'ഞാനൊരു ഔട്ടായ നടനാണെന്ന് വിചാരിച്ചുവെന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു, ആട് 3 കോമഡി മാത്രമല്ല'; സൈജു കുറുപ്പ്
സിനിമാ പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ആട് 2.ഒന്നാം ഭാഗം വലിയ സാമ്പത്തിക പരാജയം ആയിരുന്നിട്ടും രണ്ടാം ഭാഗം എടുക്കാൻ നിർമ്മാതാവായ വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ തോമസും കൂടി തയ്യാറായതോടെ മലയാളികൾക്ക് ആഘോഷിക്കാനുള്ള ചിത്രമാണ് ശരിക്കും കിട്ടിയത്. ഏറെനാളുകൾക്ക് ശേഷം തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ അടക്കം എത്തിച്ച സിനിമയായിരുന്നു ആട് 2.
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായി അഭിനയിച്ച താരമായിരുന്നു സൈജു കുറുപ്പ്. അറക്കൽ അബു എന്ന താരത്തിന്റെ കഥാപാത്രം ആടിന്റെ ഒന്നാം ഭാഗത്തിൽ ഏറെ ചിരിപ്പിച്ചിരുന്നു. പിന്നീടാണ് ഇതേ കഥാപാത്രമായി രണ്ടാം ഭാഗത്തിലും സൈജു കുറുപ്പ് പ്രത്യക്ഷപ്പെട്ടത്. വടംവലി മത്സരത്തിന് പോവുന്ന ഷാജി പാപ്പൻ ഗ്യാങിലെ പ്രധാനിയായ അറക്കൽ അബുവിനെ പ്രേക്ഷകർ ഇരുകൈയും സ്വീകരിക്കുന്ന കാഴ്‌ച നാം കണ്ടതാണ്.

സൈജു കുറുപ്പ് അതുവരെ ചെയ്‌തതിൽ നിന്ന് വ്യത്യസ്‌തമായ വേഷമായിരുന്നു ഇത്. ഇപ്പോഴിതാ ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വേളയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സൈജു കുറുപ്പ്. എങ്ങനെയാണ് ആടിലേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് താരം ദി ന്യൂ ഇന്ത്യൻ എക്പ്രസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
സൈജു കുറുപ്പിന്റെ വാക്കുകൾ
മുൻപ് ആട് ചെയ്യുന്ന സമയത്ത് ഒരു ബ്രേക്ക് കിട്ടിയിരുന്നെങ്കിലും എനിക്ക് ഇടയ്ക്കിടെ സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഭയങ്കര ഫ്ലോ വന്നിട്ടില്ല. ചാൻസ് ചോദിച്ചിട്ടാണ് ആടിലേക്ക് ഞാൻ വരുന്നത്. ശരിക്കും ആദ്യം ഞാൻ ചാൻസ് ചോദിച്ച് മിഥുനെ ആദ്യം വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാനും എന്റെ ഫ്രണ്ട്സും വിചാരിച്ചത് ചേട്ടൻ ഒരു ഔട്ടായ നടനാണ് എന്നായിരുന്നുവെന്നാണ്. പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി.
അപ്പോൾ ഇവരെങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇനി ഇവരെ എങ്ങനെ ഇമ്പ്രസ് ചെയ്യിക്കും എന്നായിരുന്നു എന്റെ ചിന്ത. എന്തായാലും അവരെന്നെ കാസ്‌റ്റ് ചെയ്‌തു. അപ്പോൾ അവരെ ഒന്ന് ഇമ്പ്രസ് ചെയ്യണമല്ലോ. അപ്പൊ ഞാൻ അവരെ ഒന്നുകൂടി വിളിച്ചു. ഷൂട്ട് പറഞ്ഞ ഡേറ്റിന് തന്നെയല്ലേ എന്ന് ചോദിച്ചാണ് വിളിച്ചത്. ഞാൻ എന്തെങ്കിലും ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ടോ. എന്റെ പൊന്നു ചേട്ടാ നിങ്ങൾ താടിയും മീശയും വളർത്തിയിട്ട് ലൊക്കേഷനിലേക്ക് വരിക എന്നാണ് മിഥുൻ പറഞ്ഞത്.
പിന്നെ ലൊക്കേഷനിൽ വച്ചാണ് അറക്കൽ അബുവിനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റുന്നത്. അതങ്ങ് ചെയ്യുകയായിരുന്നു. ഞാൻ ഹോം വർക്ക് ചെയ്‌തിട്ടില്ല, മുൻപിലൊരു റഫറൻസ് പോലും ഉണ്ടായിരുന്നില്ല. സാധാരണ എന്തെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട്. ആട് ഒന്നാം ഭാഗത്തേക്കാൾ ബുദ്ധിമുട്ടായിരുന്നു ശരിക്കും പറഞ്ഞാൽ രണ്ടാം ഭാഗം. കാരണം ഒന്നാം ഭാഗത്തിൽ അറക്കൽ അബുവിനെ എല്ലാരും മനസിലാക്കി കഴിഞ്ഞിരുന്നു.
അയാൾ ബേസിക്കലി ഒരു പേടിത്തൂറിയാണ്. അപ്പോൾ ഇതെങ്ങനെ അഭിനയിക്കും എന്നതാണ്. ആട് മൂന്നാം ഭാഗം വെറും കോമഡി മാത്രമല്ല, വ്യത്യസ്‌തമായ ചില ജോണറിലൂടെയാണ് കഥ പോവുന്നത്. ഇപ്പോൾ അത് തുറന്ന് പറയാൻ സമയം ആയിട്ടില്ല. എങ്കിലും വളരെ രസകരമായിരിക്കും അതെന്ന് ഉറപ്പാണ്. അറക്കൽ അബുവിന് കുതിര സവാരി ഒക്കെയുണ്ട്. അതൊക്കെ ഇനി ചെറുതായിട്ടൊന്ന് പഠിക്കണം.












Click it and Unblock the Notifications