'ഗൂഢാലോചന, വിശ്വാസവഞ്ചന,വ്യാജരേഖ ചമയ്ക്കല്‍'; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കേസ്
തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഏഴ് കോടി രൂപ സിനിമയ്ക്കായി താന്‍ മുടക്കിയെന്നും എന്നാല്‍ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് ഹർജിയിൽ പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ സിറാജ് ചൂണ്ടിക്കാട്ടിയിരുന്നു.

സിറാജ് നൽകിയ രണ്ടാമത്തെ ഹർജിയാണ് ഇത്. സിറാജിൻറെ ആദ്യ ഹർജിയിൽ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. അതീജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടയ്ക്കനാലിലേക്ക് യാത്ര പോകുന്ന ഒരു സംഘം സുഹൃത്തുക്കൾ അപ്രതീക്ഷിതമായി ഒരപകടത്തിൽ പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. യഥാർത്ഥ സംഭവത്തെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സിനിമയിലെ താരങ്ങളുടെ പ്രകടനവും മെയ്ക്കിങ്ങുമെല്ലാം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.
കേരളത്തോടൊപ്പം തന്നെ തമിഴ്നാട്ടിലും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 64കോടിയാണ് തമിഴകത്ത് നിന്ന് ഇതുവരെ സിനിമ നേടിയത്. കേരളത്തിൽ നിന്നും 71.8 കോടിയും കർണാടക - 15 കോടി, ആന്ധ്രാപ്രദേശ് - 10.3 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച കളക്ഷൻ.












Click it and Unblock the Notifications