കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധങ്ങളുടെ വേറിട്ട ദൃശ്യാനുഭവം, റൂബന്‍ ഓസ്റ്റ്ലണ്ടിന്‍റെ ഫോർസ് മജൂർ

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

വിവാഹം ഒരു ഉടമ്പടിയാണ്. രണ്ടുപേര്‍ ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്നും പരസ്പരം താങ്ങും തണലുമായി നിന്നുകൊള്ളാമെന്നും ഉള്ള, സമൂഹവുമായുള്ള, (മിക്ക അവസരങ്ങളിലും മതവും കൂടി പങ്കാളിയായ) ഉടമ്പടി. അടക്കി വച്ച എത്രയോ പൊട്ടിത്തെറികളുടെ അഗ്നിപര്‍വതങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട് ഈ ഉടമ്പടി. ആ ഒരു ഉടമ്പടിയില്‍ പങ്കാളികളായി പോയി എന്ന കാരണത്താല്‍ നിവൃത്തിയില്ലാതെ നിശ്ശബ്ദരായി നരക സമാനമായ ജീവിതം നയിക്കുന്ന എത്രയോ പേര്‍.

Force Majeure (2014)

ഈ സിനിമയുടെ പേരില്‍ നിന്ന് തന്നെ തുടങ്ങാം. Force Majeure എന്ന വാക്കിന്റെ അര്‍ത്ഥം ഒരു ഉടമ്പടി പൂര്‍ത്തിയാക്കുന്നതില്‍ നിന്നും ഒരാളെ തടയുന്ന അപ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നതാണ് (unforeseeable circumstances that prevent someone from fulfilling a contract).

1-force-majeure

സത്യത്തില്‍ ഈ സിനിമ ആ വാക്കിനു ജീവിതത്തില്‍ നിന്നുമുള്ള മികച്ച ഒരു ഉദാഹരണം കാണിച്ചു തരിക മാത്രമാണ്. അതി സങ്കീര്‍ണ്ണമായ ഒരു വിഷയത്തെ പ്രത്യക്ഷത്തില്‍ ലളിതം എന്ന് തോന്നുന്ന എന്നാല്‍ അതില്‍ തന്നെ സങ്കീര്‍ണ്ണമായ ഒരു സംഭവ ചിത്രീകരണത്തിലൂടെ അവതരിപ്പിക്കുകയാണിതില്‍.

സിനിമ കാലങ്ങളായി പിന്തുടരുന്ന ചില പതിവ് രീതികളുണ്ട്. ആ കാഴ്ചാ ശീലങ്ങളില്‍ അഭിരമിച്ചുപോയ കാണികള്‍ പുതിയതൊന്നു കാണുമ്പോള്‍ ആകെ അസ്വസ്ഥരാകുന്നു. ഇതെന്തു തരം ക്രാഫ്റ്റ് എന്ന ചോദ്യമുയര്‍ത്തുന്നു. ആരാണ് സിനിമ അല്ലെങ്കില്‍ മറ്റേതൊരു കലാ രൂപവും ഇങ്ങനെയേ ആകാവൂ എന്ന് നിയമങ്ങള്‍ ഉണ്ടാക്കിയത്? സത്യത്തില്‍ നിലവിലുള്ള നിയമങ്ങളെ അതിജീവിക്കുന്നതിനും, പുതിയതൊന്നു സൃഷ്ടിക്കുന്നതിനും ഉള്ള മനുഷ്യന്റെ അടങ്ങാത്ത ത്വരയാണ് കല സൃഷ്ടിച്ചത്. അത് തന്നെ ചില സമാന രീതികളിലേയ്ക്ക് മാറുമ്പോള്‍ അതൊരു കലാ രൂപമായി പരിണമിക്കുന്നു, അതിനു നിയതമായ ചട്ടക്കൂടുകള്‍ ഉണ്ടാകുന്നു. പിന്നെ ആസ്വാദകര്‍ ആ ചട്ടക്കൂടുകളിലേയ്ക്ക് വല്ലാതെ ചുരുങ്ങി പോകുന്നു. കലയുടെ അടിസ്ഥാന ധര്‍മ്മത്തില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണത്.

