ഒരു പ്രസവം കണ്ടുനിന്ന കഥ.. നങ്ങേലിപ്പശുവും അമ്മയുടെ കണ്ണുനീരും... വനജ വസുദേവ് എഴുതുന്നു

  • Posted By: Vanaja Vasudev
Subscribe to Oneindia Malayalam

വനജ വസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

അധികമൊന്നും നിറഞ്ഞു കാണാത്ത കണ്ണുകൾ നിറച്ചും, മുഖത്ത് പിരിമുറുക്കത്തിന്റെ കാർമേഘങ്ങൾ കെട്ടിയും, നടപ്പിലും പറച്ചിലിലും പതിവില്ലാത്ത ആധി നിറച്ചും അമ്മയെ ആദ്യം കണ്ടത് നങ്ങേലി പശുവിന്റെ 'മാസം' അടുത്ത് വന്നപ്പോഴാണ്. ഒൻപതാം ക്ലാസ്സിലെ വേനൽ അവധിക്ക് ഒരു ബുധനാഴ്ച ദിവസം ആയിരുന്നു അവളെ കൊച്ചച്ചൻ സോമൻ മാമന്റെ പെട്ടി ഓട്ടോയിൽ കയറ്റി വീട്ടിൽ എത്തിച്ചത്. മടിയിലെ മുറത്തിൽ വച്ച് ബീഡിയില കത്രിക കൊണ്ട് മുറിച്ചു അതിൽ ചുക്ക് നിറച്ച് ചുരുട്ടി നടുക്ക് ചോന്ന നൂല് കെട്ടി ബീഡി തെറുക്കുന്ന അപ്പൂപ്പനരുകിൽ ഇരിക്കുകയായിരുന്നു ഞാൻ. അനിയൻ തൊടിയിലെവിടെയോ അലഞ്ഞു തിരിഞ്ഞും, 'അമ്മ അടുക്കളയിൽ പാത്രങ്ങളോട് മിണ്ടിയും തട്ടിയും അങ്ങനെ നിൽപ്പുണ്ടായിരുന്നു.

വലിയ ശബ്ദം ഉണ്ടാക്കി വണ്ടി വരുന്നത് കണ്ട് വാതിലിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് കയ്യാലയ്ക്കു മുകളിൽ കറുത്തൊരു കുഞ്ഞു തല വരുന്നതാണ്. ഇതെന്ത് കഥയെന്നു നോക്കി നിന്ന എന്റെ കണ്ണിലും, ഇതെവിടെയാണ് എത്തിപ്പെട്ടതെന്ന് അറിയാത്ത ആ കുഞ്ഞി കണ്ണുകളിലും ഒരേ കൗതുകം ആയിരുന്നു. വണ്ടിയിൽ നിന്നിറക്കി മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ടു കൊച്ചച്ചൻ തിരിഞ്ഞപ്പോൾ സങ്കടം കൊണ്ട് "ഉമ്പേ . ...എന്ന് ചിണുങ്ങി. ''പൊട്ടെഡീ വിഷമിക്കണ്ടാ... ഇതും നമ്മളുടെ വീടാണ്.''തിരിഞ്ഞു വന്നു കൊച്ചച്ചൻ അവളുടെ തലയിൽ തലോടി. കുറച്ചു അപ്പുറം മാറി നിൽക്കുന്ന എന്നോടും, അനിയനോടും "പശു ഉമ്മാമ്മയെ നല്ലോണം നോക്കണം എന്ന് പറഞ്ഞു മൂപ്പർ അകത്തേക്ക് പോയി. വാതിലിനരുകിൽ പതുങ്ങി നിന്നപ്പോൾ കേട്ടു അകത്തെ കൊച്ചച്ചന്റെ സംസാരം.

cow

ഓര്‍മ്മകളുടെ കര്‍പ്പൂര ഗന്ധങ്ങള്‍... കുട്ടിക്കാലത്തെ അനുഭവങ്ങൾ വനജ വസുദേവ് എഴുതുന്നു!

