'ഫെഫ്‌കയിലെ 90 ശതമാനം പേർക്കും ബി ഉണ്ണികൃഷ്‌ണനെ ഇഷ്‌ടമല്ല, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല അയാൾ'; ശാലു പേയാട്
കൊച്ചി: ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്‌ണനെതിരെ വീണ്ടും ആഞ്ഞടിച്ച് ശാലു പേയാട്. നേരത്തെയും ശാലു ഉണ്ണികൃഷ്‌ണനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം സംഘവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി ശാലു പേയാടിനെ ഫെഫ്‌കയിൽ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിലയിലേക്ക് വലിയ വിവാദങ്ങൾക്ക് തുടക്കമായത്.
ബി ഉണ്ണികൃഷ്‌ണൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നത് ഉൾപ്പെടെയാണ് ശാലു ആരോപിക്കുന്നത്. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരുടേയും കാലു പിടിച്ചോ ആസനം താങ്ങിയോ കിട്ടുന്ന ജോലി തനിക്ക് വേണ്ടെന്നും ബി ഉണ്ണികൃഷ്‌ണൻ നിങ്ങൾ ആരും ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളല്ലെന്നും ശാലു പേയാട് ആരോപിച്ചു.

തന്നെ സസ്‌പെൻഡ് ചെയ്യാൻ ഇടയായ കാരണങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം പറഞ്ഞ എല്ലാ ആരോപണങ്ങളും ശാലു പേയാട് ആവർത്തിച്ചു. യൂണിയൻ ഒരു കൂട്ടായ്‌മ ആണെന്നും ഒരാൾക്ക് ആപത്ത് ഘട്ടം വരുമ്പോഴാണ് സഹായിക്കേണ്ടതെന്നും താൻ പറഞ്ഞുവെന്നും അതിന് പിന്നാലെ വന്ന സഹായത്തിൽ തലപ്പത്ത് ഇരിക്കുന്നവർക്ക് ഈഗോ അടിച്ചെന്നും അതാണ് തന്നെ പുറത്താക്കിയതെന്നും ശാലു ആരോപിക്കുന്നു.
ശാലു പേയാടിന്റെ വാക്കുകൾ
വാശിക്ക് വാശി, നമ്മളൊക്കെ സാധാരണക്കാർ അല്ലേ. വായിൽ വെള്ളിക്കരണ്ടിയുമായി ഒന്നും ജനിച്ചവരല്ല. പരമാവധി താഴ്ന്ന് നിൽക്കുകയാണ്, ഇനി താഴാൻ ഒന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ബി ഉണ്ണികൃഷ്‌ണൻ ആയാലും, എന്നെ കൊല്ലുമെന്ന് സോഹൻ സീനുലാൽ ആയാലും ഇവരാരും നമ്മുടെ മേലെയുമല്ല താഴെയുമല്ല. ഇവരാരും വെറുതെ 100 രൂപ പോലും തരില്ല. നല്ല പോലെ അധ്വാനിച്ചാണ് നമ്മൾ പൈസ ഉണ്ടാക്കുന്നത്.
ഇവരുടെ ധാരണ എന്താണെന്ന് വച്ചാൽ അവരുടെ ഔദാര്യം കൊണ്ടാണ് നമ്മൾ ജീവിച്ചു പോവുന്നത് എന്നാണ്. ഒരു മാടമ്പിത്തരം പരിപാടികളാണ്. എനിക്ക് ഭീഷണി കോളുകൾ ഒരുപാട് വരുന്നുണ്ട്, അതിൽ പ്രധാനം സോഹൻ ലാലിന്റേതാണ്. ഉണ്ണികൃഷ്‌ണനെതിരായ വീഡിയോ മോശമായി പോയി എന്ന് പറഞ്ഞ് അയാൾ വിളിച്ചിരുന്നു. എന്റെ സസ്‌പെൻഷൻ കാര്യം പറയാൻ അയാളെ കുറഞ്ഞത് പത്ത് തവണയെങ്കിലും ഞാൻ വിളിച്ചുകാണും.
എന്നെ ഫോൺ ചെയ്‌തിട്ട് സോഹൻലാൽ ഭീഷണി മുഴക്കിയിരുന്നു. ഇനി നിങ്ങൾ വല്ലതും പറഞ്ഞാൽ, കൊച്ചിയിൽ ഇറങ്ങിയാൽ നിങ്ങളുടെ കൈയും കാലും വെട്ടിയെടുത്ത് കളയും, നിങ്ങളെ കൊന്ന് കളയും. ഞാൻ ആരാണെന്ന് നിനക്കറിയില്ല എന്നൊക്കെ. ഞാനും തിരിച്ചു പറഞ്ഞു. അയാൾ തെറി വിളിച്ചപ്പോൾ ഞാനും പത്ത് പറഞ്ഞുകാണും.
അവിടെ കണക്ക് അവതരണം ഒന്നുമില്ല. തലപ്പത്തുള്ളവർ ഒരു കണക്ക് പറയുന്നു എല്ലാവരും കൈയടിക്കുന്നു. ബി ഉണ്ണികൃഷ്‌ണൻ തനി മാടമ്പിത്തരം പരിപാടിയാണ് കാണിക്കുന്നത്. ഇത് പത്തൊമ്പതാം നൂറ്റാണ്ട് ആണെന്നാണ് അയാൾ ഇപ്പോഴും വിചാരിക്കുന്നത്. ആകെയുള്ളത് ഒരു ഹിറ്റ് പടമാണ്, അത് തന്നെ ഹിറ്റെന്ന് പറഞ്ഞൂടാ.
ഫെഫ്‌കയിലെ 90 ശതമാനം പേർക്കും ബി ഉണ്ണികൃഷ്‌ണൻ എന്ന ഇഷ്‌ടമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇയാൾ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയൊരു ആളേ അല്ല. ഇയാൾ ഒരിക്കലും ടെക്‌നീഷ്യന്മാർക്ക് ഒപ്പം നിൽക്കുന്ന ആളല്ല. ഇയാൾക്ക് സ്വന്തമായി തിയേറ്ററുണ്ട്, പ്രൊഡ്യൂസറാണ്. സ്‌തുതിപാഠകർ ഉള്ളിടത്തോളം കാലത്ത് ഇങ്ങനെ തന്നെ തുടരും.
ഒരുത്തന്റെയും കാല് പിടിച്ചിട്ടും ആസനം താങ്ങിയിട്ടും എനിക്ക് അങ്ങനെയൊരു ജോലി വേണ്ട. ഒരു മൂന്ന് നാല് വർഷം മുൻപ് മോഹൻലാൽ ഫോട്ടോ കോണ്ടസ്റ്റ് എന്ന പേരിൽ ഒരു പരിപാടി നടന്നിരുന്നു. അന്നത്തെ ഭാരവാഹികൾ 18 ലക്ഷം രൂപ തട്ടിയിരുന്നു. അത് ചോദ്യം ചെയ്‌തപ്പോൾ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞത് അയാൾ സംഘടന തുടങ്ങുന്ന കാലത്ത് എന്റെ കൂടെ നിന്നതാണ് ആ പൈസ മറന്നേക്കൂ എന്നായിരുന്നു.












Click it and Unblock the Notifications