• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എഴുത്തും എഴുത്തുകാരന്റെ കഴുത്തിനു പിടിക്കുന്നവരും... മീശ വിവാദത്തില്‍ ടിസി രാജേഷ് എഴുതുന്നു

  • By Desk

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിലെ രണ്ടാം അധ്യായത്തില്‍ ആഖ്യാതാവ് രാവിലത്തെ വ്യായാമ നടത്തത്തിലാണ്. നടക്കുന്ന വഴി മൂന്നായി പിരിയുന്നിടത്ത്, ഒരെണ്ണം മീൻചന്തയിലേക്കും മറ്റൊരെണ്ണം റബ്ബർ തോട്ടത്തിലേക്കും നേരേയുള്ളത് അമ്പലത്തിനു മുന്നിലേക്കുമാണ്. ആഖ്യാതാവ് ആ നാല്‍ക്കവലയിലെത്തുമ്പോള്‍ നോവലില്‍ ഇങ്ങനെ വായിക്കാം.

....രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോകുന്ന വെളുത്ത സുന്ദരികളെ കാണാം.
"പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?" ആറുമാസം മുൻപുവരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു.

"പ്രാർഥിക്കാൻ." ഞാൻ പറഞ്ഞു.

"അല്ല. നീ ഒന്നുകൂടി സൂക്ഷിച്ച് നോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ." ഞാൻ ചിരിച്ചു.

"അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ."

വ്യായാമംകൊണ്ട് ശരീരത്തെ കബളിപ്പിക്കാൻ കഴിയാതെ അവൻ ഹൃദയാഘാതംവന്ന് മരിച്ചതിൽ പിന്നെ ഞാൻ ഒറ്റക്കായി നടത്തം..."

ആകെ മൂന്ന് അധ്യായം മാത്രം പ്രസിദ്ധീകരിച്ചശേഷം പിന്‍വലിക്കപ്പെട്ടുവെന്ന പ്രഖ്യാപനം വന്ന 'മീശ'യുടെ പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങള്‍ വച്ചുനോക്കിയാല്‍ കഥാഗതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഗമാണിതെന്നുകൂടി പറയേണ്ടിവരും. അതുപക്ഷേ, എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്.

കുട്ടനാട്ടിലെ ദളിത് ജീവിതം

കുട്ടനാട്ടിലെ ദളിത് ജീവിതം

കുട്ടനാട്ടിലെ ദളിത് ജീവിതത്തെപ്പറ്റിയുള്ള ആഖ്യാനമാണത്രെ നോവല്‍. ഒന്നും മൂന്നും അധ്യായങ്ങള്‍ പഴയ കാലത്തെ കഥയാണ്. രണ്ടാം അധ്യായം ആ കഥ എഴുതുന്ന ആഖ്യാതാവിന്റെ സമകാലവും. ഈ രണ്ടാം അധ്യായം ഒരുതരത്തില്‍പറഞ്ഞാല്‍ എഴുത്തുകാരന്റെ നിലപാട് പ്രഖ്യാപനം തന്നെയാണ്. എന്നുകരുതി വിവാദപരാമര്‍ശം എഴുത്തുകാരന്റെ അഭിപ്രായമാണെന്ന് വാദിക്കാനുമാകില്ല. കാരണം എഴുത്തുകാരനോട് മറ്റൊരാള്‍ പറയുന്ന പരാമര്‍ശം മാത്രമാണത്. ആ പരാമര്‍ശം നടത്തിയയാള്‍ വ്യായാമമൊക്കെ ചെയ്തിട്ടും ആറു മാസത്തിനകം ഹൃദയാഘാതം വന്നു മരിച്ചു. അതിനെ നമുക്ക് ദൈവശിക്ഷയായും വേണമെങ്കില്‍ വ്യാഖ്യാനിക്കാനുള്ള അവസരം ഈ നോവല്‍ തുറന്നിടുന്നുണ്ട്.