ആസിഫ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

"ആദ്യ പേറില്‍ ആണായതു കൊണ്ട് വീട്ടിൽ നിർത്തി. അടുത്ത് പെണ്ണാണെങ്കിൽ നിനക്ക് തരണമെന്ന് അന്നേ കരുതിയതാണ്. അടുത്ത് സുപ്രഭയ്ക്കു കൊടുക്കണം. പറമ്പിൽ ഇഷ്ടം പോലെ പുല്ലുണ്ട്. അവിടെ കൊണ്ട് കെട്ടിയാൽ അതുങ്ങൾ തലപ്പ് കടിച്ചു തിന്ന് നടന്നോളും. ബാക്കി വരുന്ന കഞ്ഞി വെള്ളവും, പഴതൊലിയുമൊക്കെ കളയാണ്ട് അതിനു കൊടുത്താൽ മതി. ഇവളുടെ തള്ളയ്ക്കു നല്ല കറവയുണ്ട്. അതെ ഇനം തന്നെയാണ് ഇവളും. നന്നായി നോക്കിയാൽ നിന്റെ കഷ്ടപ്പാടുകൾക്ക് കുറച്ചു ആശ്വാസം ആകും." ചായ ഊതി കുടിച്ചു കൊച്ചച്ചൻ അത് പറയുമ്പോൾ ഞാൻ അമ്മയെ നോക്കി.

ഒന്നും മിണ്ടാതെ കതകും ചാരി നിൽക്കുകയാണെങ്കിലും പ്രതീക്ഷയുടെ ചെറു വെട്ടം ആ കണ്ണുകളിൽ കണ്ടു.ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ ആദ്യമൊക്കെ ദൂരെ മാറി നിന്ന് കണ്ട ഞാനും, അനിയനും പയ്യെ പയ്യെ കക്ഷിയുമായി അടുക്കാൻ തുടങ്ങി. കഴുത്തിൽ ഒരു മണിയും, കാതിൽ ഒരു പേരും ഇട്ടു കൊടുത്തു .."നങ്ങേലി"..രാവിലെ തന്നെ എരുത്തിലിൽ നിന്ന് പശുക്കുട്ടിയെ അപ്പൂപ്പൻ അഴിച്ചു വിടും. നീണ്ട കയർ കഴുത്തിലൂടെ ചുറ്റി കെട്ടി വയ്ക്കും. കാലിലോ മറ്റു സാധനങ്ങളിലോ തട്ടി കഴുത്തിൽ കയർ മുറുകി ഒന്നും സംഭവിക്കാതിരിക്കാനാണത്രെ. മുറ്റം തൂത്തെറിയുന്ന അമ്മയുടെ പിറകെയും, ഉമ്മറത്തിരിക്കുന്ന അപ്പൂപ്പന്റെ ബീഡി മുറത്തിലേക്കു എത്തി നോക്കിയും, ട്യൂഷൻ കഴിഞ്ഞു വരുന്ന ഞങ്ങളുടെ കൂടെ ഓടിയും നങ്ങേലി തുള്ളി നടന്നു. സ്കൂളിലേക്ക് പുസ്തകം പെട്ടിയിലാക്കി പോകുമ്പോൾ നാല് കാലും വീശിയെറിഞ്ഞു വാല് ചുഴറ്റി കഴുത്തിൽ കെട്ടിയിരിക്കുന്ന മണി കിലുങ്ങാൻ തല ശക്തിയായി ആട്ടി സർവ സ്വാതന്ത്ര്യം എടുത്തു കുതിച്ചു ചാടുന്ന അവളെ അസൂയയോടെ നോക്കും. ശേഷം സ്കൂളിൽ ചെന്ന് അവളെ ചങ്ങാതിമാർക്ക് മുന്നിൽ വര്‍ണിക്കും.

