'മാർക്കോയ്ക്കെതിരെ നടന്നത് ടാർഗറ്റഡ് ആക്രമണം; എന്ത് അർത്ഥത്തിൽ ആണ് ഇങ്ങനെയൊക്കെ പറയുന്നത്?'
മാർക്കോ സിനിമയുടെ ടിവി പ്രദർശനാനുമതി വിലക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നത്. എ സർട്ടിഫിക്കറ്റ് കാറ്റഗറിയില്‍ വരുന്ന ഇത്തരമൊരു വയലന്‍സ് സിനിമ ടിവിയില്‍ മാത്രമല്ല തിയേറ്ററിലും പ്രദശിപ്പിക്കരുതായിരുന്നുവെന്ന വാദക്കാരുമുണ്ട്. അതേസമയം തന്നെ മറുവശത്ത് ഇത്തരം നീക്കങ്ങള്‍ അനാവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
കൃത്യമായ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് മാർക്കോ എന്ന ചിത്രത്തിനെതിരെ നടക്കുന്നതെന്നാണ് അനുമോന്‍ എന്നയാള്‍ ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദ ഗ്രൂപ്പായ സിനിഫൈലില്‍ കുറിച്ചത്. പരാജയപ്പെട്ട ഒരു സിസ്റ്റത്തിന്റെ എല്ലാ പഴിയും മാർക്കോയുടെ മേൽ മനപ്പൂർവം കെട്ടിവെക്കുന്നത് പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. അനുമോന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

തുടർച്ചയായി നടന്ന ലഹരി- അക്രമ, കൊലപാതകങ്ങൾക്ക് എല്ലാം കാരണമായി ഒരു സിനിമയ്ക്കെതിരെ പറഞ്ഞ് വളരെ ടാർഗറ്റഡ് ആയ ഒരു ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊറിയൻ, വെസ്റ്റേൺ സ്ലാഷർ സിനിമയെ എല്ലാം വാനോളം പുകഴ്ത്തുന്ന മലയാളികളിൽ ഒരുകൂട്ടർ അത്തരത്തിൽ ഒരു ശ്രമം മലയാളത്തിൽ ഉണ്ടായപ്പോഴേക്കും വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ഒടിടി പ്ലാറ്റഫോമിൽ നിരോധിക്കണം എന്നൊക്കെ മുറവിളി കൂട്ടുന്നു. എന്തർത്ഥത്തിൽ ആണ് ഇങ്ങനൊക്കെ പറയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അതും ലോക സിനിമകൾ എല്ലാം ഒരു വിരൽ തുമ്പിൽ ലഭ്യമാവുന്ന ഇന്നത്തെ കാലത്ത്.
റോങ് ടേൺ, സോ പോലുള്ള ഏതാണ്ട് ആ ശ്രേണിയിൽ വരുന്ന ആ ചിത്രങ്ങൾ ഒക്കെ ബാൻ ചെയ്യുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു തുല്യമാണ്. ലോകസിനിമയിൽ തന്നെ ക്ലാസ്സിക് ആയി വാഴ്ത്തപ്പെടുന്ന സീരിയൽ കില്ലിംഗ് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഫിലിം ആണ് ഐ സോ ദി ഡെവിൾ. അതിന്റെ അൺകട്ട് വേർഷൻ കണ്ടാൽ തന്നെ നല്ല രീതിക്ക് വയലൻസ് ഉണ്ട്. ആ ജോണർ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ആൾക്കാരും കണ്ട പടം. ആ സിനിമ സമൂഹത്തെ സ്വാധീനിക്കും, കുട്ടികൾ അനുകരിക്കും എന്നൊക്കെയുള്ള ചിന്തകൾ കൊണ്ട് ആളുകൾ കാണാതിരുന്നെങ്കിൽ ആ സിനിമക്ക് ഇപ്പോഴും ലഭിക്കുന്ന കൾട്ട് സ്റ്റാറ്റസ് കിട്ടുമായിരുന്നോ? പോട്ടെ ആ പടം പിടിക്കുന്ന സമയത്തു അതിന്റെ ഡയറക്ടർക്ക്, നിർമാതാവിനുമൊക്കെ അങ്ങനെ ഒരു തോന്നൽ വന്നിരുന്നു എങ്കിൽ അങ്ങനെ ഒരു ചിത്രം തന്നെ സംഭവിക്കുമായിരുന്നോ?.
