പ്രതിഫലമായി വാങ്ങുന്ന ലക്ഷങ്ങള്‍ എന്ത് ചെയ്യുന്നു: ആ ചോദ്യം മമ്മൂട്ടിക്ക് ഇഷ്ടമായില്ല, ദേഷ്യം: നല്‍കിയ മറുപടി
മമ്മൂട്ടി വലിയ ദേഷ്യക്കാരനായിരുന്നുവെന്ന് മലയാള സിനിമാ രംഗത്തുള്ളവർ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. കാലം കടന്നുപോകുന്തോറും മമ്മൂട്ടിയുടെ ദേഷ്യപ്പെടുന്ന ആ സ്വഭാവത്തിലും സ്വാഭാവികമായ മാറ്റങ്ങൾ വന്നു. ഇന്ന് മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് ആരും അങ്ങനെ പറയാറില്ല. പുറമെ നിന്ന് നോക്കുമ്പോൾ ഭയമാണെങ്കിലും, അടുത്തറിഞ്ഞാൽ വെറും പാവമാണ് എന്ന രീതിയിലാണ് പല സിനിമാ പ്രവർത്തകരും ഇന്നത്തെ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്.
യഥാർഥത്തിൽ, ദേഷ്യം വരുമ്പോൾ തമാശ പറയുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്ന് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൈരളി ടിവിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസൻ ഈ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ആരാധകന്റെ ചോദ്യം മമ്മൂട്ടിയെ ദേഷ്യം പിടിപ്പിച്ചതും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രീനിവാസൻ ഓർമിപ്പിക്കുന്നത്.

ഒരിക്കൽ ഒരു ആരാധകൻ പുള്ളിയോട് ചോദിച്ചു, "മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ സിനിമകളിൽ അഭിനയിച്ച് ഇങ്ങനെ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയല്ലോ. ഈ പണമൊക്കെ എന്താണ് ചെയ്യുന്നത്?" ആ ചോദ്യം സ്വാഭാവികമായി ആർക്കും ഇഷ്ടപ്പെടില്ല. മമ്മൂട്ടിയെപ്പോലുള്ള ഒരാൾക്ക് ഒട്ടും ഇഷ്ടപ്പെടില്ല. അപ്പോൾ മമ്മൂട്ടി നൽകിയ ഉത്തരമാണ് ഏറെ ശ്രദ്ധേയമായത്.
"ഈ കിട്ടുന്ന പണമൊക്കെ ഇങ്ങനെ അടുക്കി വെക്കും. ഓരോ മാസവും കഴിയുന്തോറും ഇത് വലിയ ഒരു തുകയാകുമല്ലോ. അങ്ങനെ പഴയ കടലാസിന്റെ വിലയ്ക്ക് വാങ്ങാൻ വരുന്നവർക്ക് തൂക്കി വിൽക്കും. എന്നിട്ട് അതിൽനിന്ന് കിട്ടുന്ന കാശുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ കഴിച്ച് പോകും," എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരത്തിൽ ദേഷ്യം വന്നാൽ വലിയ തമാശ പറയുന്ന വ്യക്തിയാണ് അദ്ദേഹം.
ഒരു ദിവസം ഫോണിൽ കൂടി അഭിനയത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു, "മമ്മൂട്ടി, ഞാനൊക്കെ നിന്റെ പോലെ ഗ്ലാമർ കൊണ്ട് പിടിച്ചുനിൽക്കുന്നതല്ലല്ലോ. അഭിനയിക്കാനുള്ള കഴിവ് കൊണ്ട് പിടിച്ചുനിൽക്കുന്ന ആളല്ലേ?" "പിടിച്ചുനിൽക്കാൻ അഭിനയം എവിടെയെങ്കിലും കെട്ടിത്തൂക്കിയിട്ടുണ്ടോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരിക്കൽ ഒരു പരിപാടിക്കായി ഖത്തറിൽ എത്തിയപ്പോൾ, അതിന്റെ സംഘാടകർ വന്ന് മുറിയിലേക്ക് ഭക്ഷണം കൊണ്ടുവരാൻ പ്രയാസമാണെന്നും റസ്റ്റോറന്റിൽ പോയി കഴിക്കാമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും ചേർന്ന് റസ്റ്റോറന്റിലേക്ക് പോയി. ഡോർ തുറന്ന് നോക്കിയപ്പോൾ, അവിടെ ഒരു ജനസമുദ്രമാണ്. "എന്താണ് ഇത്രയും ആളുകൾ?" എന്ന് ചോദിച്ചപ്പോൾ, "അതൊന്നും വിഷയമല്ല, അവർ അവിടെയൊക്കെ നിന്നുകൊള്ളും," എന്നായിരുന്നു സംഘാടകരുടെ മറുപടി.
ഭക്ഷണമൊക്കെ കൊണ്ടുവന്ന് വിളമ്പുന്നതിനിടയിലും ആളുകൾ വന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. ആളുകൾ വന്ന് ഞാനും മമ്മൂട്ടിയും അടക്കം എല്ലാവരുടെയും കഴുത്തിൽ കൈയിട്ട് ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ടിക്കുകയാണ്. "ഫോട്ടോയല്ലേ, ഒന്ന് ചിരിക്കൂ ആശാനെ," എന്നൊക്കെ പറഞ്ഞ് അവർ തമ്മിൽ ചിരിയും ബഹളവുമായി.
സ്വാഭാവികമായും മമ്മൂട്ടി പൊട്ടിത്തെറിച്ചു. "മനുഷ്യനെ ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ലേ?" എന്ന് ചോദിച്ചാണ് അദ്ദേഹം കയർത്തത്. അപ്പോഴാണ് ഒരാൾ പറഞ്ഞത്, "അധികം ചൂടാകല്ലേ മിസ്റ്റർ, ഞങ്ങൾ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നത്." സിനിമാ നടീ-നടന്മാരുടെ കൂടെ ഭക്ഷണം കഴിക്കാൻ വേണ്ടി അവിടുത്തെ സംഘാടകർ ടിക്കറ്റ് വിറ്റിരിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്.
അത് ഒരു വൻ ചതിയായിരുന്നു. പാവങ്ങൾ വലിയ തുകയ്ക്ക് ടിക്കറ്റ് വാങ്ങിയിരിക്കുകയാണ്. ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഒരു രക്ഷയുമില്ല. അങ്ങനെ അവർ എല്ലായിടത്തും കയറിയിരുന്ന് ഫോട്ടോ എടുത്തു. ഈ ആരാധന എന്ന് പറയുന്നത് ഒരു നിയന്ത്രണവുമില്ലാത്ത കാര്യമാണ്. സിനിമാ ആരാധന പ്രത്യേകിച്ച്, എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications