മല്ലികൈ മാനഗരിയും നായ്ക്കർ കൊട്ടാരവും.. മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. ലിഡിയ ജോയ് എഴുതുന്നു!!

  • Posted By: Desk
Subscribe to Oneindia Malayalam

ലിഡിയ ജോയ്

ഇൻഫർമേഷൻ ടെക്നോളജിയിൽ പ്രോജക്റ്റ്‌ മാനേജറായി ജോലി ചെയ്യുന്ന ലിഡിയയുടെ ഇഷ്ടങ്ങളിൽ യാത്രകളും ഫോട്ടോഗ്രാഫിയും ബ്ലോഗിങ്ങും ഉൾപ്പെടുന്നു. #MeOnRoad എന്ന കോളത്തിലൂടെ ലിഡിയ അവരുടെ യാത്രാ കുറിപ്പുകൾ പങ്ക്‌ വയ്ക്കുന്നു..

നല്ലെണ്ണ തേച്ച് കുളിപ്പിക്കാൻ നിർത്തിയപ്പൊൾ പൊരിവെയിലത്തിറങ്ങി കറുത്ത് തിളങ്ങുന്ന കരുമാടികുട്ടന്മാരുടെ മിനുമിനുപ്പാണ് തമിഴ്മണ്ണിനും തമിഴ്നാട്ടിലെ റൊഡിനും, നീണ്ട് നീണ്ടങ്ങനെ കണ്ണെത്താ ദൂരത്തൊളം. മഴ വീണതിന്റെ പച്ചപ്പാണ് ഇടയ്ക്കിടെ ഓടിയടുത്ത് വന്ന് മറഞ്ഞ് പൊവുന്ന മലകൾക്ക്. അതിരാവിലെ യാത്ര പുറപ്പെടുമ്പൊൾ മഴയിൽ കുതിർന്ന് തണുത്ത ബാംഗ്ലൂരിനൊടാണ് യാത്ര പറഞ്ഞതെങ്കിൽ ഉച്ചയ്ക്ക് മുന്നേ മധുരയെത്തിയപ്പോൾ വരവേറ്റത് വിയർപ്പ് കിനിയിക്കുന്ന പൊരിയൻ ചൂട്.

മധുര അഥവാ കൂടൽ അഥവാ നാന്മടക്കൂടൽ

മധുര അഥവാ കൂടൽ അഥവാ നാന്മടക്കൂടൽ

മധുര മീനാക്ഷിയെന്ന പാർവതീ ക്ഷേത്രത്തിന് ചുറ്റും വൈഗയാറിന്റെ ഫലഭൂയിഷ്ടമായ പീഠഭൂമിയിൽ ഉയർന്ന് നിൽക്കുന്ന നഗരമാണ് മധുരൈ. ബി സി മൂന്നാം നൂറ്റാണ്ട് മുതൽ ഇവിടം രാഷ്ട്രീയ-സാമ്പത്തിക-സാസ്കാരിക കേന്ദ്രമായി നിലനിൽക്കുന്നതിന്റെ പല തെളിവുകളും എഴുത്തുകളും കിട്ടിയിരിക്കുന്നത് ഈ ചെറിയ പട്ടണത്തിന്റെ പൗരാണിക ഭംഗിക്ക് ഈട് കൂട്ടുന്നു. ശിവന്റെ തിരുജഡയിൽ നിന്ന് പുണ്യമായൊഴുകിയ അമൃതിന്റെ അതിമധുരത്താൽ മധുരയെന്നും മുല്ലപ്പൂ കൃഷിക്ക് പേര് കേട്ടതിനാൽ മല്ലികൈ മാനഗർ എന്നും, പൗരാണിക ദ്രവീഡിയ സംസ്കൃതി സംഗമങ്ങൾ നടന്നയിടമായതിനാൽ കൂടൽ എന്നും പേരുകേട്ട നാല് ക്ഷേത്രങ്ങളെ ചുറ്റിക്കിടക്കുന്നതിനാൽ നാന്മടക്കൂടൽ എന്നുമൊക്കെ മധുരയ്ക്ക് പല പേരുകളുണ്ട്.

