇറാനിയന്‍-ഡാനിഷ് സംവിധായകന്‍ അലി അബ്ബാസിയാണ്. കാനില്‍ പാം ഡി ഓർ അവാർഡിനായാണ് ദി അപ്രൻ്റിസ് മത്സരിക്കുന്നത്. കനേഡിയൻ, ഡാനിഷ്, ഐറിഷ് പിന്തുണയിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നിരവധി വിദേശ രാജ്യങ്ങളിൽ വിറ്റഴിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിലെ വിതരണം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കാനില്‍ ചിത്രം പ്രദർശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെടുകയും ട്രംപ് നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരികയും ചെയ്തത്. 1970-80 കളിൽ ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തെ ഭാഗങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഭാര്യ ഇവാനാ സഞ്ച്‌കോവയെ ട്രംപ് ബലാത്സംഗം ചെയ്യുന്നതായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
1989 ൽ ട്രംപില്‍ നിന്നും വിവാഹ മോചനം നേടുമ്പോള്‍ ബലാത്സംഗ ആരോപണം ഇവാന ഉയർത്തിയിരുന്നു. എന്നാല്‍ പിന്നീട് അവർ തന്നെ ഈ ആരോപണം പിന്‍വലിക്കുകയും ചെയ്തു. 2022 ല്‍ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇവാന മരിക്കുന്നത്. ട്രംപ്-ഇവാന വിവാഹ മോചനത്തിനൊപ്പം തന്നെ വ്യവസായ രംഗത്തേക്കുള്ള ട്രംപിന്റെ കടന്ന് വരവും വളർച്ചയുമെല്ലാം ചിത്രത്തില്‍ വിശദമായി പറയുന്നുണ്ട്.
2004 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ട്രംപ് ദ അപ്രന്റീസ് എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ നിർമ്മിച്ചിരുന്നു. 15 സീസണുകളും 192 എപ്പിസോഡുകളുമായാണ് ഷോ സംപ്രേഷണം ചെയ്തത്. ഈ റിയാലിറ്റി ഷോയുടെ പേര് തന്നെ സിനിമയ്ക്കും തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിന് കാനില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാല്‍ തന്നെ മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റ ഭാഗമാണ് ഈ സിനിമയെന്ന് ചൂണ്ടിക്കാട്ടി ട്രംപ് നിയമ നടപടിക്ക് ഒരുങ്ങുവെന്നവാണ് റിപ്പോർട്ട്. 2024 ല്‍ നവംബര്‍ 5 ന് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സിനിമ പുറത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിനിമ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ട്രംപിന്റെ ടീം അവകാശപ്പെടുന്നു.












Click it and Unblock the Notifications