സിനിമയുടെ പതിവ് രീതി, ഒരു കഥ പറയാനായി കോര്‍ത്തിണക്കിയ കുറെ സംഭവങ്ങളും അവ എത്തിച്ചേരുന്ന, നിങ്ങള്‍ കാത്തിരിക്കുന്ന ക്ലൈമാക്സുമാണ്. അത് നിങ്ങളെ അസ്വസ്ഥരോ തൃപ്തരോ ആക്കി പറഞ്ഞു വിടുന്നു. പക്ഷെ ഈ സിനിമയില്‍ ഈ പറയുന്ന ക്ലൈമാക്സ് നടക്കുന്നത് സിനിമ തുടങ്ങി പന്ത്രണ്ടാം നിമിഷമാണ്. ആരും മരിക്കുകയോ ശാരീരികമായി മുറിവേല്‍ക്കുകയോ ചെയ്യുന്നില്ല. പക്ഷെ ബാക്കി സിനിമ മുഴുക്കെ ആ സംഭവത്തിന്റെ പരിണിത ഫലങ്ങളിലും അസ്വസ്ഥതയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെയാണു നാം കാണുന്നത്.

കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ ചെറിയ ഭാവ വ്യത്യാസങ്ങളിലൂടെ അതി മനോഹരമായി കുടുംബം എന്ന വ്യവസ്ഥയുടെ പല മുഖങ്ങള്‍ കാണിച്ചു തരുന്നുണ്ട് ഈ സിനിമ.

തോമസും എബ്ബയും അവരുടെ രണ്ടു കുട്ടികളും സ്വപ്നസമാനമായ ജീവിതം നയിക്കുന്ന ഒരു സന്തുഷ്ട കുടുംബമാണ്. അവര്‍ ഒരു അവധിക്കാലം ആഘോഷിക്കാനായി ഫ്രഞ്ച് ആല്‍പ്സിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചേരുന്നു. അവരുടെ ആ അവധിക്കാലത്തെ ചില സംഭവങ്ങളാണ് നാം കാണുന്നത്. ഒന്നാം ദിനത്തെ ചില കാഴ്ചകളില്‍ നിന്നുമാണ് അവരുടെ രീതികളും പരസ്പരമുള്ള ബന്ധങ്ങളും നാം അറിയുന്നത്.

2-force-majeure

രണ്ടാം ദിനം റിസോര്‍ട്ടിന്റെ തുറന്ന മട്ടുപ്പാവിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നു. സന്ദര്‍ശകരെ ആസ്വദിപ്പിക്കാനായി സംഘാടകര്‍ പതിവായി ചെയ്യുന്ന നിയന്ത്രിത മഞ്ഞിടിച്ചില്‍ ആയിരുന്നു അത്. അന്ന് പക്ഷെ അതിന്റെ നിയന്ത്രണം അല്പം നഷ്ടപെട്ട് അത് മട്ടുപ്പാവില്‍ വന്നു പതിക്കുകയും ആ തിരക്കിനും അമ്പരപ്പിനും ഇടയില്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ചെയ്യുന്നു. ഒപ്പം ഭാര്യയെയും കുഞ്ഞുങ്ങളെയും കൂടെ കൂട്ടാതെ തോമസും. പിന്നെ കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടു എല്ലാവരും തങ്ങളുടെ ഇരിപ്പിടങ്ങളിലെയ്ക്ക് തിരികെ വരുന്നു. വലിയൊരു അപകടം ആയേക്കാവുന്ന അത് കാര്യമായൊന്നും സംഭവിക്കാതെ അവസാനിക്കുന്നു.

പക്ഷെ ബഹളത്തിനിടയില്‍ ഓടിപ്പോയ തോമസ്‌ തിരിക വരുന്ന ആ നിമിഷം മുതല്‍ എബ്ബയുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങുന്നു. അവള്‍ അസ്വസ്ഥയും ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും ചെയ്യുന്നു. തോമസിന് ആദ്യം കാര്യം മനസ്സിലാകുന്നില്ല, കാര്യം എന്താണെന്ന് ചോദിക്കുമ്പോള്‍ ഒന്നുമില്ല എന്ന് പറഞ്ഞ് അവള്‍ ഒഴിഞ്ഞു മാറുന്നു. മാതാ പിതാക്കള്‍ക്കിടയിലെ അസ്വസ്ഥത പതിയെ കുട്ടികളെയും ബാധിക്കുന്നു.