മധുരയിലെ രുചിഭേദങ്ങൾ, കാഴ്ചകൾ

മധുരയിലെ രുചിഭേദങ്ങൾ, കാഴ്ചകൾ

എവിടെ ചെന്നാലും അവിടുത്തെ ഭക്ഷണവും രുചിഭേദങ്ങളും അനേഷിക്കുന്നതിന്റെ ഫലമായാണ് ആന്ധ്ര കറി റസ്റ്ററന്റ് കണ്ടുപിടിച്ചത്. നേരെ വച്ചു പിടിച്ച് കുടത്തിനുള്ളിൽ കിട്ടുന്ന മട്ടൺ ബിരിയാണിയും നെയ്യിൽ വറുത്ത ചിക്കൻ റൊസ്റ്റും പച്ചമുളകിട്ട ചില്ലിചിക്കനും കഴിച്ചിറങ്ങിയപ്പൊൾ എരിവു കൊണ്ട് അകത്തും വെയില് കൊണ്ട് പുറത്തും എരിപൊരി സഞ്ചാരം. നേരെ പോയത് ഗാന്ധി മ്യൂസിയത്തിലേയ്ക്കാണ്. ദീപാവലി ദിവസത്തിന്റെ ആലസ്യത്തിൽ ഉറങ്ങി കിടക്കുന്ന ഒരു ഗംഭീരൻ വെണ്മണി മാളിക. പ്രധാന മ്യൂസിയം അവധിയായതിനാൽ അടച്ചിരുന്നുവെങ്കിലും തൊട്ടിരിക്കുന്ന സർക്കാർ മ്യൂസിയം തുറന്നിരുന്നു, ഭൂതകാലത്തിലേയ്ക്കൊരു ഇടുങ്ങിയ വാതിൽ പോലെ.

മഹാനായ തിരുമലനായ്ക്കൻ

മഹാനായ തിരുമലനായ്ക്കൻ

പലകാലങ്ങളിലായി മധുരയിലും പരിസരപ്രദേശങ്ങളിലും നിന്നും കിട്ടിയിട്ടുള്ള മൺപാത്രങ്ങൾ, മൺശവഭരണികൾ, ചൈനീസ് പാത്രങ്ങൾ, വെജിറ്റബിൾ കളർ പെയ്ന്റിങ്ങുകൾ, വെങ്കല ശില്പങ്ങൾ, പാത്രങ്ങൾ അങ്ങനെ വലിയൊരു ശേഖരക്കാഴ്ച തന്നെ ഈ ചെറിയ രണ്ടു മുറികളിലായി ഒരുക്കിയിട്ടുണ്ട്. കരിവീട്ടിയുടെ നിറത്തിൽ ഏഴടിക്ക് മേലെ പൊക്കത്തിൽ മുഴുവൻ സ്വർണ്ണത്തിൽ പൊതിഞ്ഞ് മുന്നിൽ തന്നെ നിൽക്കുന്ന ഈ മഹാനാണ് തിരുമലനായ്ക്കൻ എന്ന് വിശ്വസിക്കാൻ ഒരു പ്രയാസം, അന്നുകാലത്ത് അദ്ദേഹം പണിത തിരുമലനായ്ക്കർ കൊട്ടാരത്തിനും മധുരൈ കോവിലിനും ഉള്ള ഭംഗി വച്ച് നോക്കിയാൽ അല്പം കൂടി ഒരു സഹൃദയനായിരിക്കും എന്നൊരു തോന്നൽ, തോന്നലുകൾക്കെന്തും ആവാമല്ലോ.