പോകെ പോകെ ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി നങ്ങേലി. ഞങ്ങളുടെ ലോകവും അവളായി. രാവിലെ തല കുലുക്കി കഴുത്തിലെ മണി അടിച്ചു അമ്മയെ ഉണർത്താൻ അവൾ ശ്രെമിച്ചിരുന്നു. എണീറ്റ് മുഖം കഴുകി അടുക്കള വാതിൽ തുറന്നു 'അമ്മ ആദ്യം ഓടിയെത്തുന്നതും അവളുടെ അടുത്തായിരുന്നു. തൊട്ടും, തലോടിയും അവളെ വലം വയ്ക്കുമ്പോൾ കറുത്ത കുത്തുകൾ തിങ്ങിയ നീണ്ട നാവു ഉപയോഗിച്ച് നക്കി അവളും ഐക്യദാർഡ്യം പ്രകടിപ്പിക്കും. തലേന്ന് പറിച്ച പുല്ലോ, വിളക്ക് കത്തിക്കുന്ന മുറിയിൽ അടുക്കിയ കച്ചിയൊന്നെടുത്തു അഴിച്ചിട്ടു കൊടുത്തോ 'അമ്മ ആദ്യ വിശപ്പ് കെടുത്തുന്നത് അവളുടേതായിരുന്നു. ഒൻപതു മണിയാകുമ്പോൾ അപ്പൂപ്പൻ വലിയ ചെമ്പു ചരുവത്തിൽ കിണറ്റിൽ നിന്നും വെള്ളം നിറച്ചു വയ്ക്കും. എരുത്തിലിൽ നിന്ന് നങ്ങേലിയെ അഴിച്ചു മിറ്റത്തെ തെങ്ങിലേക്കു മാറ്റി കെട്ടും. വരുന്ന വഴി ചരുവത്തിലെ പകുതി വെള്ളവും അവൾ കുടിച്ചു വറ്റിക്കും. തെങ്ങിലേക്കു ചേർത്ത് കെട്ടി മഗ്ഗിൽ വെള്ളം ശരീരം മൊത്തം ഒഴിച്ച് കുതിര്‍ക്കും. ശേഷം വലിയൊരു തൊണ്ടു കൊണ്ട് വന്നു പിന്‍കാലുകളും, വാലും, കുളമ്പും ഒക്കെ നന്നായി തേക്കും. തലയിലൂടെ വെള്ളം ഒഴിക്കുമ്പോൾ കാതുകൾ കൂർപ്പിച്ചു കണ്ണടച്ച് ഒരു നിൽപ്പുണ്ട്. ആ സമയം 'അമ്മ തൂമ്പ കൊണ്ട് ചാണകം വടിച്ചു കോരി കുട്ടയിലാക്കി കപ്ലങ്ങയുടെ അടുത്തുള്ള കുഴിയിൽ കൊണ്ട് ചെന്നിടും. വെള്ളം കൊണ്ട് വന്നു ചൂല് വച്ച് നീട്ടി അടിച്ചു വീശി കഴുകി വൃത്തിയാക്കിയിടും.

കുളിപ്പിച്ച് കയറ്റിയ നങ്ങേലിയെ പറമ്പിലെ മാവിൻ ചുവട്ടിൽ കൊണ്ട് കെട്ടും. അടുത്ത് വരുന്ന കൊക്കിനോട് മിണ്ടിയും, തള്ളപ്പൂച്ചയുടെയും കുഞ്ഞു പൂച്ചകളുടെയും കളികൾ കണ്ടും, കരിയില കിളികൾ വരുന്നത് നോക്കിയും, നിന്നും കിടന്നും സമയം തള്ളി നീക്കും. വൈകുന്നേരം വെയിൽ ആറുമ്പോൾ അഴിച്ചു എരുത്തിലിൽ കെട്ടും. കാടിയും, കച്ചിയും, പുല്ലും മാറി മാറി നൽകി 'അമ്മ അവളോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നു . തൊട്ടും, തലോടിയും, തലയിൽ മാന്തിയും അപ്പൂപ്പനും ..
അവധി ദിവസങ്ങളിൽ നങ്ങേലിയെ കുളിപ്പിക്കാനുള്ള ജോലി അപ്പൂപ്പനിൽ നിന്നും അനിയനും, എരുത്തില്‍ കഴുകാനുള്ള ജോലി അമ്മയിൽ നിന്നും എനിക്കും ഭാഗം വച്ച് കിട്ടി. അപ്പൂപ്പൻ കുളിപ്പിക്കുമ്പോൾ അവൾ അനങ്ങാതെ നിൽക്കുമെങ്കിലും അനിയൻ കുളിപ്പിക്കുമ്പോൾ നനഞ്ഞ വാല്‍ വീശി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു അവൾ അവനെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. അവൻ അവളുടെ വാല്‍ പിന്‍കാലുമായി ചേർത്ത് കെട്ടി വച്ച് പകരം വീട്ടുകയും ചെയ്യും.

