കൂക്കിവിളികള്‍ തുടരട്ടെ; റിമ, പാർവ്വതി, ഷാനി.. ചങ്കുറപ്പുള്ള പെണ്ണുങ്ങള്‍ ഇനിയും സംസാരിക്കും!!

  • Posted By: Desk
Subscribe to Oneindia Malayalam

ശ്രുതി രാജേഷ്

ജേര്‍ണലിസ്റ്റ്
ഫ്രീലാൻസ് വെബ് ജേർണലിസ്റ്റും എഴുത്തുകാരിയുമാണ്

പെണ്ണൊന്നു വാ തുറന്നാല്‍, സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നെറ്റിചുളിക്കുന്ന സമൂഹമാണ് നമ്മുടേത്‌. അടുത്തിടെ കേരളത്തില്‍ നടന്ന സമകാലിക വിഷയങ്ങള്‍ എല്ലാം ഇത് അരക്കിട്ടുറപ്പിക്കുന്നതാണ്. പ്രതികരിക്കുന്ന, സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നുപറയുന്ന പെണ്ണിനെ 'വേശ്യ'യെന്നും 'വെടി'യെന്നുമൊക്കെ പേരിട്ടു വിളിച്ചു ബോഡിഷെയിമിംഗ് നടത്താന്‍ ശ്രമിക്കുന്ന സമൂഹമാണ് നമ്മുടേത്‌. റിമ പറഞ്ഞ ആ 'മീന്‍മുള്ള്' ശരിക്കും പോയി തറച്ചത് നമ്മുടെ കപടസദാചാരവാദികളുടെ തൊണ്ടയില്‍ തന്നെയായതും അതുകൊണ്ടാണ്.

ആ കാലം കഴിഞ്ഞുപോയി

ആ കാലം കഴിഞ്ഞുപോയി

നായകന് പിന്നില്‍ മരംചുറ്റി നടന്നിരുന്ന നായികയില്‍ നിന്നും സ്വന്തം കഥാപാത്രമായി ജീവിക്കുന്ന നായികയിലെക്കുള്ള ദൂരം മലയാളസിനിമയില്‍ വളരെ വലുതായിരുന്നു. എന്നാല്‍ അതിനെയെല്ലാം പടവെട്ടി തോല്‍പ്പിച്ചു ഇന്ന് നടിമാര്‍ രംഗത്ത് വന്നു കഴിഞ്ഞു. നടി പാര്‍വതി, റീമ, മഞ്ജു എല്ലാവരും അതിനുദാഹരണമാണ്. സിനിമ എന്നല്ല ഏതു മേഖലയില്‍ ആയാലും സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെ അടിച്ചമര്‍ത്താനാണ് മിക്കവര്‍ക്കും താല്പര്യം.

അടുത്തിടെ നടിമാരായ പാര്‍വതിയും റീമയും എല്ലാം നേരിട്ടത് ഈ അടിച്ചമര്‍ത്തല്‍ തന്നെയായിരുന്നു. സമാനമായ മറ്റൊരു സാഹചര്യത്തിലൂടെ തന്നെയായിരുന്നു മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകരനും കടന്നു വന്നത്. സാദാചാരകണ്ണുകള്‍ എവിടെയൊക്കെ എത്തിനോക്കുമെന്നതിന്റെ ഉദാഹരണങ്ങള്‍ ഇനിയുമേറെ. കഴിഞ്ഞ കുറച്ചു നാളുകളായി സദാചാരപോലിസ് ചമയുന്ന നല്ലൊരു ശതമാനം മലയാളികളുടെയും ഉറക്കം കെടുത്തിയവരായിരുന്നു പാര്‍വതിയും റീമയുമെല്ലാം.