സർക്കാർ മ്യൂസിയത്തിലെ കാഴ്ചകൾ

സർക്കാർ മ്യൂസിയത്തിലെ കാഴ്ചകൾ

മധുര മീനാക്ഷീ ക്ഷേത്രത്തിന്റെ മിനിയേച്ചറാണ് ഒരു പ്രധാന ആകർഷണം, പതിനഞ്ച് ഏക്കറിൽ പതിനഞ്ച് ഗോപുരങ്ങളുമായി നിലകൊള്ളുന്ന മഹാക്ഷേത്രത്തിന്റെ ചെറിയ പതിപ്പ്. പല വലുപ്പത്തിലുള്ള മൺശവഭരണികൾ ആണ് മറ്റൊരു ആകർഷണം, അസ്ഥികളും, മരണദേവകളുടെ പ്രതിമകളും മറ്റുമൊക്കെ ഇവയിൽ കണ്ടതാണ് ഇവ പണ്ടെന്നോ ഉപയോഗിക്കപ്പെട്ട ശവപ്പെട്ടികൾ ആവാം എന്ന് ഊഹിക്കപ്പെടുന്നത്. സമീപപ്രദേശങ്ങളിൽ ഉണ്ടായിരുന്ന ലോഹ അയിരുകളുടെ ലഭ്യതയും പൗരാണിക ക്ഷേത്ര പാരമ്പര്യവുമാവും ആയിരക്കണക്കിന് വർഷം പഴക്കമുള്ള വെങ്കലപ്രതിമകളുടെ ശേഖരങ്ങൾക്ക് കാരണം, ഏകപാദാംബരർ എന്ന പേരിൽ ഒറ്റക്കാലുള്ള ഒരു വിഷ്ണു പ്രതിമ, ഇത് വരെ കേട്ടിട്ടുള്ള പുരാണങ്ങളിലെങ്ങും പ്രതിപാദിക്കാത്ത ഒരു കഥാപാത്രം കണ്ടത് ജിജ്ഞാസയുണർത്തി, ചരിത്രത്തെപ്പറ്റിയും ഐതീഹ്യങ്ങളെ പറ്റിയും ഒന്നും പറഞ്ഞു തരാൻ ആരും ഇല്ലാത്തത് ഒരു വല്ലാത്ത നഷ്ടം തന്നെ.

തിരുമലനായ്കർ കൊട്ടാരത്തിലേക്ക്

തിരുമലനായ്കർ കൊട്ടാരത്തിലേക്ക്

ഗാന്ധിമ്യൂസിയത്തിൽ നിന്നിറങ്ങിയത് തിരുമലനായ്കർ കൊട്ടാരം കാണാനാണ്. മധുരയുടെ ഇന്നും നിലനിൽക്കുന്ന പേരും പ്രൗഡിയും ഉച്ച്സ്ഥായിയിൽ എത്തിച്ച മധുരരാജാക്കന്മാരിൽ പ്രധാനിയായിരുന്നു തിരുമലൈ നായ്ക്കർ. മീനാക്ഷീ ക്ഷേത്രത്തെ ഇന്നത്തെ നിലയിലും പ്രൗഡിയിലും പുതുക്കി പണിതൊരു ക്ഷേത്രസമുച്ചയമാക്കിയത് തിരുമലനായ്ക്കർ ആണെന്ന് ചരിത്രം, പക്ഷേ തിരുമലനായ്ക്കർ കൊട്ടാരം ഒരു ശോക കാഴ്ച ആണ്. എ ഡി 1636 ൽ മധുര രാജാവായിരുന്ന തിരുമല നായ്ക്കന്റെ കൊട്ടാരമാണിത്, 1623 മുതൽ 1659 വരെ മധുര ഭരിച്ചിരുന്ന നായ്ക പരമ്പരയിലെ ഏറ്റവും പേരുകേട്ട രാജാവാണ് അദ്ദേഹം.

