ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഇനി യുഎഇ യുവജനകാര്യ മന്ത്രി
ദുബായ്: ദേശീയ നായകനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ സുല്‍ത്താന്‍ അല്‍ നെയാദിയെ യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചു. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
യുവജനങ്ങളില്‍ നിന്ന് നിരവധി അപേക്ഷകൾ ലഭിച്ചെന്നും ഇതിൽ ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ച പേര് അൽ നെയാദിയുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'നെയാദി ഡോക്ടറേറ്റ് നേടിയ ആളാണ്. സൈന്യത്തിലും ബഹിാരാകാശ മേഖലയിലും അദ്ദേഹം സേവിച്ചു. യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളാണ് അദ്ദേഹം, അവരെ സേവിക്കാനും മുന്നോട്ട് നയിക്കാനും പ്രാപ്തനായ വ്യക്തി', ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും ഷെയ്ഖ് മുഹമ്മദ് അപേക്ഷ ക്ഷണിച്ചത്. 'രാജ്യത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ അറിയുകയും പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്.തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന് യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകാൻ സാധിക്കും. അപേക്ഷകർക്ക് യുഎഇയെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ തത്പരരും ധൈര്യം ഉള്ളവരും ആയിരിക്കണം', എന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത്. മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തിലധികം അപേക്ഷകളായിരുന്നു ലഭിച്ചത്.
ബഹിരാകാശത്ത് നടക്കുന്ന (സ്പേസ് വാക്) ആദ്യ അറബ് വംശജൻ എന്ന റെക്കോർഡിന് ഉടമയാണ് സുൽത്താൻ അൽ നെയാദി. 6 മാസത്തെ ബഹിരാകാശ വാസത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണത്തിൽ നെൽ സെയാദി പങ്കാളിയായിരുന്നു.
നാല് മന്ത്രിമാരെ കൂടി പ്രഖ്യാപിച്ചു
യുവജന മന്ത്രിക്ക് പുറമെ യു എ ഇയിൽ പുതിയ നാല് നിയമനങ്ങൾ കൂടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാമ്പത്തിക കാര്യങ്ങളുടെ ഉപപ്രധാനമന്ത്രിയാകും. മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്‌റൂയിയെ പ്രതിരോധ കാര്യ സഹമന്ത്രിയായും മന്ത്രിസഭാംഗമായും നിയമിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയായമറിയം ബിൻത് മുഹമ്മദ് അൽംഹെരി യുഎഇ പ്രസിഡന്റിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഓഫീസ് മേധാവിയായി മാറും. ഡോ അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അൽ ഷംസി പരിസ്ഥിതി മന്ത്രിയായി ചുമതലയേൽക്കും.












Click it and Unblock the Notifications