അന്ന് രാത്രി മറ്റൊരു ദമ്പതികളുമായുള്ള സൌഹൃദ സംഭാഷണത്തിനിടയില്‍ അന്ന് പകലത്തെ മഞ്ഞിടിച്ചിലിന്റെ കാര്യം എബ്ബ പറയുകയും തോമസ്‌ ഞങ്ങളെ ഉപേക്ഷിച്ചു തന്റെ ഫോണുമെടുത്തു ഓടിപ്പോയി എന്ന് സൂചിപ്പിക്കുകയും ചെയ്തു. തോമസ്‌ അപ്പോള്‍ത്തന്നെ അത് നിഷേധിക്കുന്നു. അത് എബ്ബയുടെ വ്യാഖ്യാനം മാത്രമാണെന്നും തനിക്കു പറയാനുള്ളത് മറ്റൊന്നാണ് എന്ന് പറഞ്ഞു അയാള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.

അങ്ങനെ സംതൃപ്തം എന്ന് നമുക്ക് തോന്നിയ ആ കുടുംബത്തിലെ അസ്വസ്ഥതകള്‍ മറനീക്കി പുറത്തു വരികയാണ്. പുറമേ ശാന്തമെന്നു തോന്നുന്ന, എന്നാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതങ്ങള്‍ പോലെ.

3-force-majeure

സംവിധായകനായ റൂബന്‍ ഓസ്റ്റ്ലണ്ട് ഈ കഥയിലേയ്ക്ക് എത്തിച്ചേര്‍ന്നത് രസകരമാണ്. അയാളുടെ സുഹൃത്തുക്കളായ സ്വീഡിഷ് ദമ്പതികള്‍ ലാറ്റിനമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു. അവിടെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു അക്രമി കടന്നു വരികയും തുടരെ വെടിയുതിര്‍ക്കുകയും ചെയ്തു. തന്റെ കൂടെയുള്ള ഭാര്യയുടെ കാര്യം ഒരു നിമിഷം മറന്ന് ഭര്‍ത്താവ് ഓടിയൊളിക്കാന്‍ ശ്രമിച്ചു. തിരികെ സ്വീഡനില്‍ എത്തിയ ശേഷം ഭാര്യ തരം കിട്ടുമ്പോളൊക്കെ ഈ സംഭവം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഈ സംഭവം നന്നായി അറിയാവുന്ന റൂബന്‍ പിന്നീട് ഒരു ഗവേഷണം നടത്തുകയും ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലില്‍ എത്തുകയും ചെയ്തു. സുനാമി, കപ്പല്‍ച്ചേതം തുടങ്ങിയ അപകടങ്ങളെ അതിജീവിച്ച ദമ്പതികള്‍ക്കിടയില്‍ വിവാഹ മോചനത്തിന്റെ നിരക്ക് വളരെ കൂടുതലാണെന്ന്.

അതിനെത്തുടര്‍ന്നുള്ള ആലോചനയും കണ്ടെത്തലുകളുമാണ് ഇങ്ങനെയൊരു സിനിമയിലേയ്ക്ക് നയിച്ചത്. രണ്ടു പേര്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍, കുഞ്ഞു പിണക്കങ്ങള്‍, പരസ്പരം തുറന്നു പറയാതെ മനസ്സില്‍ കിടന്നു നീറുകയും പിന്നീട് ഒരു അവസരം കിട്ടുമ്പോള്‍ അതെങ്ങനെ കൂട്ടിച്ചേര്‍ക്കാനാവാത്ത വണ്ണം ആ ബന്ധങ്ങളുടെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

എത്ര വീരത്വം പറഞ്ഞാലും പുരുഷന്മാര്‍ എപ്പോളും കുഞ്ഞുങ്ങളെപ്പോലെയാണ്, എപ്പോളും കരുതലും സ്നേഹവും ആഗ്രഹിക്കുന്ന, തന്റെ ഈഗോയെ സംത്രുപ്തമാക്കുന്ന കാര്യങ്ങളില്‍ തീവ്രമായി മുഴുകുന്ന ഒരല്പം വാശിയുള്ള കുഞ്ഞ്. സ്ത്രീകള്‍ ആകട്ടെ അമ്മമാരെപ്പോലെ ആ കുഞ്ഞുങ്ങളെ ഒരല്പം സ്നേഹവും കരുതലും കൊണ്ട് കീഴ്പ്പെടുത്തി നിലയ്ക്ക് നിര്‍ത്താന്‍ കഴിവുള്ളവരും. പക്ഷെ ഓരോരുത്തരും മറ്റെയാള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന പിടിവാശിയില്‍, തന്റെ മാത്രം ശരികളില്‍ മുറുകെപ്പിടിച്ച്, യാതൊരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ പരസ്പരം തൊടാനാവാത്ത അകലങ്ങളില്‍ നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ ഒക്കെയും വഷളാകുന്നു.