കൊട്ടാരത്തിലെ വിശേഷങ്ങൾ

കൊട്ടാരത്തിലെ വിശേഷങ്ങൾ

പാണ്ഡ്യ, ചേര, ചോള രാജവംശക്കാലത്ത് തന്നെ കടൽകടന്നും പരന്ന പേരുള്ള മധുരയിൽ മഹാത്ഭുതമായി ഒരു കൊട്ടാരമായാണ് അന്നിത് പണിതതെങ്കിലും, പിന്നീടുണ്ടായ ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും കയ്യേറ്റങ്ങളും കൊട്ടാരത്തെ നാമമാത്രമാക്കി, തിരുമല നായ്ക്കന്റെ കൊച്ചുമകൻ തന്നെ, തന്റെ തിരുച്ചിറപള്ളിയിലുള്ള കൊട്ടാരത്തിന് മോടി കൂട്ടാൻ ഈ കൊട്ടാരത്തിന്റെ പല ഭാഗങ്ങളും ഇടിച്ചിടുകയായിരുന്നു പോലും. ദ്രവീഡിയൻ- പേർഷ്യൻ നിർമാണ ചാരുതയാണ് കൊട്ടാരത്തിന്റെ ബാക്കി നിൽക്കുന്ന പകിട്ടിലും മോടി കൂട്ടുന്നത്, 81 അടി ഉയരവും 19 അടി വണ്ണവും ഉള്ള വമ്പൻ തൂണുകളും മച്ചിന്റെ മോടി കൂട്ടുന്ന പച്ചക്കറി നിറങ്ങളിൽ നടത്തിയിരിക്കുന്ന വർണ്ണ പണികളും അനാഥത്വത്തിന്റെ പൊടിയിൽ മങ്ങി കിടക്കുന്ന ഒരു വജ്രമാണ് ഈ കൊട്ടാരം എന്ന് കാട്ടിത്തരും.

കണ്ടാലും മതിയാകാത്ത കാഴ്ചകൾ

കണ്ടാലും മതിയാകാത്ത കാഴ്ചകൾ

ഇന്ന് ബാക്കിയുള്ള കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യ സംരക്ഷിക്കുന്നത് നടുത്തളവും നാടകശാലയും ആണ്. ഷീറ്റ് മേൽക്കൂര കെട്ടിയ കൽത്തളത്തിൽ വച്ചിരിക്കുന്ന കൽപ്രതിമകൾ ഈ ഹാളുകൾക്ക് വെളിയിലുണ്ട്. നടുത്തളം പണ്ട് രാജാവിന്റെ സഭാമന്ദിരവും നാടകശാല നൃത്തമണ്ഡപവും ആയിരുന്നു പോലും, വേലിക്കെട്ടുകൾക്കിടയിൽ ഏതോ പ്രൗഡകാലത്തിന്റെ ഓർത്ത് ചുവന്ന പട്ടിൽ പൊതിഞ്ഞ് വ്യാളീമുഖം ചാർത്തിയ ഒരു സിംഹാസനം ഇരിപ്പുണ്ട്, മുന്നിൽ അതിവിശാലമായ നടുമുറ്റം, ചുറ്റും കൂറ്റൻ തൂണുകൾ.