കപടസദാചാര സമൂഹത്തിന്റെ സർട്ടിഫിക്കറ്റ്

കപടസദാചാര സമൂഹത്തിന്റെ സർട്ടിഫിക്കറ്റ്

'മീ ടൂ' കാമ്പയിനിലൂടെ ഞാന്‍ അക്രമിക്കപെട്ടുവെന്നു വിളിച്ചു പറയാനുള്ള ആര്‍ജ്ജവം കാട്ടിയ സ്ത്രീകളെയെല്ലാം കപടസദാചാര സമൂഹം ഭയന്നു. തങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നവളെ ഒതുക്കാന്‍ അവളെ വ്യക്തിഹത്യ ചെയ്യുന്നവരാണ് ഏറെയും. ഒരു സ്ത്രീയെ അടക്കാന്‍ ഏറ്റവും വലിയ ഉപായമായി ചിലര്‍ കാണുന്നത് അവളെ ബോഡി ഷെയിംമിംഗ് നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ എന്നതാണ്. എന്നാല്‍ ഇതിലൊന്നും തളരാതെ മുന്നേറുന്ന സ്ത്രീയെ സമൂഹത്തിന്റെ മുന്നില്‍ താറടിച്ച് കാണിക്കാന്‍ ഇക്കൂട്ടര്‍ വഴികള്‍ സദാതിരഞ്ഞു കൊണ്ടേയിരിക്കും.

വറുത്ത മീന്‍ കിട്ടാത്ത പെണ്ണുങ്ങള്‍ എല്ലാം കൂടി ഫെമിനിസ്റ്റുകള്‍ ആയെന്ന വ്യാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും സോഷ്യല്‍ മീഡിയകളിലും സൗഹൃദഗ്രൂപ്പുകളിലും ഏറെ ആഘോഷിക്കപെട്ടത് നമ്മള്‍ കണ്ടതാണ്. പലതും സഭ്യതയുടെ സീമകള്‍ കടക്കുന്നവ. പെണ്ണിന് വേണ്ടി നാവുയര്‍ത്തുന്ന സ്ത്രീകളെ മുഴുവന്‍ 'ഫെമിനിച്ചി'കള്‍ എന്ന് മുദ്രകുത്തിയിടാന്‍ മത്സരിക്കുകയായിരുന്നു ഒരുകൂട്ടര്‍. 'അവളൊരു ഫെമിനിച്ചിയാട' എന്ന് പറയുമ്പോള്‍ ചുണ്ടിന്റെ കോണില്‍ തെളിയുന്നൊരു പരിഹാസമുണ്ട്. 'നീയൊക്കെ വെറും പെണ്ണാടി, പെണ്ണ്' എന്ന് പറയാതെ അവര്‍ പറയുന്നുണ്ട്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

ഇതില്‍ നിന്നെല്ലാം തന്നെ അറിയാമായിരുന്നു എവിടെയാണ് ചീഞ്ഞുനാറുന്നതെന്നും, ആര്‍ക്കാണ് വാ തുറക്കുന്ന ഈ പെണ്ണുങ്ങളെ ഭയമെന്നും. ലിംഗനീതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പെണ്ണിനെ എന്നും ഈ സമൂഹത്തിനു ഭയം തന്നെയായിരുന്നു. ഈ സംഭവങ്ങളും പറയുന്നത് അതുതന്നെയാണ്. ഇനി ഒരുതരത്തിലും ഒരു പെണ്ണിനെ ഒതുക്കാന്‍ കഴിയുന്നില്ല എന്നിരിക്കട്ടെ അതിനുള്ള ഏറ്റവും തരംതാണ മറ്റൊരു പ്രവര്‍ത്തിയാണ് അവളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുക എന്നത്.

കേരളത്തെ നടുക്കിയ റേപ് കൊട്ടേഷന്‍ എന്ന് പറയാവുന്ന നടി ആക്രമിക്കപെട്ട കേസിനു പിന്നിലും ഈ ചേതോവികാരം തന്നെയായിരുന്നു. സ്വന്തം കുടുംബത്തിലൊരു പെണ്ണിന് ആ ഗതി വരുമ്പോള്‍ മാത്രമേ ആ വേദനയുടെ ആഴം ഒരുപക്ഷെ തിരിച്ചറിയാന്‍ കഴിയൂ. അതുവരെ നിങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് ആത്മരതിയില്‍ ഏര്‍പെട്ട്കൊണ്ടേയിരിക്കൂ..