എല്ലാം ക്ഷമിക്കൂ എന്ന് പറഞ്ഞു തോമസ്‌ പൊട്ടിക്കരയുമ്പോളും നിശ്ശബരായി ഒന്നിലും ഇടപെടാനാവാതെ സാക്ഷികളായി കണ്ടു നില്‍ക്കുന്ന നമുക്കറിയാം പാശ്ചാത്താപത്തോടൊപ്പം തന്നെ സഹതാപം പിടിച്ചു പറ്റാനുള്ള അയാളുടെ തന്ത്രം കൂടിയാണതെന്ന്. കുഞ്ഞുങ്ങളെപ്പോലെ.

സംഭവങ്ങളെ, അതിന്റെ പരിണിത ഫലങ്ങളെ, മനുഷ്യ മനസ്സിന്റെ പിടികിട്ടാത്ത സഞ്ചാരങ്ങളെ തലനാരിഴ കീറി അവതരിപ്പിക്കുന്നതില്‍ വല്ലാത്ത പ്രതിഭ കാണിക്കുന്നുണ്ട് സംവിധായകന്‍. മനുഷ്യ ബന്ധങ്ങളുടെയും മനസ്സുകളുടെയും സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കുന്നതില്‍ എക്കാലവും മികവു കാണിച്ചിട്ടുള്ള മൈക്കല്‍ ഹാനെക്കിന്റെ സംവിധാന ശൈലിയോടാണ് പല നിരൂപകരും റൂബനെ താരതമ്യപ്പെടുത്തുന്നത്.

4-force-majeure

ലോകമെങ്ങും കുടുംബം എന്ന പതിവ് സങ്കല്‍പ്പത്തിന്റെ ഘടന മാറുകയാണ്. പണ്ട് ഒരു കുടുംബമെന്നാല്‍ അതിലെ അംഗങ്ങളെല്ലാം ഒന്നിച്ചു താമസിക്കുന്ന ഒരിടം എന്നായിരുന്നു. പിന്നീട് ലോകം വികസിച്ചപ്പോള്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം പലയിടങ്ങളില്‍ ചേക്കേറി. അച്ഛനുമമ്മയും തന്നെ തങ്ങളുടെ തിരക്കുകളില്‍ മുഴുകി ആഴ്ചയിലോ മാസങ്ങളിലോ മാത്രം കണ്ടു മുട്ടുന്നവരായി. ആദ്യകാലങ്ങളില്‍ കത്തുകളിലൂടെയും പിന്നീട് ഫോണിലൂടെയും ഇപ്പോള്‍ ഇന്റെര്‍നെറ്റിന്റെ വിവിധ സങ്കേതങ്ങളിലൂടെയും മാത്രം സ്ഥിരമായി ഇടപെടുന്ന ഒരുകൂട്ടം ഇഷ്ടക്കാര്‍ മാത്രമായി കുടുംബം പരിണമിച്ചു. റൂബന്‍ അവതരിപ്പിക്കുന്ന കുടുംബം ഇന്നത്തെ ആധുനിക കുടുംബങ്ങളുടെ പ്രതിനിധിയാണ്.

ശാരീരികമായ ഈ അകലങ്ങള്‍ തീര്‍ച്ചയായും ബന്ധങ്ങളുടെ തീവ്രതയെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ദൈനംദിന തിരക്കുകളില്‍ നിന്നും അകന്നുള്ള കുടുംബാംഗങ്ങളുടെ ഒത്തുകൂടലിന് വല്ലാത്ത പ്രാധാന്യമുണ്ട്. ആ ഒത്തുകൂടലിലാണ് ഫോണിനോ ഇന്റര്‍നെറ്റിനോ പങ്കു വയ്ക്കാനാവാത്ത, ആളുകളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും സ്വഭാവ വൈശിഷ്ട്യങ്ങളും പൊരുത്തക്കേടുകളും മറനീക്കി പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കുടുംബത്തിന്റെ ജീവിതത്തില്‍ നിന്നും സിനിമയ്ക്കായി തിരഞ്ഞെടുത്ത കഷണം തന്റെ വിഷയം അവതരിപ്പിക്കുന്നതിനുള്ള കൃത്യമായ കാലഘട്ടമായി പരിണമിക്കുന്നത്.

