ദുല്‍ഖറെ മാത്രമല്ല, മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വീഴ്ത്തി: ഇവരെ വെറുതെ വിടരുതെന്ന് നിർമ്മാതാക്കള്‍
ഓണ്‍ലൈന്‍ സിനിമ റിവ്യൂകള്‍ക്കെതിരായ മലയാള സിനിമാ പ്രവർത്തകരുടെ പോരാട്ടം ഹൈക്കോടതിയില്‍ വരെ എത്തി നില്‍ക്കുകയാണ്. മനഃപ്പൂർവ്വമായ ഡീഗ്രേഡിങ് സിനിമയെ തകർക്കുന്നുവെന്നാണ് സിനിമ മേഖല റിവ്യൂവർമാർക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. അതേസമയം തന്നെ മറുവശത്ത് ഇത്തരം സിനിമ റിവ്യൂകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
സിനിമ മോശമായതിന് റിവ്യൂവർമാരെ പറഞ്ഞിട്ട് കാര്യമില്ലെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. നല്ല സിനിമയാണെങ്കില്‍ എത്ര മോശം റിവ്യൂ ലഭിച്ചാലും ആളുകള്‍ കയറും. പണം മുടക്കി സിനിമ കണ്ടയാള്‍ അതേക്കുറിച്ച് നല്ല അഭിപ്രായം മാത്രം പറഞ്ഞാല്‍ മതിയെന്ന് പറയുന്നത് ശരിയാണോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.

റിവ്യൂകള്‍ വിലക്കിയാല്‍ അത് സിനിമാ മേഖലയ്ക്ക് തന്നെയാണ് തിരിച്ചടിയാകുകയെന്നും സൂചിപ്പിക്കുന്നവരുമുണ്ട്. പണ്ടത്തെ അപേക്ഷിച്ച്, ഒരു സിനിമ നല്ലതാണോ മോശമാണോയെന്ന അഭിപ്രായം അറിഞ്ഞിട്ട് കാണാന്‍ പോകുന്നവാണ് അധികവും. ആ സാഹചര്യത്തില്‍ റിവ്യൂ വിലക്കിയാല്‍ നല്ല സിനിമയ്ക്ക് ആളുകള്‍ കയറുന്നത് പോലും കുറയും. സ്ഥിരം തിയേറ്ററുകളില്‍ പോയി മോശം സിനിമകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന്‍ തിയേറ്ററില്‍ പോകുന്നത് തന്നെ നിർത്തുമെന്നും ആളുകള്‍ പറയുന്നു.
പ്രേക്ഷകരുടെ ഇത്തരം വാദങ്ങള്‍ക്ക് വിരീതമായ കാര്യമാണ് സിനിമ നിർമ്മാതാക്കള്‍ക്ക് പറയാനുള്ളത്. ഒരുമാസം പുറത്തിറങ്ങുന്ന സിനിമകളിൽ പാതിയെണ്ണവും ഓൺലൈൻ റിവ്യൂമാരുടെ ആക്രമണത്തിൽ തകർന്ന് വീഴുകയാണെന്നാണ് സിനിമ നിർമ്മാതാക്കളുടെ സംഘടന അവകാശപ്പെടുന്നത്. ഒരുമാസം 10 സിനിമകൾ ഇറങ്ങിയാൽ നെഗറ്റീവ് റിവ്യൂമൂലം അഞ്ചെണ്ണവും നഷ്ടത്തിലാണെന്നും നിർമ്മാതാക്കളുടെ സംഘടനയെ ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ ഒരു മാസം 20 കോടിയും ഒരു വർഷം 240 കോടിയുടേയും നഷ്ടം മലയാള സിനിമയ്ക്ക് മാത്രം ഉണ്ടാവുന്നു. രണ്ടുവർഷത്തെ കണക്കുനോക്കിയാൽ ആകെ വിജയിച്ച ചിത്രങ്ങൾ പത്തിൽ താഴെമാത്രം. മലയാളത്തില്‍ ഇറങ്ങുന്ന നല്ലൊരു ശതമാനം ചിത്രങ്ങളുടേയും പരാജയത്തിന് പിന്നില്‍ ഓണ്‍ലൈന്‍ റിവ്യൂവർമാരാണെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ റിവ്യൂവർമാരില്‍ കുറച്ച് പേർ മാത്രമാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. എണ്ണം കുറവാണെങ്കിലും ഇവർ ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതായിരിക്കും. രണ്ടുലക്ഷത്തി ഇരുപതിനായിരം മുതൽ എട്ടുലക്ഷം വരെ സബ്‌സ്‌ക്രൈബർമാർ ഉള്ളവർ ഇക്കൂട്ടത്തിലുണ്ട്. റിവ്യൂവർമാരില്‍ ഒരാള്‍ ഒരു നടനുമായുണ്ടായ പോലീസ് കേസിനെത്തുടർന്ന് ഇപ്പോള്‍ സിനിമാനിരൂപണത്തിൽനിന്ന് അല്പം അകന്ന് നില്‍ക്കുകയാണ്.