പാർവ്വതി, റിമ, ഷാനി...

പാർവ്വതി, റിമ, ഷാനി...

താനും ആക്രമിക്കപെട്ടിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞ പാര്‍വതിയെയും സിനിമയില്‍ തുല്യവേതനം നല്‍കാത്തതിനെ വിമര്‍ശിച്ച റീമയെയും, തന്റെ ചിത്രം ദുരോപയോഗം നടത്തി തനിക്കെതിരെ അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ഷാനിയെയുമെല്ലാം സത്യത്തില്‍ പലര്‍ക്കും ഭയമാണ്. സ്വന്തം പ്രിവിലേജുകള്‍ നഷ്ടമാകുമോ എന്ന ഭയം.

ഫെമിനിച്ചി' എന്നാല്‍ നാടിനും വീടിനും ഗുണമില്ലാതെ വലിയൊരു കണ്ണടയും ഫിറ്റ്‌ ചെയ്തു മൂക്കിനു താങ്ങാന്‍ വയ്യാത്ത മൂക്കൂത്തിയും കുത്തി, ഉച്ചിയില്‍ മുടിയും അലക്ഷ്യമായി കെട്ടി നടക്കുന്നവള്‍ ആണെന്നൊരു മുന്‍വിധി എന്ന് മുതലാണ്‌ ഈ സമൂഹത്തിനു വന്നുതുടങ്ങിയതെന്നു അറിയില്ല. ഫെമിച്ചിയുടെ ഡ്രസ്സ്‌ കോഡ് ഇതാണെന്ന് കണ്ടുപിടിച്ച ബുദ്ധികേന്ദ്രം എവിടെയാണെന്നും അറിയില്ല.

കൂക്കിവിളികള്‍ തുടരട്ടെ..

കൂക്കിവിളികള്‍ തുടരട്ടെ..

ഏതെങ്കിലും ഒരു സ്ത്രീ, അവര്‍ സാധാരണക്കാരിയോ , സിനിമാനടിയോ, എഴുത്തുകാരിയോ ആരുമാകട്ടെ ഒരല്‍പം ഫെമിനിസം പറഞ്ഞാല്‍ ഉടനെ അവളുടെ ഭര്‍ത്താവിനെ ചുണയില്ലാത്തവനായി കാണാനാണ് പലര്‍ക്കും താല്പര്യം. ഈ ലോകത്ത് സ്ത്രീയുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അഭിമാനത്തെയും മാനിക്കുന്ന, പ്രസവിക്കാനുള്ള യന്ത്രം മാത്രമല്ല പെണ്ണെന്നു ചിന്തിക്കുന്ന പുരുഷന്മാര്‍ കൂടി ഉണ്ടെന്നു അംഗീകരിക്കാന്‍ ഇന്നും പലര്‍ക്കും മടിയാണ്.

ആ ഗണത്തില്‍ പെടുന്ന പുരുഷന്മാരെ പെണ്‍കോന്തന്മാര്‍ ആയി കാണാനാണ് പലര്‍ക്കും താല്പര്യം. സ്വന്തം വര്‍ഗ്ഗത്തില്‍ നിന്നും നല്ലയിനങ്ങള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനുള്ള മടി മാത്രമാണ് ഇതിനു പിന്നിലെ ചേതോവികാരം. എന്തായാലും കൂക്കിവിളികള്‍ തുടരട്ടെ.. പെണ്ണുങ്ങള്‍ സ്വന്തം അഭിപ്രായം പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു കൊണ്ടേയിരിക്കട്ടെ.

English summary
About Feminism and responses from girls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്