മോഹന്‍ലാലിനല്ലാതെ വേറാര്‍ക്ക് സാധിക്കും? വെറും 75 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബിലെത്തി ലാലേട്ടന്‍
മലയാളത്തിന്റെ ബോക്‌സോഫീസ് കിംഗ് എന്നാണ് മോഹന്‍ലാല്‍ അറിയപ്പെടുന്നത്. അങ്ങനെ വെറുതെ വന്ന പേരല്ല അത്. മലയാള സിനിമയിലെ ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. മലയാള സിനിമയിലെ ആദ്യ 50 കോടി, 100 കോടി, 150 കോടി, 250 കോടി സിനിമകള്‍ എല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. മാത്രമല്ല മലയാളത്തിലെ മൂന്ന് 200 കോടി ക്ലബ് സിനിമകളില്‍ രണ്ടും മോഹന്‍ലാലിന്റേതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഹന്‍ലാല്‍ സിനിമകള്‍ തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ നേര് മാത്രമായിരുന്നു ഇതിനൊരപവാദം. എന്നാല്‍ 2025 ല്‍ താന്‍ കേട്ട പഴികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ചുട്ട മറുപടി നല്‍കുന്ന മോഹന്‍ലാലിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ഈ വര്‍ഷം റിലീസ് ചെയ്ത രണ്ട് മോഹന്‍ലാല്‍ സിനിമകളും 200 കോടി ക്ലബില്‍ ഇടം നേടി.

വെറും ഒരു മാസത്തെ ഇടവേളയില്‍ ഇറങ്ങിയ ചിത്രങ്ങളാണ് (എമ്പുരാന്‍ -മാര്‍ച്ച് 27), (തുടരും-ഏപ്രില്‍ 25) ഇത് എന്നതാണ് ശ്രദ്ധേയം. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാന്‍ തിയേറ്ററിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുള്ള കുതിപ്പാണ് നടത്തിയത്. റിലീസ് ചെയ്ത് വെറും 40 മണിക്കൂറിനുള്ളില്‍ ആണ് എമ്പുരാന്‍ 100 കോടി ക്ലബില്‍ കയറിയത്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടം എന്ന ലേബലുമായാണ് എമ്പുരാന്‍ കുതിപ്പ് അവസാനിപ്പിച്ചത്.
എമ്പുരാന്‍ നിര്‍ത്തിയിടത്ത് നിന്നാണ് തുടരും തുടങ്ങിയത്. വലിയ കോലാഹലങ്ങളൊന്നുമില്ലാതെ എത്തിയ തുടരും കുടുംബ പ്രേക്ഷകരെ ഒന്നടങ്കം വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിച്ചു. കുടുംബനായകനായുള്ള മോഹന്‍ലാലിന്റെ തിരിച്ചുവരവ് അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമ ആഘോഷമാക്കി. തുടരും ഒടിടിയില്‍ എത്തിയതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ ഛോട്ടാമുംബൈ റീ റിലീസ് ചെയ്തത്.
2007 ല്‍ പുറത്തിറങ്ങിയ സിനിമയുടെ റീമാസ്റ്റേര്‍ഡ് 4കെ പതിപ്പാണ് തിയേറ്ററില്‍ എത്തിയത്. പാട്ടും ഡാന്‍സും ആക്ഷനും കോമഡിയുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പവര്‍ഹൗസായ സിനിമ റീ റിലീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് രണ്ട് കോടിയോളം രൂപ കളക്ട് ചെയ്തു എന്നാണ് വിവരം. ഒരു റീ റിലീസ് സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച കളക്ഷനാണ് ഇത്.
ഇതോടെ വെറും 75 ദിവസത്തിനുള്ളില്‍ വ്യത്യസ്ത ചിത്രങ്ങളിലായി 500 കോടി ക്ലബില്‍ കയറിയ താരം എന്ന റെക്കോഡും മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുകയാണ്. എമ്പുരാന്‍ ആകെ 266.3 കോടി കളക്ട് ചെയ്തപ്പോള്‍ തുടരും 233 കോടി രൂപയാണ് പോക്കറ്റിലാക്കിയത്. ഛോട്ടാമുംബൈയുടെ കളക്ഷന്‍ കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ 500 കോടി ക്ലബ് പിന്നിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.
മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡാണ് ഇത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയും ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിന്റെ ഗോകുലം ഗോപാലനും ചേര്‍ന്നാണ് നിര്‍മിച്ചത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മ്മിച്ചിരിക്കുന്നത്.
തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ നിര്‍മിച്ചത് നടന്‍ മണിയന്‍പിളള രാജുവായിരുന്നു. തുടരും, ഛോട്ടമുംബൈ എന്നീ സിനിമകളില്‍ മണിയന്‍പിള്ള രാജുവും വേഷമിട്ടിട്ടുണ്ട്. അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം ആണ് മോഹന്‍ലാലിന്റേതായി മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന അടുത്ത സിനിമ.












Click it and Unblock the Notifications