പരാമര്‍ശം സ്ത്രീ വിരുദ്ധം

പരാമര്‍ശം സ്ത്രീ വിരുദ്ധം

കടുത്ത സ്ത്രീവിരുദ്ധമായ ഒരു പരാമര്‍ശമാണ് പേരുപോലുമില്ലാത്ത ആ താല്‍ക്കാലിക കഥാപാത്രം പറയുന്നത്. അതില്‍ മതവിരുദ്ധമായിട്ട് എന്തെങ്കിലും ഉണ്ടെന്നു കരുതുകവയ്യ. ആര്‍ത്തവകാലത്തെപ്പറ്റിയുള്ള പുതിയ ചര്‍ച്ചകളുടേയും മറ്റും കാലത്ത് അതിനെ ക്ഷേത്രദര്‍ശനവുമായി ചേര്‍ത്തുവയ്ക്കുകയാണ് യഥാര്‍ഥത്തില്‍‌ ഈ സംഭാഷണശകലം ചെയ്യുന്നത്. ആര്‍ത്തവമുള്ള നാലഞ്ചുനാളുകളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകാറില്ലെന്നും അല്ലാത്തപ്പോള്‍ അണിഞ്ഞൊരുങ്ങി പോകുമെന്നും കഥാപാത്രം പറയുന്നു. ആര്‍ത്തവത്തോടടുത്ത നാളുകളില്‍ ലൈംഗികബന്ധം സാധ്യമല്ലെന്ന യാഥാര്‍ഥ്യത്തെ അല്‍പം ലൈംഗികച്ചുവയോടെ ഒരാള്‍ ക്ഷേത്രദര്‍ശനവുമായി ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കുകയാണ്. അതാകട്ടെ നോവലിസ്റ്റ് അല്ലതാനും. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളും വ്യാഖ്യാനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ആണ്‍കാലങ്ങളുടെ ഒരു പ്രതിനിധി, ഇവിടെ നോവലില്‍‌ വന്നുപോകുക മാത്രമാണ് ചെയ്യുന്നത്. അതിനെതിരായുള്ള എല്ലാത്തരം അസഭ്യവര്‍ഷങ്ങളും തിരിച്ചറിവില്ലായ്മമൂലം മാത്രമാണെന്ന് പറയേണ്ടിവരും.

മുട്ടിലിഴയുന്ന നോവലിസ്റ്റ്

മുട്ടിലിഴയുന്ന നോവലിസ്റ്റ്

വിവാദപരാമര്‍ശം ഉള്ള രണ്ടാം അധ്യായത്തില്‍തന്നെ മറ്റൊരിടത്ത് നമുക്കിങ്ങനെ വായിക്കാം:

