കാലുവാരിയ ഡബ്ല്യുസിസി അംഗമായ സ്ഥാപക നടിയെ കുറിച്ച് ചോദ്യം; നടി പാർവതി തിരുവോത്തിന് പറയാനുള്ളത് ഇതാണ്
സിനിമ മേഖലയിലെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. പല നടിമാരും ലൈംഗികാതിക്രമത്തിന് ഇരയായെന്നും കടുത്ത നീതിനിഷേധമാണ് സിനിമ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കാൻ തന്നെ കാരണമായ ഡബ്ല്യുസിസി എന്ന സംഘടനയിലെ അംഗങ്ങൾക്ക് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായൊരു നടി തന്റെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി കമ്മിറ്റിക്ക് മൊഴി നൽകിയെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഡബ്ല്യുസിസിക്ക് ആരിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സിനിമയിൽ നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ലെന്നും ആ നടി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഒപ്പം നിന്ന് കാലുവാരിയത് ആരാണെന്ന ചർച്ച ചൂട് പിടിക്കുകയാണ്. ഇപ്പോഴിതാ ഈ നടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടി പാർവതി തിരുവോത്ത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഒരു രീതിയിലും ഇതിന് മറുപടി പറയേണ്ട അവസ്ഥ എനിക്ക് തോന്നിയിട്ടില്ല,കളക്ടീവ് അതിനെ കുറിച്ച് ഒരു കമന്റും പറയുന്നില്ല. ഒരുപക്ഷെ എനിക്ക് തോന്നുന്നത്, നമ്മുക്ക് വലിയ വിഷയമാണ് നമ്മുടെ കൈയ്യിൽ ഉള്ളത്. വേറൊരു വ്യക്തിയെ പ്രത്യേകിച്ചൊരു സ്ത്രീയെ ഇതിലേക്ക് കൊണ്ടുവന്ന് വിവാദം ഉണ്ടാക്കാൻ താത്പര്യപ്പെടുന്നില്ല. നമ്മുക്ക് ഈ യാത്രയ്ക്കൊരു ഉദ്ദേശശുദ്ധിയുണ്ട്. അതുമാത്രം ഫോക്കസ് ചെയ്ത് പോകുകയേ ഉള്ളൂ ഞങ്ങൾ. ഇതിന് മുൻപ് എത്രയോ പേർ കളക്ടീവിന്റെ ഭാഗമായിട്ടുണ്ട്, ഭാഗമല്ലാതെ പോയിട്ടുണ്ട്. ഓരോരുത്തരുടേയും സംഭാവനയ്ക്ക് ഞങ്ങൾ വലിയ വില കൊടുക്കുന്നുണ്ട്. എന്നാൽ ഈ പോയിന്റിൽ ഇതല്ല എന്റെ ഫോക്കസ്', പാർവതി പറഞ്ഞു.
ആ നടിയെ കുറിച്ച് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഡബ്ല്യുസിസിയിലെ മറ്റൊരു അംഗമായ നടി രേവതിയും പ്രതികരിച്ചത്.'സംഘടന വിട്ട് പോയവരെ കുറിച്ച് സംസാരിക്കാനില്ല. ഇനി അതൊന്നും ചർച്ച ചെയ്യണമെന്നുമില്ല. അവർ പറഞ്ഞത് പറഞ്ഞു. ചർച്ചയാക്കേണ്ട കാര്യമില്ല', രേവതി പറഞ്ഞു.
റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും രേവതി പറഞ്ഞു. ' ഞങ്ങൾ അങ്ങനെ പറയില്ല. കാരണം കമ്മറ്റിക്ക് മുന്നിൽ ഒരുപാടു പേർ വന്ന് അവരുടെ അനുഭവങ്ങൾ മനസു തുറന്നു സംസാരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അതിൽ ഉണ്ടാകും. അവരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കേണ്ടതുണ്ട്. റിപ്പോർട്ട് അതിനുവേണ്ടിയല്ല. ആൾക്കാരെ കുറ്റപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അല്ല ഈ റിപ്പോർട്ട്. ഇതൊരു പഠനമാണ്. ഈ പഠനത്തിൽ നമ്മൾ പ്രവർത്തിക്കാൻ തയ്യാറാകണം.
കമ്മിഷന് മുന്നിൽ പരാതി പറഞ്ഞ വ്യക്തികൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെങ്കിൽ അത് അവരുടെ അവകാശമാണ്. ഈ കമ്മിറ്റി നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ മാത്രമായിരുന്നു. അത് അവർ ഭംഗിയായി ചെയ്തിട്ടുണ്ട്. ഇനി കൂടുതൽ കാര്യങ്ങൾ ഇരുന്നു സംസാരിക്കേണ്ടി വരും. ഇനി സിനിമാമേഖലയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നപടികൾ ചെയ്യണം എന്നത് സംബന്ധിച്ച് സിനിമ മേഖലയിലെ സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് സംസാരിക്കണം.
ആരോടും പറയാൻ പറ്റാത്ത കാര്യമായത് കൊണ്ടായിരിക്കില്ലേ പലരും പരാതിയുമായി ആദ്യം സ്റ്റേഷനിൽ പോകാതിരുന്നത്. ഇപ്പോൾ കമ്മിറ്റിക്ക് മൊഴി നൽകിയത് ഇതിന് ശേഷം സിനിമ മേഖലയിൽ ഒരു മാറ്റം ഉണ്ടാകുമെന്നതിനാലാകാം . അതിനാൽ അവരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കണം'. രേവതി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications