'സുധിച്ചേട്ടൻ ഇപ്പോഴില്ലല്ലോ, ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടോ എന്ന് അവർക്കറിയുമോ', തുറന്നടിച്ച് രേണു
കോട്ടയം: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു സുധി നിരവധി തവണയാണ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയയായിട്ടുളളത്. ഏറ്റവും ഒടുവിൽ രേണു ചെയ്ത റീൽ ആണ് സോഷ്യൽ മീഡിയയിലെ കെയറേട്ടന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഗാനമാണ് രേണു റീലായി ചെയ്തിരിക്കുന്നത്. പിന്നാലെ സദാചാര ക്ലാസ് മുതൽ അശ്ലീല കമന്റുകൾ വരെ നീളുന്ന രൂക്ഷമായ സൈബർ ആക്രമണത്തിനാണ് രേണു ഇരയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാകില്ലെന്ന് പറയുകയാണ് രേണു സുധി. ന്യൂസ് 18 കേരളത്തിനോടാണ് രേണുവിന്റെ പ്രതികരണം.

നെഗറ്റീവ് കമന്റുകളൊന്നും തന്റെ മനസ്സിനെ ബാധിക്കില്ലെന്ന് രേണു പറയുന്നു. ''തന്റെ ഭര്‍ത്താവ് ഈ ലോകത്ത് നിന്ന് വിട്ട് പിരിഞ്ഞതിന്റെ അത്രയും വേദന നെഗറ്റീവ് കമന്റുകള്‍ക്കില്ല. എന്തും നേരിടാന്‍ തയ്യാറായി തന്നെയാണ് ജീവിക്കുന്നത്. നെഗറ്റീവ് കേള്‍ക്കുമ്പോള്‍ നമ്മളെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ക്ക് വിഷമമാകും. രേണൂ നിന്നെപ്പറ്റി ഇങ്ങനെ പറയുന്നു അങ്ങനെ പറയുന്നു എന്നൊക്കെ പറയും. താനത് ശ്രദ്ധിക്കാറില്ല.
ഓരോരുത്തരും ഓരോ തരക്കാരാണ്. ചിലവര്‍ക്ക് കുശുമ്പ് കൊണ്ട് ഇവളെ എന്ത് ചെയ്യണം, എങ്ങനെ തകര്‍ക്കണം എന്നോര്‍ത്താണ് ഇത്തരം കമന്റുകളിടുന്നത്. അല്ലാതെ സുധിച്ചേട്ടനോടുളള ആത്മാര്‍ത്ഥ സ്‌നേഹം കൊണ്ടൊന്നും അല്ല. ഞാന്‍ തകരത്തില്ല. അത് വേറെ കാര്യം. അത് ഈ നെഗറ്റീവ് കമന്റുകളിടുന്ന മണ്ടന്മാര്‍ക്ക് അറിയില്ല.
അതുകൊണ്ട് താന്‍ വേദനിക്കില്ല. എന്നെ പിന്തുണയ്ക്കുന്ന കുറച്ച് പേരുണ്ട്. എന്റെ കുടുംബം, എന്റെ മൂത്ത മകന്‍ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഫേക്ക് പ്രൊഫൈലുകളില്‍ നിന്നുളള നെഗറ്റീവ് കമന്റുകളില്‍ വിഷമിക്കില്ല. നേരത്തെയൊക്കെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ടായിരുന്നു. പിന്നെ നിര്‍ത്തി''.
''നെഗറ്റീവ് പറഞ്ഞവരും ആ റീല്‍ കണ്ടല്ലോ. അതാണ് നമ്മുടെ വിജയം. ദാസേട്ടന്‍ കോഴിക്കോടും മറ്റുളളവരും തന്നെ ഒരുപാട് പിന്തുണച്ചത് കൊണ്ടാണ് ആ വീഡിയോ മനോഹരമായി ചെയ്യാന്‍ സാധിച്ചത്. ഇത് പോലെ അശ്ലീല കമന്റുകള്‍ താന്‍ വേറെ കേട്ടിട്ടില്ല. ഇപ്പോള്‍ താന്‍ നാടകത്തിന്റെ തിരക്കിലാണ്''. ദാസേട്ടന്‍ ഇനിയും റീല്‍ ചെയ്യാന്‍ വിളിച്ചാല്‍ പോയി ചെയ്യുമെന്നും രേണു പറഞ്ഞു.
''ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ കുറേ കെയര്‍ ഏട്ടന്മാര്‍ ഇരുന്ന് കുറ്റം പറയുന്നു. ഇവരൊക്കെ ഏത് ആങ്ങളമാരാണ്. ഇവരെയൊന്നും താന്‍ നേരത്തെ കണ്ടിട്ടില്ലല്ലോ. ഞങ്ങള്‍ ക്യാമറയും ക്രൂവും ഒക്കെയായി ചെയ്‌തൊരു റീല്‍ ഇത്ര വലിയ കുറ്റമായി മാറുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. സുധിച്ചേട്ടന്റെ കെയറിനെ കുറിച്ചാണ് പറയുന്നത്.
സുധിച്ചേട്ടന്‍ ഇപ്പോള്‍ ഇല്ലല്ലോ, പോയല്ലോ. സുധിച്ചേട്ടന്റെ സാന്നിധ്യം തനിക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ്. സുധിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടോ എന്ന് താനാണ് അറിയുന്നത്. ഈ പറയുന്ന കമന്റിടുന്നവര്‍ക്ക് സുധിച്ചേട്ടനെ അറിയില്ലല്ലോ. ദാസേട്ടന്റെ കൂടെ ഒരുപാട് നടിമാര്‍ അഭിനയിച്ചിട്ടുളളതാണ്.. അവര്‍ക്കൊന്നും ഇല്ലാത്ത കുഴപ്പം താന്‍ അഭിനയിച്ചപ്പോള്‍ എന്താണ്. അഭിനയം വേറെ, ജീവിതം വേറെ. ഇത് രണ്ടും കൂട്ടിക്കുഴയ്ക്കുന്ന ചില മലയാളികളോട് ഇതില്‍ക്കൂടുതല്‍ എന്ത് പറയാനാണ്'', രേണു ചോദിക്കുന്നു.












Click it and Unblock the Notifications