വായന ഒരു ആത്മഹത്യയാണ്... മറ്റ് ചിലപ്പോള്‍ ജീവിതവും!!! ദ റീഡറിലൂടെ

  • Posted By:
Subscribe to Oneindia Malayalam

വായിക്കുക എന്നത് അറിവ് നേടുന്നതിനുള്ള ഒരു വഴി മാത്രമല്ല. സ്വയം സംസ്‌കരിക്കപ്പെടുന്ന ഒരു പ്രക്രിയ കൂടിയാണ്. ഒരുപക്ഷേ, അതിനും അപ്പുറത്തേക്ക് ജീവിതം മാറ്റി മറിച്ചേക്കാവുന്ന ഒന്ന്. ദ റീഡര്‍ എന്ന നോവല്‍ അത്തരത്തില്‍ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ അതിന്റെ ചലച്ചിത്രാവിഷ്‌കാരവും. കേറ്റ് വിന്‍സ്ലറ്റിന് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിക്കൊടുത്തും ഈ സിനിമയിലെ അഭിനയമികവായിരുന്നു.

ബേണ്‍ഹാഡ് ഷ്‌ലിങ്ക് ആണ് ദ റീഡറിന്റെ രചയിതാവ്. ജര്‍മന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം ഒട്ടനവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയില്‍ റെക്കോര്‍ഡ് വില്‍പനയായിരുന്നു ദ റീഡറിന്. പുരസ്‌കാരങ്ങളും അനവധി ലഭിച്ചു.

the-reader

എന്നാല്‍ ദ റീഡര്‍ സിനിമയായപ്പോള്‍ ആയിരുന്നു അത് കൂടുതല്‍ ആളുകളിലേക്ക് എത്തിയത്. ഒരുപക്ഷേ, പുസ്തകത്തേക്കാള്‍ ആളുകള്‍ നെഞ്ചോട് ചേര്‍ത്തു ആ സിനിമയെ. അതിന്റെ ക്രെഡിറ്റ് സംവിധായകന്‍ സ്റ്റീപന്‍ ഡേവിഡ് ഡാല്‍ഡ്രിയ്ക്കും കേറ്റ് വിന്‍സ്ലറ്റിനുംഒക്കെ അവകാശപ്പെട്ടതാണ്.

നാസി ജര്‍മനിയും രണ്ടാം ലോകമഹായുദ്ധാന്തര കാലവും ഒക്കെയാണ് നോവലിലൂടെ കടന്നുപോകുന്നത്. അതോടൊപ്പം അഭൗമികമായ പ്രണയവും. എല്ലാത്തിനും ഒപ്പം 'വായന'യും. വായന തന്നെയാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരുപക്ഷേ പേരില്ലാത്ത ഒരു കഥാപാത്രമായി അത് എല്ലായിടത്തും മറഞ്ഞ് നില്‍ക്കുന്നുണ്ട്.

മൈക്കിള്‍ ബര്‍ഗ് എന്ന അഭിഭാഷകന്റേയും ഹന്ന ഷ്മിറ്റ്‌സ് എന്ന സ്ത്രീയുടേയും ജീവിതമാണ് നോവല്‍. ഹന്നയ്ക്ക് 36 ഉം മൈക്കിളിന് 15 ഉം വയസ്സുള്ളപ്പോഴാണ് അവര്‍ പരിചയപ്പെടുന്നത്. അതി തീവ്രവായ പ്രണയവും രതിയും എല്ലാം ഇതില്‍ കടന്നുവരുന്നുണ്ട്.

തെരുവില്‍ അവശനായി നില്‍ക്കുന്ന മൈക്കിള്‍. അവന്‍ ഛര്‍ദ്ദിച്ചിട്ടുണ്ട്. തീരെ വയ്യ. അപ്പോഴാണ് ഒരു ട്രാം കണ്ടക്ടര്‍ ആയ ഹന്ന അവനെ കാണുന്നത്. ഹന്ന, മൈക്കിളിന്റെ ശരീരവും വസ്ത്രങ്ങളും എല്ലാം വൃത്തിയാക്കി അവനെ വീട്ടില്‍ എത്തിക്കുന്നു. കടുത്ത ജ്വരമായിരുന്നു അവന്. പിന്നീടുള്ള മൂന്ന് മാസക്കാലം അവന്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. പനിവിട്ട് പുറത്തിറങ്ങിയ മൈക്കിള്‍ ഹന്നയെ തേടിയിറങ്ങി. ഒരു പൂച്ചെണ്ട് നല്‍കി തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

the-reader1

എന്നാല്‍ ഇത് തുടക്കമിട്ടത് പുതിയൊരു ബന്ധത്തിനായിരുന്നു. തന്നേക്കള്‍ 21 വയസ്സ് ചെറുപ്പമായ ഹന്ന, മൈക്കിളിലെ ശരിക്കും വശീകരിക്കുകയായിരുന്നു. അതൊരു പ്രണയം തന്നെ ആയിരുന്നു. ഹന്നയുടെ അപ്പാര്‍ട്ട്‌മെന്റില്‍ അവര്‍ മിക്കസമയത്തും ശരീരംപങ്കുവച്ച് ജീവിതവും പ്രണയവും ആസ്വദിച്ചു.

ഓരോതവണയും സെക്‌സിന് ശേഷം ഹന്ന, മൈക്കിളിനെ കൊണ്ട് അവന് പഠിക്കാനുള്ള സാഹിത്യ പുസ്തകങ്ങള്‍ വായിപ്പിക്കുമായിരുന്നു. അവന്റെ പുസ്തകപാരായണത്തിന് അവള്‍ കാതോര്‍ത്ത് കിടന്നു. സിനിമയില്‍ ഈ രംഗങ്ങളെല്ലാം അതിമനോഹരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഹന്ന ഒരുനാള്‍ ഒന്നും പറയാതെ മൈക്കിളിനെ വിട്ടകന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നിയമ വിദ്യാര്‍ത്ഥിയായി ഹെയ്ഡല്‍ബര്‍ഗ് നിയമ സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ തികച്ചും യാദൃശ്ചികമായി മൈക്കിള്‍ ഹന്നയെ കണ്ടെത്തി. നിയമപഠനത്തിന്റെ ഭാഗമായി ഒരു വിചാരണ കാണാന്‍ എത്തിയതായിരുന്നു മൈക്കിള്‍.

ഏറെ കുപ്രസിദ്ധമാണ് പോളണ്ടിലെ ഓഷ് വിറ്റിസ് തടവ് പാളയം. നാസി ജര്‍മനിയുടെ ഏറ്റവും ക്രൂരത അരങ്ങേറിയിരുന്ന സ്ഥലം. ഓഷ് വിറ്റ്‌സില്‍ 300 സ്ത്രീകളെ അതി ക്രൂരമായി തീയിട്ട് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഹന്ന. മൈക്കിളിനെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വിവരം. ജയിലിലെ ആറ് വനിത ഗാര്‍ഡുമാരില്‍ ഒരാള്‍!

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം എഴുതിയ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം ഹന്ന ഏറ്റെടുത്തു. പക്ഷേ ഹന്നയ്ക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു എന്ന സത്യം മൈക്കിളിലെ ശരിക്കും ഉലച്ചുകളഞ്ഞു. തങ്ങളുട െപ്രണയകേളികള്‍ക്ക് ശേഷം എന്തുകൊണ്ടാണ് അവള്‍ തന്നെക്കൊണ്ട് പുസ്തകങ്ങള്‍ ഉറക്കെ വായിപ്പിച്ചിരുന്നത് എന്ന് അവന് ബോധ്യപ്പെട്ടു.

ജീവപര്യന്തം തടവുശിക്ഷയായിരുന്നു കോടതി ഹന്നയ്ക്ക് വിധിച്ചത്. അങ്ങനെയിരിക്കെ മൈക്കിള്‍ ഹന്നയ്ക്ക് ജയിലേക്ക് ഒരു പാഴ്‌സല്‍ അയച്ചു. ഒരു ടേപ് റിക്കോര്‍ഡറും കുറേയേറെ കാസറ്റുകളും. പുസ്തകങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത് അത് ഹന്നയ്ക്ക് കേള്‍ക്കാന്‍ വേണ്ടി മാത്രം മൈക്കിള്‍ അയച്ചതായിരുന്നു അത്. ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു.

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്നയുടെ ജയില്‍ മോചനത്തിന്റെ സമയമെത്തുന്നു. തനിക്കൊപ്പം കിടപ്പറയില്‍ പുളഞ്ഞിരുന്ന 36 കാരിയല്ല ഹന്ന ഇപ്പോള്‍ എന്ന മൈക്കിളിന് അറിയാം. അവള്‍ക്കപ്പോള്‍ പ്രായം 66 കഴിഞ്ഞിരിക്കുന്നു. ജയില്‍വാസക്കാലത്ത് ഒരിക്കല്‍ പോലും ഹന്നയെ കാണാന്‍ ചെല്ലാതിരുന്ന മൈക്കിള്‍ ഒടുവില്‍ അവളെ സന്ദര്‍ശിക്കുന്നുണ്ട്. തിരിച്ചുവരുമ്പോള്‍ താമസിക്കാന്‍ സ്ഥലവും ജീവിക്കാന്‍ ജോലിയും എല്ലാം മൈക്കിള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

22 വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ എന്താണ് പഠിച്ചത് എന്ന് ചോദിക്കുന്നുണ്ട് മൈക്കിള്‍. മറ്റൊന്നും ആയിരുന്നില്ല ഹന്നയുടെ ഉത്തരം- എഴുതാനും വായിക്കാനും പഠിച്ചു- എന്നായിരുന്നു. അവള്‍ സ്വയം തിരിച്ചറിയുകയായിരുന്നു. എഴുത്തിലൂടെ, വായനയിലൂടെ, മൈക്കിളിന്റെ ശബ്ദത്തിലൂടെ കേട്ട പുസ്തകങ്ങളിലൂടെ.

ദുരന്തപൂര്‍ണമാണ് അവസാനം. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെ തൊട്ടുതലേന്ന് ഹന്ന സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്തിനാണ് ഹന്ന ആത്മഹത്യ ചെയ്തത്? അറിയാതെയെങ്കിലും ഭരണകൂടത്തിന്റെ കൊടുംക്രൂരതകള്‍ക്ക് കൂട്ടുനിന്നതാണോ അവളെ മരണത്തിലേക്ക് നയിച്ചത്? അറിയില്ല... അവള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു.

വായനയെ ഇത്രയേറെ ചേര്‍ത്തുവച്ച പുസ്തകങ്ങളോ സിനിമകളോ അധികമില്ലെന്ന് തന്നെ 'ദ റീഡറിനെ' കുറിച്ച് പറയാം. അത്രയേറെ അത് ഹൃദയത്തില്‍ തട്ടുന്നുണ്ട്. 1995 ല്‍ ആയിരുന്നു ബേണ്‍ഹാഡ് ഷ്‌ലിങ്ക് ഈ പുസ്തകം എഴുതിയത്. 2008 ല്‍ ആണ് സിനിമയാക്കിയത്.


English summary
Reading Day celebration: The Reader- review. The Reader is a 2008 German-American romantic drama film directed by Stephen Daldry and written by David Hare, based on the 1995 German novel of the same name by Bernhard Schlink
Please Wait while comments are loading...