അവര്‍ എവിടെ നിന്നും വന്നുവെന്നോ എന്താണവരുടെ ജോലിയെന്നോ അവധിക്കാലം കഴിഞ്ഞ് അവര്‍ എങ്ങോട്ട് തിരികെ പോകുന്നുവെന്നോ നാമറിയുന്നില്ല. അതല്ല സംവിധായകന്റെ വിഷയവും.

ഇങ്ങനെയാണ് ഒരു സിനിമയ്ക്കു ആഗോള മാനം കൈവരുന്നത്. പ്രാദേശികമായ ഒരു കഥ പറയുമ്പോള്‍ തന്നെ പറയുന്ന വിഷയത്തിന്, കഥാ പാത്രങ്ങള്‍ക്ക് ലോകത്തെവിടെ നിന്നും നിങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്താനാവുന്നു. ഒരു പക്ഷെ ആധുനിക ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് ആശയവിനിമയം സാധ്യമല്ലാതെ പോയ കുടുംബ ബന്ധങ്ങള്‍ തന്നെയാവണം.

5-force-majeure

കഥാ പാത്രങ്ങളുടെ അസ്വസ്ഥതകളെ നമ്മിലേയ്ക്ക് പകര്‍ന്നു തരുന്നതിന്റെ ഭാരം സംഭവങ്ങളില്‍ മാത്രമല്ല ആ കഥാ പാത്രങ്ങളെ അവതരിപ്പിച്ചവരുടെ മികവില്‍ കൂടിയാണ്. അതവര്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. ഒട്ടും dramatic ആകാതെ നിയന്ത്രിതമായ അഭിനയം. ഒപ്പം ആല്‍പ്സിന്റെ മഞ്ഞു മൂടിയ മനോഹരമായ പ്രകൃതി ഇതിലെ ഒരു കഥാപാത്രം കൂടിയായി മാറുന്നു.

സിനിമയെ engaged ആക്കി നിര്‍ത്തുന്നത് കൊച്ചു കൊച്ചു സംഭവങ്ങളുടെ സൂക്ഷ്മാവിഷ്കാരത്തോടൊപ്പം വന്നു പോകുന്ന ചില കൊച്ചു കഥാപാത്രങ്ങള്‍ കൂടിയാണ്.

Fredrik Wenzel ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ നിസ്സാരം എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇതെങ്ങിനെ എന്ന് അതിശയിപ്പിക്കുന്നു. ഉദാഹരണത്തിന് സിനിമയില്‍ നിന്നുമുള്ള താഴത്തെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക. ആദ്യ കാഴ്ചയില്‍ നിസ്സാരമായ ഒരു ബാത്ത് റൂം സീനാണ്. ഒന്ന് കൂടി ശ്രദ്ധിക്കൂ. ഇതില്‍ ക്യാമറ എവിടെയാവും വച്ചിട്ടുണ്ടാവുക? മുന്‍പിലെ കണ്ണാടിയില്‍ പ്രതിബിംബം വരാതെ.

6-force-majeure

കാണുന്ന കഥാപാത്രങ്ങളെ പോലെ തന്നെ സിനിമയുടെ സംഗീതത്തിലും ഉണ്ട് രസകരമായ ഒരു വിരോധാഭാസം. ശൈത്യകാലം (winter) പാശ്ചാത്തലമായ സിനിമയ്ക്ക്‌ മ്യുസിക് തീമായി ഉപയോഗിച്ചിരിക്കുന്നത് അന്റോണിയോ വിവാള്‍ഡിയുടെ Summer Concerto ആണ്.

യൂറോപ്പില്‍ നിന്നുമുള്ള പുതിയ സംവിധായകരില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന ആളാണ്‌ റൂബന്‍. Force Majeure അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച, ഉയര്‍ന്ന തലത്തില്‍ ജീവിതത്തെ തൊടുന്ന സിനിമകളില്‍ ഒന്നും.

Director: Ruben Ostlund
Writer: Ruben Ostlund
Language: Swedish

ട്രെയിലര്‍ കാണാം:

English summary
Vellithira talking about the movie Force Majeure (2014)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X