വാവ് ദിവസം രാത്രിയിൽ വല്ലാണ്ട് കരയുകയും, എരുത്തിലിൽ നിന്ന് "മാച്ച്" കണ്ടെടുക്കുകയും ചെയ്തപ്പോഴാണ് മൃഗ ഡോക്ടർ വലിയ സൂചിയുമായി പടികടന്നു വന്നു കുത്തി വച്ച് പോയത്. പിന്നീടാണ് അറിയുന്നത് നങ്ങേലി അമ്മയാവാൻ പോകുന്നുവെന്ന്. പശു ഗർഭിണി ആണെന്ന് അറിയാനുള്ള അമ്മയുടെ സൂത്രപ്പണി എനിക്ക് ഇന്നും അറിയില്ല . അവളുടെ വയർ വീർത്തു വീർത്തു വരുമ്പോൾ അമ്മയുടെ ഉറക്കം കുറഞ്ഞു കുറഞ്ഞു വരും. ആധി കൂടിയും. കടിഞ്ഞൂൽ പ്രസവം ആണ്. എങ്ങനെ എടുക്കണമെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ല. അപ്പോഴൊക്കെ മൂന്നും നാലും നേരം 'അമ്മ എരുത്തിലിലേക്കും, അടുക്കളയിലേക്കും നെട്ടോട്ടം ഓടുന്നത് കാണാം. അടുപ്പത്തും, അമ്മയുടെ ഉള്ളിലും ഒരേ ചൂടാവും അപ്പോൾ. രാത്രിയിൽ പല പ്രാവശ്യം മണ്ണെണ്ണ വിളക്കുമായി ഇറങ്ങിനോക്കും. കച്ചിയും, പുല്ലും വീണ്ടും കുടഞ്ഞിട്ടു മടങ്ങും.

അങ്ങനെ നങ്ങേലി പ്രസവിക്കുന്ന ദിവസം എത്തി. വെപ്രാളപ്പെട്ട് നടന്ന 'അമ്മയ്ക്ക് മുന്നിൽ തെക്കേലെ സുകുമാരനച്ചൻ രക്ഷകനായി. പശുവിനെ വളർത്തി നല്ല പരിചയം ഉള്ളതിനാൽ പുള്ളിക്ക് ഇതൊക്കെ എളുപ്പം ആണ്. അടുപ്പത്ത് അവൾക്കുള്ള ചൂട് വെള്ളവും, അരിയും കുമ്പളങ്ങയും ചേർത്ത് കഞ്ഞിയും തിളച്ചു കിടപ്പുണ്ട്. ഏകദേശം ഉച്ചയ്ക്ക് രണ്ടു മണിയായി കാണും. പ്ലാവിന് കീഴെ ചാക്ക് വിരിച്ചു കിടത്തിയ നങ്ങേലി വേദന കൊണ്ട് കരയാൻ തുടങ്ങി. അകത്തു നിന്ന് സുകുമാരൻ അച്ഛനും, അമ്മയും, അപ്പൂപ്പനും പുറത്തേക്കും പുറത്തു നിന്നും എനിക്കും അനിയനും അകത്തു കതകിനു പിറകിലേക്കും സ്ഥലമാറ്റം കിട്ടി . വേദന കൊണ്ട് നങ്ങേലി എണീക്കാൻ തുടങ്ങുമ്പോൾ മൂക്ക് കയർ ഒന്നമർത്തി സുകുമാരനച്ചൻ അതിന് വിലക്കും. നിന്ന് പ്രസവിച്ചാൽ കുട്ടി വീണു മരിക്കാൻ ഇടയുണ്ടത്രേ. തലോടിയും, "മോളെ" എന്ന വിളിയോടെയും അവർ മൂന്നാളും അവൾക്കൊപ്പം കൂടും.

നങ്ങേലിയുടെ ഒരു വല്ലാത്ത കരച്ചിൽ കേട്ട് വാതിലിന്റെ വിടവിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അവളുടെ പിൻഭാഗത്തും കൂടി നീണ്ടു വരുന്ന രണ്ടു രണ്ട് കൈകളും, കുഞ്ഞി തലയും ആയിരുന്നു. എന്താണ് എന്ന് മനസിലാകാതെ സൂക്ഷിച്ചു നോക്കി അങ്ങനെ നിന്നപ്പോൾ ഒരു കറുത്ത് ഉരുണ്ട വസ്തു ചാടി പുറത്തേക്കു പൊന്നു. കൂടെ ചോരയും വെള്ളവും. "എന്റെ അമ്മെ" എന്നൊരു അലർച്ചയോടെ ഞാൻ കട്ടിലിലേക്ക് ഓടി. കണ്ണ് പൊത്തി കമഴ്ന്നു കിടക്കുമ്പോൾ കേൾക്കാമായിരുന്നു പുറത്തെ ബഹളങ്ങൾ അത്രയും. മനസ്സ് ശാന്തമായ സമയത്തു ചെന്ന് വാതില്‍ പടിയിൽ നിന്ന് എത്തിനോക്കി. കറുത്തൊരു പശുകുട്ടി വേച്ച് വേച്ച് വീണു നങ്ങേലിയെ വലം വയ്ക്കുന്നു. അവൾ നക്കി നക്കി കുട്ടിയെ അടുപ്പിച്ചു പിടിക്കുന്നു. അമ്മയായി എന്നതിന് തെളിവായി അവളുടെ പിന്‍ഭാഗത്തു നിന്നും താഴേക്കു വഴു വഴുപ്പുള്ള ഒരു നൂൽ ആടി ആടി സാക്ഷ്യം പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ പൊക്കിൾ കൊടിയിൽ നിന്ന് ഒരു ചെറിയ നാര് വളർന്നിറങ്ങി, കാലുകൾ ഉറയ്ക്കാതെ തുള്ളി നടക്കുന്ന അവളിൽ ആയിരുന്നു. എണ്ണക്കറുപ്പുള്ള നങ്ങേലിയുടെ കറുമ്പി പെണ്ണ്. രണ്ടാം പ്രസവത്തിന് ശേഷം ചന നിറഞ്ഞു നിന്നപ്പോൾ നങ്ങേലി വേറൊരു വീട്ടിലേക്കു മാറ്റപ്പെട്ടു. കറമ്പി മാത്രമായി. അവളിൽ രണ്ടു തലമുറ ഉണ്ടായി.പ്രായാധിക്യവും, ആരോഗ്യ പ്രശ്നങ്ങളും വന്നപ്പോൾ 'അമ്മ പശുവളർത്തൽ നിർത്തി. എങ്കിലും കുറച്ചു നാളത്തേക്ക് ആ എരുത്തില്‍ ഒരുപാട് ഓർമകളെ ചുരത്തി അങ്ങനെ നിന്നിരുന്നു ..

ഇപ്പോഴും ഓർമയുണ്ട്, വൈകിട്ട് പുസ്തകവുമായി എരുത്തിലിന്റെ സൈഡിൽ വന്നിരുന്നു പഠിക്കും. ഒരു കൈ കൊണ്ട് നങ്ങേലിയുടെ തലയിൽ മൃദുവായി ചൊറിയും അല്ലെങ്കിൽ പേന്‍ നോക്കും. അവൾ നീണ്ട നാവു കൊണ്ട് നക്കി നക്കി പഠിത്തത്തിന്റെ പിരിമുറുക്കം അയക്കും. അമ്മയുടെ തലവെട്ടം കണ്ടാൽ മതി സ്നേഹത്തോടെ കരയും. 'അമ്മ എവിടേലും സാരി മാറി പോകുന്നത് കണ്ടാൽ സ്നേഹം പരിഭവം ആകും, "ഡീ .." എന്ന ഒറ്റ വിളിയിൽ അലിയിച്ചു കളയും. ഓണത്തിനും, ഉത്സവത്തിനും, വിഷുവിനും അവൾക്കു വയർ നിറച്ചിട്ടേ ഞങ്ങൾ കഴിക്കൂ. അവളെ കുളിപ്പിച്ച് കുറി തൊട്ടേ ആ ദിവസങ്ങൾ തുടങ്ങൂ. സ്നേഹം പാലാഴി ചുരത്തി തന്നവരാണ് നങ്ങേലിയും അവളുടെ പിന്മുറക്കാരും. നാട്ടിൽ പുറത്തെ ഞങ്ങളുടെ നൽകണി ആയവർ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vanaja vasudev on her nostalgic childhood memory

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്