"വാചകമടിയല്ല, എഴുത്താണ് എന്റെ മാധ്യമം. എഴുത്ത് ജീവിതമല്ലെന്നും എഴുത്തിലെ ബംഗാൾ കടുവയ്ക്ക് മൂന്നുകാലുമാത്രം ഉണ്ടായാലും അത് സംസ്‌കൃതം സംസാരിച്ചാലും ഒരു കുഴപ്പവുമില്ലെന്ന് ബോർഹസ് പറഞ്ഞിട്ടുണ്ട്."
നോവലിലെ ആഖ്യാതാവിന്റെ വാക്കുകളാണിത്. അയാള്‍ അറിയപ്പെടാത്ത ഒരു കഥാകൃത്താണ്. എഴുത്തുമായി ബന്ധപ്പെട്ട ഒരു സംവാദത്തെ പരാമര്‍ശിച്ചാണ് അയാളിങ്ങനെ പറയുന്നത്. അധികം അകലെയല്ലാതെ നോവലിലെ ആഖ്യാതാവ് തന്നെ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്:
"ഒളശ്ശക്കാരൻ നാരായണപിള്ള തന്റെ ആത്മകഥയിൽ പറഞ്ഞ ഒരു വാചകമുണ്ട്. യഥാർഥ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങുമ്പോൾ ഇവിടുത്തെ കപട വിപ്ലവകാരികളൊക്കെ ശബരിമലയിൽപോയൊളിക്കുമെന്ന്! നോക്കണേ ശബരിമല! എന്ത് കറക്ടാണ്. അതുപോലെ യഥാർഥ ഫാസിസം വരുമ്പോൾ ഇവനൊക്കെ മുട്ടിലിഴയും. അതിനിനി വല്യ താമസമൊന്നുമില്ല."
പത്തിവിടര്‍ത്തി ആടുമെന്ന് ഉറപ്പുള്ള ഫാസിസം പത്തിവിടര്‍ത്തി ആടുകതന്നെ ചെയ്യുമ്പോള്‍, നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ വെര്‍ച്വല്‍ ആക്രമണം നടക്കുമ്പോള്‍ ഇവിടെ മുട്ടിലിഴയുന്ന നോവലിസ്റ്റിനെ കാണേണ്ടിവരുന്നത് ദുഃഖകരമാണ്. എഴുത്തോ നിന്റെ കഴുത്തോ എന്നു ചോദിച്ചാല്‍ എഴുത്ത് എന്നുറപ്പിച്ചു പറയാന്‍ ധൈര്യമില്ലാത്തതില്‍ തെറ്റൊന്നുമില്ല. ആ ധൈര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്നുമില്ല. പക്ഷേ, അത്രമാത്രം കഴുത്തു നഷ്ടപ്പെടാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടായോ എന്നതാണ് ചോദ്യം. ഇത്തരമൊരു നിലപാടിലൂടെ, കഴുത്തിനു പിടിക്കാന്‍ വരുന്നവര്‍ക്കു മുന്നില്‍ കഴുത്തുകാണിച്ചുകൊടുക്കുന്ന അഹിംസാവാദിയായി എഴുത്തുകാരന്‍ മാറുകയാണ് ചെയ്തിരിക്കുന്നത്.

അത്ര രൂക്ഷമായിരുന്നോ

അത്ര രൂക്ഷമായിരുന്നോ

സോഷ്യല്‍ മീഡിയയുടെ കാലത്ത് വെര്‍ച്വല്‍ അറ്റാക്കില്‍ അത്ഭുതമൊന്നുമില്ല. പണ്ടുണ്ടായിരുന്ന നേരിട്ടുള്ള തെറിവിളി- വെര്‍ബല്‍ അറ്റാക്ക്- പുതിയ രൂപത്തില്‍ വരുന്നതാണിത്. അമ്മയേയും ഭാര്യയേയും പെങ്ങളേയും ചേര്‍ത്ത് തെറി വിളിച്ചിരുന്നവര്‍ ഇന്ന് അല്‍പംകൂടി 'പുരോഗ'മിച്ച് ചിത്രങ്ങളിലേക്കു കടന്നിരിക്കുന്നു. തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന ചൊല്ല് ഇവിടേയും പ്രായോഗികമാക്കുകയാണ് വേണ്ടത്.

സോഷ്യല്‍മീഡിയയിലെ തെറിവിളി ഇന്ന് കേരളത്തിലൊരു സാധാരണകാര്യമാണ്. ഒട്ടേറെ സിനിമാക്കാര്‍ക്കും പത്രക്കാര്‍ക്കുമൊക്കെ പല മേഖലകളില്‍ നിന്നും അത് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അവരാരും അഭിനയവും സംവിധാനവുമൊക്കെ നിറുത്തുകയോ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുകയോ തെറിവിളിക്ക് കാരണമായ സംഗതി പിന്‍വലിക്കുകയോ ഒന്നും ചെയ്തതായി കേട്ടിട്ടില്ല. അത്തരമൊരു സാഹചര്യം കേരളത്തില്‍ നിലവിലുണ്ടെന്നും ഞാന്‍ കരുതുന്നില്ല.

സുഭാഷ് ചന്ദ്രന്‍റെ ബ്ലഡി മേരി

സുഭാഷ് ചന്ദ്രന്‍റെ ബ്ലഡി മേരി

കുറേനാളുകള്‍ക്കു മുന്‍പ് സുഭാഷ് ചന്ദ്രന്റെ ‘ബ്ലഡി മേരി' എന്ന ചെറുകഥ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ അനൗണ്‍സ് ചെയ്തെങ്കിലും കഥ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായതെന്തൊക്കെയോ ആ കഥയിലുണ്ടെന്ന പേരില്‍ മാധ്യമം അത് തിരിച്ചയച്ചുവെന്നാണ് എവിടെയോ വായിച്ചത്.

പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആ കഥ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് ഓര്‍മ. മാധ്യമം കഥ തിരസ്കരിച്ചുവെന്നത് വസ്തുതയാണെങ്കില്‍ അവര്‍ നടത്തിയത് പൂര്‍ണമായും ഒരു സെന്‍സറിംഗാണ്. സിനിമകളുടെ കാര്യത്തിലും മറ്റും സെന്‍സര്‍ ബോര്‍ഡുകള്‍ ചെയ്യുന്ന പ്രവൃത്തി പത്രാധിപസമിതി ചെയ്തു. ഏതൊരു സര്‍ഗസൃഷ്ടിയുടെ കാര്യത്തിലും അതിനുള്ള അധികാരം പത്രാധിപസമിതിക്ക് ഉണ്ടുതാനും.

 മാതൃഭൂമി വിവാദം

മാതൃഭൂമി വിവാദം

ഇനി സമീപകാലത്തുണ്ടായ മറ്റൊരു സംഭവം നോക്കുക. മാതൃഭൂമി പത്രത്തിന്റെ ‘നഗരം' പേജില്‍ വന്ന ഒരു ഫീച്ചറില്‍ നബിക്കെതിരായ പരാമര്‍ശമുണ്ടായെന്ന് ആക്ഷേപമുണ്ടാകുന്നു. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ മാതൃഭൂമിക്കെതിരെ പ്രതിഷേധം കനത്തു. അതൊരു സര്‍ഗസൃഷ്ടിയായിരുന്നില്ലെന്നും വാര്‍ത്താ സ്വഭാവമുള്ള ഒന്നായിരുന്നെന്നും വേണമെങ്കില്‍ വാദിക്കാം. പ്രസ്തുത പരാമര്‍ശത്തില്‍ പിന്നീട് മാതൃഭൂമി ഖേദം പ്രകടിപ്പിച്ച് കീഴടങ്ങി. പത്രത്തിന്റെ പ്രചാരത്തില്‍ ഇടിവുണ്ടാകാതിരിക്കാന്‍ അത് അനിവാര്യമായി അവര്‍ കരുതിക്കാണണം. അന്ന് മത-വിശ്വാസ മാഫിയകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉയര്‍ത്താനോ ഉയര്‍ത്തിക്കാനോ താല്‍പര്യപ്പെടാതിരുന്ന പത്രം ഇപ്പോള്‍ എഴുത്തുകാരെ അണിനിരത്തി ഹരീഷിനുവേണ്ടി പ്രതിരോധം തീര്‍ക്കുന്നതു കാണുമ്പോള്‍ തമാശയാണ് തോന്നുക.

മനോരമയും സിപിഎമ്മും

മനോരമയും സിപിഎമ്മും

കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ ശക്തമായെഴുതുന്ന മലയാള മനോരമയിലെ പല ലേഖകര്‍ക്കും അസഭ്യവര്‍ഷം നേരിടേണ്ടിവന്നിട്ടുണ്ട്. സുജിത് നായര്‍ മുതല്‍ ജിജോ ജോണ്‍ പുത്തേഴത്ത് വരെ. സിപിഎമ്മിനെ ഏതു വിധത്തിലും അവഹേളിക്കുകയും തകര്‍ക്കുകയും ചെയ്യുകയെന്ന ലക്ഷ്യം അവരെഴുതിയ വാര്‍ത്തകളില്‍ ഉണ്ടായിരുന്നുവെന്ന് പാര്‍ട്ടിക്കാര്‍ സംശയിച്ചാല്‍ തെറ്റൊന്നുമില്ല. അതെല്ലാം വാര്‍ത്തകളായതിനാല്‍ പ്രത്യേകിച്ചും. പക്ഷേ, അത്തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണങ്ങളെത്തുടര്‍ന്ന് മനോരമ ഏതെങ്കിലും വാര്‍ത്ത പിന്‍വലിച്ചതായി അറിവില്ല. മനോരമയെന്നല്ല പല മാധ്യമങ്ങളും തങ്ങള്‍ നല്‍കിയ വിവരം തെറ്റാണെന്നു ബോധ്യപ്പെട്ടാലും അത് തിരുത്താന്‍പോലും തയ്യാറാകാറില്ല. എന്തായാലും സിപിഎമ്മും മനോരമയും ഇപ്പോഴും നേര്‍ക്കുനേരേ തന്നെയാണ്. അവിടെ മനോരമയാണോ ജയിക്കുന്നത്, ആക്രമണവുമായിറങ്ങിയവരാണോ എന്നതൊക്കെ കാലം തെളിയിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

വാര്‍ത്ത പോലെ അല്ല കല

വാര്‍ത്ത പോലെ അല്ല കല

വാര്‍ത്തയെന്നത് യാഥാര്‍ഥ്യമായതിനാല്‍ വാര്‍ത്തകളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. കല ഭാവനയായതിനാല്‍ അത് വായനക്കാരന്റെ, അല്ലെങ്കില്‍ ആസ്വാദകന്റെ വിവേചനത്തിലാണ് യാഥാര്‍ഥ്യമോ അയാഥാര്‍ഥ്യമോ ആകുന്നത്. അസഭ്യവര്‍ഷത്തെ ഭയന്ന് എഴുതിയ കാര്യം പിന്‍വലിക്കാനാണെങ്കില്‍ എഴുതാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് സര്‍ഗസൃഷ്ടികളിലും കലയിലും. നിലപാടുകളോട് വിയോജിപ്പികാം; വിരുദ്ധമായ അഭിപ്രായങ്ങളുമുണ്ടാകാം. അതു നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുള്ളവരുടെ നിലപാടുകളും അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പൂര്‍ണമാകുന്നത്.

ആദ്യമായല്ല കേരളത്തില്‍

ആദ്യമായല്ല കേരളത്തില്‍

കേരളത്തില്‍ എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും നേരേ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അസഭ്യവര്‍ഷത്തിനും ആക്രോശത്തിനും പഞ്ഞമൊന്നുമില്ല. അതു നേരിടേണ്ടിവന്നവര്‍ ധാരാളമാണ്. പക്ഷേ, നേരിട്ടുള്ള കയ്യേറ്റശ്രമം അത്യപൂര്‍വ്വമായി മാത്രമേ സംഭവിച്ചിട്ടുള്ളു. അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി ഇടപെട്ടിട്ടുമുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങളില്‍ അതിനിരയാകുന്നവര്‍ പരാതിപ്പെട്ട സാഹചര്യങ്ങളിലും ഇടപെടലുകളുണ്ടായിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ സര്‍ക്കാരിന് വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.

പ്രശ്നം മാതൃഭൂമിക്കോ

പ്രശ്നം മാതൃഭൂമിക്കോ

ഈ നോവലിന്റെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നോവല്‍ നോവലിസ്റ്റ് സ്വമേധയാ പിന്‍വലിക്കുകയായിരുന്നെന്നാണ് മാതൃഭൂമി വാരികയുടെ പത്രാധിപരുടേതായി കണ്ട ട്വീറ്റില്‍ നിന്ന് മനസ്സിലാക്കുന്നത്. പക്ഷേ, മലയാളം വാരിക ഇത് പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പ് തുടര്‍ന്നുണ്ടായി. അപ്പോള്‍ പ്രശ്നം നോവലിലല്ല, അത് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണത്തിലാണെന്നു വരുന്നു. നോവലിസ്റ്റിനാണ് പ്രശ്നമെങ്കില്‍ മറ്റൊരു വാരികയ്ക്ക് അത് പ്രസിദ്ധീകരിക്കാനായി നല്‍കില്ലല്ലോ.

ഇവിടെ സുഭാഷിന്റെ കഥ തിരസ്കരിച്ച മാധ്യമം വാരികയുടേതില്‍ നിന്ന് തെല്ലും വ്യത്യസ്തമല്ല മാതൃഭൂമിയുടെ നിലപാടെന്നു കരുതേണ്ടിവരും. നബിയെ സംബന്ധിച്ച പരാമര്‍ശമടങ്ങിയ വാര്‍ത്തയുടെ കാര്യത്തിലുണ്ടായതുപോലെ ഒരു ഖേദപ്രകടനം കൂടി നടത്തിയാല്‍ മതിയായിരുന്നു. പക്ഷേ, തങ്ങളുടെ നിലപാട് മറച്ചുവച്ച് എഴുത്തുകാരെ ഉള്‍പ്പെടെ അണിനിരത്തി തങ്ങള്‍ നോവലിസ്റ്റിന്റെ പക്ഷത്താണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം എന്തിനാണ് മാതൃഭൂമി നടത്തുന്നത്.
ഇന്നത്തെ കാലത്ത് ഏതെങ്കിലും മേഖലകളില്‍ നിന്ന് പ്രതിഷേധവും പ്രതികരണവും ചീത്തവിളിയും പ്രതീക്ഷിച്ചുമാത്രമേ നാം എഴുത്തിനും കലാപ്രവര്‍ത്തനത്തിനും മുതിരാവൂ. കഥാപാത്രങ്ങളുടെ ജാതിയും മതവും വര്‍ഗവും ലിംഗവും രാഷ്ട്രീയവും എന്തിന് പേരുപോലും വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ വെര്‍ച്വല്‍ ആക്രമണത്തിന് ഇരയായേക്കാം. വിരുദ്ധ നിലപാട് പറയുന്ന കഥാപാത്രത്തെ നിങ്ങളുടെ മറ്റൊരു കഥാപാത്രം എതിര്‍ക്കുന്നതിലൂടെ വിരുദ്ധ നിലപാടിനോടുള്ള പ്രതിഷേധമാണ് നിങ്ങള്‍ വ്യക്തമാക്കുന്നതെങ്കിലും ആദ്യത്തെ കഥാപാത്രം പറഞ്ഞ വിരുദ്ധ നിലപാടാണ് നിങ്ങളുടേതെന്ന വ്യാഖ്യാനങ്ങളാകും ഉണ്ടാകുക.

എഴുത്തുകാര്‍ കരുത്ത് നേടണം

എഴുത്തുകാര്‍ കരുത്ത് നേടണം

സമൂഹം എഴുത്തിനെ ഉള്‍ക്കൊള്ളാനുള്ള സാമൂഹ്യബോധത്തിലേക്ക് എത്തേണ്ടതുണ്ടെന്നതുപോലെതന്നെ പ്രധാനമാണ് എതിര്‍പ്പുകളെ അതിജീവിക്കാന്‍ എഴുത്തുകാര്‍ കരുത്തുനേടുക എന്നതും. എഴുത്തിനെ ഉള്‍ക്കൊള്ളാനുള്ള സാമൂഹ്യബോധവും സഹിഷ്ണുതയും എല്ലാവരിലും ഉണ്ടാകുക എന്നുള്ളത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനുപകരം സാമൂഹ്യബോധവും സഹിഷ്ണുതയും കൂടുതലായി ഇല്ലാതാകുന്ന കാലത്തേക്കാണ് നാം പോകുന്നത്. അതിനെ പ്രതിരോധിക്കണമെങ്കില്‍ തെറിവിളികളെ അതിജീവിച്ച് കൂടുതല്‍ ശക്തമായി നാം കലാസൃഷ്ടികള്‍ നടത്തേണ്ടതുണ്ട്. കലയും എഴുത്തുമാണ് ശരിയെങ്കില്‍ അവ വിജയിക്കും, തെറിവിളിക്കുന്നവരുടെ ഭാഗമാണ് ശരിയെങ്കില്‍ അത് വിജയിക്കും.

(അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിയ ആളിന്റെ മാത്രം അഭിപ്രായമാണ്. നിയമപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ മലയാളം വൺ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ല)

English summary
TC Rajesh writes about the Meesha Novel Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X