'പിന്നീട് ആ സിനിമകൾ ഇറങ്ങി കഴിയുമ്പോൾ വിളിക്കാത്തത് നന്നായെന്ന് ആശ്വസിച്ചിട്ടുണ്ട്': ഗണേഷ് കുമാർ
റിലീസിന് മുൻപുള്ള പ്രസ് മീറ്റ് തള്ളുകൾ കണ്ട് ആ സിനിമയിൽ അവസരം കിട്ടാത്തത്തിൽ വിഷമം തോന്നിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് സിനിമ കണ്ട് നിരാശപ്പെടേണ്ടി വന്നിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ. പുതിയ സിനിമയായ ഗഗനചാരിയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
ഒരു സിനിമ ഇറങ്ങി പ്രേക്ഷകർ ഏറ്റെടുക്കുകയും നല്ല റിവ്യൂകൾ പുറത്തുവരികയും ചെയ്തതിന് ശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നത്, അത്തരത്തിൽ ഒന്ന് ആദ്യമായിരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പണ്ട് പല സിനിമകളുടെയും പ്രസ് മീറ്റിലെ തള്ളുകൾ കണ്ട് ഈ സിനിമയിലേക്ക് എന്നെ വിളിച്ചില്ലല്ലോ എന്ന് ഒരു നടൻ എന്ന നിലയിൽ വിഷമം തോന്നുകയും പിന്നീട് സിനിമ ഇറങ്ങി കഴിയുമ്പോൾ വിളിക്കാത്തത് നന്നായെന്ന് ആശ്വസിക്കുകയും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സിനിമ കണ്ട് സുരേഷ് ഗോപി തന്നെ ഫോണിൽ വിളിച്ച് നീ നന്നായി ചെയ്തുവെന്ന് പറഞ്ഞ് തന്നെ അഭിനന്ദിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരു സഹപ്രവർത്തകനിൽ നിന്ന് കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
അരുൺ ചന്തു സംവിധാനം ചെയ്ത് സിനിമ ഈ മാസം 21 ന് ആണ് തിയറ്ററുകളിൽ എത്തിയത്. ഡിസ്ടോപ്പിയൻ എലിയൻ ചിത്രമായ ഗഗനചാരിക്ക് തിയറ്റുകളിൽ നിന്ന് മികച്ച പ്രകടനമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാൽ പ്രേക്ഷകക്കും പുതിയ അനുഭവമാണ് സിനിമ നൽകുന്നത്.
ഈ ചിത്രം ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. കേരളത്തിൽ നടന്ന പോപ് കോണിന്റെ ഭാഗമായും പ്രദർശിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
ഇതിന് പുറമെ ചിത്രം മികച്ച വിഷ്വൽ എഫക്റ്റ് എന്ന വിഭാഗത്തിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ് , തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങിളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും സിനിമ പ്രദർശിപ്പിച്ചിരുന്നു.'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്ത് സംവിധാനം ചെയ്ത് ചിത്രം നിർമ്മിച്ചത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്.












Click it and Unblock the Notifications