'ഞങ്ങൾ അന്ന് അനുഭവിച്ചത് തന്നെയാണ് സിനിമയിൽ കാണിച്ചത്, കരഞ്ഞുപോയി'; യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു
ജാനേ മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്‌സ് മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ നിറയുകയാണ്. 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. കൂടാതെ വമ്പൻ താരനിരയും ഉൾക്കൊള്ളുന്ന ചിത്രം 2006 നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. ഇപ്പോഴിതാ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.
'ഒരു രാത്രികൊണ്ട് സ്‌റ്റാർ ആയവരല്ല ഞങ്ങൾ.2006 തൊട്ട് സെലിബ്രറ്റിസ് ആയിരുന്നു ഞങ്ങൾ. എന്നാൽ അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതിനാൽ ഇത്രത്തോളം ആളുകൾ അറിഞ്ഞിരുന്നില്ല. അന്നും ഭയങ്കര വർത്തകളായിരുന്നു. കുട്ടേട്ടന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് കിട്ടി.അന്ന് എല്ലാ പത്രങ്ങളിലും, ന്യൂസ് ചാനലുകളിലും ഒരുപാട് വാർത്തകൾ വന്നതാണ്' ,മഞ്ഞുമ്മൽ ബോയ്‌സ് അംഗങ്ങൾ പറയുന്നു.

പലരും ഈ സംഭവം സിനിമയാക്കാൻ വന്നെങ്കിലും അവർക്കൊന്നും അതിന് സാധിച്ചില്ലെന്നും സംഘം പറയുന്നു. 'പലരും സിനിമയാക്കാൻ വേണ്ടി വന്നിരുന്നു.എന്നാൽ അതൊന്നും നടന്നില്ല. കാരണം അതൊരു ചെറിയ സ്കെയിലിൽ ചെയ്യാൻ പറ്റുന്ന സിനിമയായിരുന്നില്ല. അത്രയും വലിയൊരു സംഭവമായതിനാൽ അതിന് അനുസരിച്ച് വലിയ സെറ്റൊക്കെ ഇട്ട് വേണമായിരുന്നു ചെയ്യാൻ. ഇവർ വന്നപ്പോഴും നടക്കില്ലെന്ന് വിചാരിച്ചത്' അവർ മനസ് തുറന്നു.
'ഞങ്ങൾ അന്ന് അനുഭവിച്ചത് തന്നെയാണ് അവർ സിനിമയിൽ കാണിച്ചത്. അതിനേക്കാളും കൂടുതൽ സങ്കടം ഒന്ന് കൂടി വന്നു. എല്ലാം അറിയാമായിരുന്നിട്ടും ഞങ്ങൾ പോലും സിനിമ കണ്ട് വേദനിപ്പിച്ചു. ഈ ഫ്രണ്ട്ഷിപ്പ് ബോണ്ട് അത്രയധികം മനോഹരമായി അവതരിപ്പിച്ചതിന് ചിദംബരത്തിന് ഒരു നന്ദിയും അറിയിക്കുന്നു' അവർ പറഞ്ഞു.
'ശരിക്കും സിനിമ കണ്ട് കഴിഞ്ഞിട്ട് വീട്ടിൽ ഞങ്ങൾ എങ്ങനെയാണോ അങ്ങനെയാണ് ചിത്രത്തിൽ ഉള്ളത് എന്നാണ് അമ്മമാർ പറഞ്ഞത്. നേരത്തെ തന്നെ ഞങ്ങളെ പഠിച്ച് ചെയ്‌തതാണ് അവർ. നമ്മൾ എല്ലാവരുടെയും കാര്യങ്ങൾ എടുത്ത് അവർ നന്നായിട്ട് ചെയ്‌തു.' സംഘം വ്യക്തമാക്കി. അന്നത്തെ സംഭവങ്ങളും അവർ ഓർത്തെടുത്തിരുന്നു. 'അന്ന് ആ നെഞ്ച് പൊട്ടിയുള്ള വിളിയിലായിരുന്നു സുഭാഷ് ശരിക്കും ഓൺ ആയത്. അതില്ലായിരുന്നെങ്കിൽ' അവർ പറഞ്ഞു.
'നെഗറ്റീവ് കമന്റ് പറയുന്നവർക്ക് അറിയില്ല, എന്താണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന് പലർക്കും അറിയില്ല. അത് കൃത്യമായിട്ട് ഇതിൽ കാണിക്കുന്നുണ്ട്. നെഗറ്റീവ് പറയുന്നവർ വിഡ്ഢിത്തരമാണ് ചെയ്യുന്നത്. ഇവരുടെ കൂട്ട് എന്താണെന്ന് അറിയില്ല. ചിദംബരത്തെ സമ്മതിക്കണം' റിയൽ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു.
'വീട്ടുകാർ ഫുൾ ടൈം ഇരുന്ന് കരഞ്ഞു. ഞങ്ങളും കരഞ്ഞു പിന്നെയാണ് അവർ. കൊച്ചുങ്ങൾ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. മുഴുവൻ കഥയും വീട്ടുകാർ അറിഞ്ഞിരുന്നില്ല.' അവർ തുറന്നുപറഞ്ഞു. സിനിമ കണ്ടതിന് ശേഷം വീട്ടുകാരുടെ പ്രതികരണം വല്ലാത്തൊരു അനുഭവമായിരുന്നു എന്നാണ് ശരിക്കും ഗുണാ കേവിൽ വീണ സുഭാഷ് പറഞ്ഞത്.
'സിനിമ കണ്ടിട്ട് അമ്മ കരയുകയായിരുന്നു. അമ്മയ്ക്ക് ഈ കാര്യങ്ങളെ കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. കണ്ടുകഴിഞ്ഞപ്പോൾ കരച്ചിലായിരുന്നു ബഹളമായിരുന്നു. രാത്രി കെട്ടിപിടിച്ച് ഒരു ഉമ്മയൊക്കെ തന്നിട്ടാണ് അമ്മ ഉറങ്ങിയത്.' സുഭാഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications