കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേകന്നൂര്‍ അനുസ്മരണത്തില്‍ സദസിന്റെ നൊമ്പരമായി കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ഫാറൂഖിന്റെ പിതാവ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എന്റെ മകന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഈ നാട്ടില്‍ ഇനിയാരും കൊല്ലപ്പെടരുത്. ഒരഛനും ഒരു കുടുംബത്തിനും ഇനിയീ ഗതിയുണ്ടാവരുത്. അതാണെനിക്ക് നിങ്ങളോടെല്ലാം പറയാനുള്ളത്.. പറഞ്ഞുപോകുമ്പോള്‍ ആ പിതാവിന്റെ ഹൃദയം നൊന്തു. അത് സദസിന്റെയും തീരാനോവായി മാറി.

കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട യുക്തിവാദിയും ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനുമായ എച്ച്. ഫാറൂഖിന്റെ പിതാവ് ഹമീദിന്റെ വാക്കുകളാണ് സദസിന്റെ കണ്ണുനനയിച്ചത്. മതത്തിനെതിരെ, ദൈവത്തിനെതിരെ സംസാരിച്ചു എന്നത് മാത്രമാണ് എന്റെ മകന്‍ ചെയ്ത തെറ്റ്. മനുഷ്യന്‍ ആരുടെയും അടിമയല്ലെന്നാണ് അവന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനാണ് അവരവനെ മൃഗീയമായി കഴുത്തറുത്ത് കൊന്നത്. അവന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമെ എനിക്ക് നിങ്ങളോട്
പറയുവാനുള്ളു.

എന്താണ് അവന്‍ ചെയ്ത തെറ്റ്?

എന്താണ് അവന്‍ ചെയ്ത തെറ്റ്?

നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചിന്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന്റെ പേരിലായിരുന്നു ഫാറൂഖിനെ കൊലപ്പെടുത്തിയത്. പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളര്‍ന്നത്. അങ്ങിനെയാണ് പെരിയോറിസ്റ്റ് സംഘടനകളിലൊന്നായ ദ്രാവിഡര്‍ വിടുതലൈ കഴകത്തില്‍ അദ്ദേഹം അംഗമാവുന്നത്. ദൈവത്തിനും മതത്തിനും ജാതിയ്ക്കും താന്‍ എതിരാണെന്നും ഒരു മനുഷ്യനും താന്‍ എതിരല്ലെന്നും ആവര്‍ത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെതായി ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് തീര്‍ത്തും നിരീശ്വരവാദിയായി ഫാറൂഖ് മാറി. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പലരും താക്കീത് ചെയ്തു. പക്ഷെ തന്റെ നിലപാടുകളില്‍ ആ യുവാവ് ഉറച്ചു നിന്നു. അങ്ങിനെ 2017 മാര്‍ച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ആ യാത്ര തിരിച്ചുവരാത്ത യാത്രയാവുമെന്ന് കരുതിയില്ല. ഐഎസ് തീവ്രവാദികളെപ്പോലെ ദയയുടെ കണികപോലുമില്ലാതെ അത്രയ്ക്ക് ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികള്‍ ഫാറൂഖിനെ കൊലപ്പെടുത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ ആ പിതാവിന്റെ മുഖത്ത് ഭയവും നടുക്കവും.

അവന്റെ ആശയങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും

അവന്റെ ആശയങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും

മകന്റെ വിശ്വാസങ്ങളോട് ഹമീദിന് ആദ്യമൊന്നും യോജിപ്പില്ലായിരുന്നു. എന്നാല്‍ തന്റെ ആശയത്തില്‍ ഉറച്ചു നിന്ന മകന്റെ നിലപാടിനോട് പിന്നീട് ഹമീദിന് താത്പര്യം തോന്നി. കൊല്ലുന്ന സമയത്ത് പോലും ദൈവം ഉണ്ടെന്ന് പറഞ്ഞാല്‍ വെറുതെ വിടാമെന്നായിരുന്നു പ്രതികള്‍ അവനോട് പറഞ്ഞിരുന്നത്. ഇക്കാര്യം അവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഫാറൂഖിനെ കൊല്ലാനേ പറ്റുമായിരുന്നുള്ളു.. തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ആര്‍ക്കും അടിമയല്ല.. എനിക്ക് ആരും അടിമയല്ല എന്നായിരുന്നു മകന്‍ എപ്പോഴും പറയാറുണ്ടായിരുന്നതെന്നും ഹമീദ് പറഞ്ഞു.