റിലീസ് കഴിഞ്ഞ് അല്പം കാത്തിരുന്ന് റിവ്യൂ ഇടുന്ന മറ്റൊരാളും മുമ്പത്തെപ്പോലെ തുടരെ സിനിമാനിരൂപണം നടത്താതെ മറ്റ് വിഷയങ്ങളിലുള്ള കണ്ടന്റുകളും ഇടുന്നുണ്ട്. ബാക്കിയുള്ളവരില്‍ രണ്ടുപേരാണ് പ്രധാനമായും സിനിമകളെ വലിയ തോതില്‍ ബാധിക്കുന്ന തരത്തില്‍ റിവ്യൂ ചെയ്യുന്നത്. റിലീസ് ദിവസം അഭിപ്രായരൂപവത്കരണം നടത്തുന്ന ഓൺലൈൻ ചാനലുകളും സിനിമയ്ക്ക് വെല്ലുവിളി ഉയർത്തുന്നതായി നിർമ്മാതാക്കള്‍ പറയുന്നു.
പണം നൽകിയില്ലെങ്കിൽ നെഗറ്റീവ് റിവ്യൂപറഞ്ഞ് സിനിമയെ തകർക്കും എന്ന ഭീഷണിയും സിനിമാ ലോകം നേരിടുന്നുണ്ട്. പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞത് ഒരു ഓൺലൈൻ ചാനലിന് നൽകുന്നത്. പണം നല്‍കിയാല്‍ തിേയറ്ററിനുമുന്നിൽനിന്നുള്ള അഭിപ്രായറിവ്യൂകളിൽ പോസിറ്റീവുമാത്രം. കിട്ടിയില്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ മാത്രമായിരിക്കും.
രണ്ടുവർഷത്തിനിടെ റിലീസ്ചെയ്തവയിൽ നെഗറ്റീവ് റിവ്യൂ പ്രതികൂലമായി ബാധിച്ച10 സിനിമകളേയും നിർമ്മാതാക്കളുടെ സംഘടന പരിചയപ്പെടുത്തുന്നുണ്ട്. 1. മരക്കാർ-അറബിക്കടലിന്റെ സിംഹം 2. കിങ് ഓഫ് കൊത്ത 3. രാമചന്ദ്രബോസ് ആന്റ് കമ്പനി, 4. ക്രിസ്റ്റഫർ 5. ജാനകി ജാനേ 6. മേ ഹും മൂസ 7. കാസർഗോൾഡ് 8. വെടിക്കെട്ട് 9. കാപ്പ 10. പൂവൻ എന്നിവയാണ റിവ്യൂ മോശമായി ബാധിച്ച സിനിമകള്‍.












Click it and Unblock the Notifications