ആ പടം കണ്ടാൽ അതുപോലെ ഉള്ള കില്ലേഴ്സിനെ കൊണ്ട് ലോകം നിറയും എന്നൊക്കെ പറഞ്ഞാൽ അതു എന്തുമാത്രം ബാലിശമാണ്. സിനിമയെ സിനിമയായി കാണാൻ സാധിക്കാത്ത അപക്വ ആസ്വാദന നിലവാരം ആയിരുന്നില്ല നമുക്ക് ഉണ്ടായിരുന്നത്.അന്തം തമിഴ് സിനിമ നടൻ ഫാൻസിനെ കളിയാക്കാൻ നമ്മുടെ ഇടയിൽ തന്നെ പ്രചാരത്തിൽ ഉള്ള ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്. രജനികാന്ത് അപകടത്തിൽ പെടുമ്പോഴോ മറ്റോ അദ്ദേഹത്തിന് രക്ഷപെടാൻ സ്ക്രീനിലേക്ക് കത്തി വലിച്ചെറിഞ്ഞു പ്രദർശിപ്പിച്ചുകൊണ്ടിരുന്ന വെള്ള തുണി കീറിപ്പോയെന്ന്.
സിനിമയിൽ കാണുന്നത് എല്ലാം അതേപടി ജീവിതത്തിലേക്ക് പകർത്തുന്നകൾച്ചർ നമുക്ക് വന്നുചേർന്നിട്ടുണ്ട് എങ്കിൽ കളിയാക്കാൻ ഉപയോഗിച്ച തമിഴ് അന്തം ആരാധകനേക്കാൾ മോശമായ അവസ്ഥയാണ് ഇവിടുള്ളത് എന്ന് പറയേണ്ടി വരും. പരാജയപ്പെട്ട ഒരു സിസ്റ്റത്തിന്റെ എല്ലാ പഴിയും മാർക്കോയുടെ മേൽ മനപ്പൂർവം കെട്ടിവെക്കുന്നത് പോലെയാണ് തോന്നുന്നത്. മദ്യം പുകവലി ഒക്കെ പോലെ ഡ്രഗ്സും നോർമലൈസ് ചെയ്യപ്പെട്ടു. അതിന് തെളിവാണ് ഇത്രേം വ്യാപകമായി ക്രൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
മിനിമം ഒരു 7, 8 വർഷം മുന്നേ ഒരു സ്ട്രോങ്ങ് ഇനീഷ്യേറ്റീവ് എടുത്തിരുന്നു എങ്കിൽ സംഗതി ഇത്രേം വേഴ്സ്റ്റ് ആവില്ലായിരുന്നു. ഇതിപ്പോ ഒരുപാട് ഒരുപാട് വൈകി പോയി.
9 ആം ക്ലാസിൽ പഠിക്കുന്ന ലഹരിക്ക് അടിമയായ പയ്യൻ സ്വന്തം പെങ്ങളെ പീഡിപ്പിക്കുന്ന തരം ഹൈ ഇന്റൻസിറ്റി കുറ്റകൃത്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ചെറു പ്രായത്തിൽ എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കളിലേക്ക് എങ്ങനെ അവന് ആക്സസ് കിട്ടുന്നു? അതാണ് എല്ലാറ്റിനും മീതെ ഏറ്റവും ചിന്തനീയമായ ചോദ്യം. അതിൽ ഉണ്ട് എല്ലാം'












Click it and Unblock the Notifications