നാടകശാല - ഒരു ചെറു മ്യൂസിയം

നാടകശാല - ഒരു ചെറു മ്യൂസിയം

ചുടുകട്ടകൾ കൊണ്ട് പണിതിട്ട് ചുണ്ണാമ്പും മുട്ടവെള്ളയും ശർക്കരയും ചേർത്തുണ്ടാക്കിയ മിശ്രിത്രം ചെർത്ത് തേച്ചാണത്രെ ഈ തൂണുകൾ,ക്ക് സാധാരണ സിമന്റിനോ കല്ലിനോ ഇല്ലാത്ത മിനുസമുണ്ടാക്കിയത്. നീണ്ട് നിരന്ന് നിൽക്കുന്ന തൂണുകൾ ഒരു മനോഹര കാഴ്ചയാണ്, പേർഷ്യൻ ശൈലിയിലുള്ള മുഖപ്പുകളും അഴി ജനാലകളും ഒക്കെ കോറി വരച്ച ഹൃദയങ്ങൾക്കുള്ളിൽ എഴുതി വച്ച ലൈല-മജ്ഞു പേരുകളാൽ തിങ്ങി നിറഞ്ഞിരിക്കുന്നു. നാടകശാല കൊട്ടാരത്തിലുണ്ടായിരുന്ന ചിത്രങ്ങളുടെയും വെങ്കല, കൽ പ്രതിമകളുടേയും ഒരു മ്യൂസിയമായാണ് സെറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ ഒരു ആകർഷണം താംബൂല നീരിൽ ചെയ്ത ചിത്രങ്ങളായിരുന്നു, വെറ്റിലയും പാക്കും വാസനചുണ്ണാമ്പുമൊക്കെ ചേർത്തുണ്ടാക്കിയ നീരിന്റെ പല നിറഭേദങ്ങൾ കൊണ്ടുള്ള ചിത്രങ്ങൾ.

ചരിത്രം പറയുന്ന നിർമിതികൾ

ചരിത്രം പറയുന്ന നിർമിതികൾ

കൊട്ടാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കൽഫലകങ്ങളിൽ പ്രാചീന ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രങ്ങൾ, നഗരത്തിന്റെ വിവിധ കാലത്തിലുണ്ടായ മാറ്റങ്ങൾ, കല്പനകളും കൊട്ടിഘോഷിക്കലുകളും. മൂന്നാം നൂറ്റാണ്ട് മുതൽ ഇപ്പോൾ കാണുന്ന തമിഴിലേയ്ക്ക് ദ്രാവിഡ ഭാഷയ്ക്കുണ്ടായ രൂപമാറ്റം വിവരിച്ചിരിക്കുന്നത് കൗതുകകരമായി തോന്നി. ലൈറ്റ് അൻഡ് സൗണ്ട് ഷോ വൈകുന്നേരം 6:45 നു ഇംഗ്ളീഷിലും 8:00 മണിക്ക് തമിഴിലും ഉണ്ടാവുമെന്നറിഞ്ഞ് കാത്തു നിന്നുവെങ്കിലും തിരക്കു കുറവാണെന്നും ദീപാവലി അവധിയായിരുന്നതിനാലും അവസാന നിമിഷം ക്യാൻസലാക്കി.

വിശേഷങ്ങൾ തുടരും

വിശേഷങ്ങൾ തുടരും

ഹോട്ടലിലേയ്ക്ക് തിരിച്ചു പോരുമ്പോൾ പണ്ട് ഈ നിരത്തുകളിലൂടെ മങ്ങിയ ഒരു കണ്ണടയുടെ ചില്ലുകളിലൂടെ ഈ കോട്ടകൊത്തളങ്ങളെ ഏറ്റവും ജിജ്ഞാസയോടെ നോക്കി, കണ്ടിട്ടില്ലാത്ത ലോകങ്ങളെ സ്വപ്നം കാണാൻ തുടങ്ങിയ ഒരു പെൺകുട്ടിയെ വെറുതെ ഓർമ്മ വന്നു. മധുര മീനാക്ഷിയെ പോലെ ഇമൈ തൂങ്കാ ഇളവരസിയെ പോലെ നാട് കയ്യേറാൻ ഇറങ്ങിപോയ ഒരു പെണ്ണിനെ, തന്റെ അലങ്കാരങ്ങളൊക്കെ കണ്ട് തന്നെയും കണ്ടിട്ടേ സുന്ദരേശനെ കാണാൻ പോകാവൂ എന്ന് വാശി പിടിക്കുന്ന പച്ചത്തത്തയേന്തി നിൽക്കുന്ന ആ പച്ചയമ്മനെ കാണാൻ നാളെ പോവണം.

നാളത്തെ വിശേഷങ്ങൾ അടുത്ത ലക്കത്തിൽ.

(തുടരും)

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lidya Joy writes about bangalore-madurai road trip and sightseeing experiance.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്