ഭാര്യയ്ക്കു സമനിലതെറ്റി

ഭാര്യയ്ക്കു സമനിലതെറ്റി

കോയമ്പത്തൂരില്‍ ഉക്കടം ബസ് സ്റ്റാന്റിന് സമീപം അല്‍ അമീന്‍ കോളനിയിലാണ് ഹമീദ് താമസിക്കുന്നത്. ആക്രിക്കച്ചവടമായിരുന്നു ഫാറൂഖിന്. മകന്റെ മരണശേഷം ഭാര്യ ചെറിയൊരു കട നടത്തുന്നുണ്ട്. അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഫാറൂഖിന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബം കഴിയുന്നത്. കേരളത്തില്‍ നിന്ന് വലിയ തോതില്‍ സഹായം കിട്ടിയിട്ടുണ്ടെന്നത് ഹമീദ് നന്ദിയോടെ പറയുന്നു. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ് നാല് ലക്ഷവും യുക്തിവാദി സംഘം ഒരു ലക്ഷം രൂപയും പിരിച്ചെടുത്ത് നല്‍കി. ദ്രാവിഡര്‍ വിടുതലൈ കഴകം 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ച് നല്‍കിയത്. മകന്റെ മരണശേഷം ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ട്. അവന്റെ ഓര്‍മ്മയില്‍ തങ്ങള്‍ ജീവിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി ചേകന്നൂര്‍ മൗലവി കൊല ചെയ്യപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുകയാണ്. അദ്ദേഹത്തെ അനുസ്മരിക്കുന്ന വേദിയില്‍ നിലപാടുകള്‍ക്ക് വേണ്ടി മരണപ്പെട്ട മകന്റെ ഓര്‍മ്മകളുമായി.. മത തീവ്രവാദത്തോട് പോരാടാനുള്ള മനസ്സുമായി ആ പിതാവ് സധൈര്യം നിന്നു. വര്‍ഗ്ഗീയതയോടും തീവ്രവാദത്തോടും പോരാട്ടം തുടരുന്ന കേരളത്തിന്റെ പിന്തുണ എന്നും തനിക്കുണ്ടാവുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.

ആരും മിണ്ടാത്തതെന്തെന്ന് ഹമീദ് ചേന്ദമംഗലൂര്‍

ആരും മിണ്ടാത്തതെന്തെന്ന് ഹമീദ് ചേന്ദമംഗലൂര്‍

കൽബുർഗിയും പാൻസാരയും ഗൗരിലങ്കേഷും കൊല്ലപ്പെട്ടപ്പോൾ പ്രതികരിച്ചവരാരും കോയംമ്പത്തൂരിൽ യുക്തിവാദിയായ ഫറൂക്ക് എന്ന ചെറുപ്പക്കാരൻ മുസ്ലിം തീവ്രവാദികളാൽ കൊല്ലപ്പെട്ടപ്പോൾ മിണ്ടിയില്ലെന്ന് ചേകന്നൂര്‍ തിരോധാനത്തിന്റെ 25ാം അനുസ്മരണത്തില്‍ സംസാരിച്ച ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. ഇന്ത്യയിൽ മുസ്ലിംങ്ങൾ അപരവൽക്കരിക്കപ്പെട്ടവരാണെന്നും അതുകൊണ്ട് മുസ്ലിം തീവ്രവാദത്തെ എതിർക്കേണ്ടതില്ലെന്നുമുള്ള സാംസ്കാരിക ബുദ്ധിജീവികളുടെ വാദം ശരിയല്ല. ഉത്തരേന്ത്യ 700 വർഷത്തോളം ഭരിച്ചത് മുസ്ലിം രാജാക്കൻമാരായിരുന്നുവെന്ന് മനസിലാക്കാതെയാണ് അപരവൽക്കരണത്തെ ന്യായീകരിക്കുന്നത്.

കഴിഞ്ഞ 40 വർഷമായി കേരളത്തിൽ സാമ്പത്തികമായി ഏറ്റവും ഉയർന്ന് നിൽക്കുന്ന സമുദായമാണ് ഇസ്ലാം. ചേകനൂർ മൗലവി മുസ്ലിം വ്യക്തിഗത നിയമ ബഹിഷ്ക്കരണത്തിനാണ് ശ്രമിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ചേകന്നൂരിന്റെ സ്ഥാനത്ത് ഏതെങ്കിലും മുഖ്യധാര മുസ്ലിം നേതാവായിരുന്നു കൊല്ലപ്പെട്ടതെങ്കിൽ ഇടതും വലതുമുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും ശക്തമായി പ്രതികരിച്ചേനെ. എന്നാൽ വോട്ട് ബാങ്കില്ലാത്തതിനാൽ ചേകനൂരിന് വേണ്ടി ആരും രംഗത്തിറങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിങ്ങളെ മൗലികവാദികളാക്കി മാറ്റുന്നത് മതപഠനം

മുസ്ലിങ്ങളെ മൗലികവാദികളാക്കി മാറ്റുന്നത് മതപഠനം

കേരള യുക്തിവാദ സംഘം പ്രസിഡന്റ് കെ.എൻ അനിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മതങ്ങൾ നവീകരിക്കപ്പെടുമ്പോൾ ഇല്ലാതാകുന്ന അവസ്ഥയാണ് ലോകത്ത് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ പള്ളികൾ റെസ്റ്റോറന്റുകളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സംവിധായകൻ അലി അക്ബർ ചടങ്ങിൽ സംസാരിച്ചു. കുട്ടിക്കാലത്തേ നൽകുന്ന മതപഠനമാണ് മുസ്ലിങ്ങളെ മൗലികവാദികളാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി.പി.എ അസീസ് മൗലവിയുടെ വ്രതാനുഷ്ഠാനങ്ങൾ എന്ന പുസ്തക പ്രകാശനം നടന്നു. ചേകനൂരിന്റെ കുടുംബാംഗങ്ങളെയും വി.എം കുട്ടിയേയും ആദരിച്ചു. ജാമിദ ടീച്ചർ, ഡോ. ജലീൽ, സി.പി.എ അസീസ് മൗലവി, ബീരാൻ കുട്ടി കുനിയിൽ, എൻ.ടി.എ കരിം, കെ.കെ അബ്ദുൾ അലി, മഹമൂദ്, സാലിം ഹാജി എന്നിവർ സംസാരിച്ചു.

English summary
Father of Farooq, atheist who killed in Coimbatore, reacting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X