സൗദി, കുവൈത്ത്, ഒമാന്‍ പൗരന്മാരെ ചൈന വെറുതെ ക്ഷണിക്കുകയല്ല; ജൂണ്‍ 9 മുതല്‍ പുതിയ തുടക്കം
ബീജിങ്: തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് പല രാജ്യങ്ങളും വാതില്‍ തുറന്നിടാറുണ്ട്. അതായത്, ആ രാജ്യക്കാരെ സ്വന്തം രാജ്യത്തേക്ക് ആകര്‍ഷിക്കുയും അതുവഴി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കലുമാണ് ലക്ഷ്യം. ചൈന അടുത്തിടെ നടത്തുന്ന നീക്കം ഇത്തരത്തിലൊന്നാണ്. കൂടുതല്‍ വിദേശികളെ ചൈനയിലേക്ക് വിളിക്കുകയാണ്. വിസ ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും വരാം, മടങ്ങാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി നേട്ടമായതോടെയാണ് വിപുലപ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെയും ലാറ്റിനമേരിക്കയിലെയും പൗരന്മാര്‍ക്കാണ് ചൈന ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. വിസയുടെ നൂലാമാലകളില്ലാതെ ചൈനയിലേക്ക് വരാം. നിശ്ചിത കാലം താമസിച്ച് മടങ്ങാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈനീസ് ഭരണകൂടത്തിന്റെ ഈ പദ്ധതി വഴി നിരവധി പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കപ്പെട്ടിരുന്നു.

സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈനയിലേക്ക് വരാന്‍ വിസ ആവശ്യമില്ല. ജൂണ്‍ ഒമ്പത് മുതലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ എട്ട് വരെ പദ്ധതി തുടരും. വിജയകരമെന്ന് തോന്നിയാല്‍ ഇളവ് നീട്ടി നല്‍കും. പുതിയ തീരുമാനം ചൈനയിലെ ടൂറിസം രംഗത്തിന് വന്‍കുതിപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തര്‍, യുഎഇ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈന നേരത്തെ വിസാ ഫ്രീ യാത്ര അനുവദിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ ജിസിസിയിലെ ആറ് രാജ്യങ്ങള്‍ക്കും ഇളവ് ലഭിച്ചു. ഇവരെ കൂടാതെ ലാറ്റിനമേരിക്കയിലെ ബ്രസീല്‍, അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജൂണ്‍ മുതല്‍ വിസാ ഫ്രീ യാത്ര അനുവദിക്കുന്നുണ്ട്.
ചൈനയ്ക്കുള്ള നേട്ടം ഇതാണ്
കഴിഞ്ഞ വര്‍ഷം മുതല്‍ ചൈനയില്‍ ടൂറിസം മേഖലക്ക് ഉണര്‍വ് ലഭിച്ചിട്ടുണ്ട്. 90 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ചൈനയിലേക്ക് വന്നത്. 2023നേക്കാള്‍ 40 ശതമാനം വര്‍ധനവാണിത്. ഈ വര്‍ഷം ഏപ്രില്‍ വരെ 18000 വിദേശ കമ്പനികള്‍ ചൈനയില്‍ ഓഫീസ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ സ്ഥാപിച്ചതിനേക്കാള്‍ 12 ശതമാനം വര്‍ധനവാണിത്.
വിദേശ വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വ്യോമയാന മേഖലക്ക് ഉണര്‍വ് ലഭിക്കും. മാത്രമല്ല, ഹോട്ടല്‍ വ്യവസായം, വാണിജ്യം, ചെറുകിട കച്ചവടക്കാര്‍, ഗതാഗത മേഖല എന്നിവയ്‌ക്കെല്ലാം നേട്ടം കൊയ്യാനും പറ്റും. ചൈന കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നാല് അറബ് രാജ്യങ്ങള്‍ക്ക് കൂടി വിസ ഫ്രീ യാത്ര അനുവദിച്ചിരിക്കുന്നത്.
ടൂറിസ്റ്റുകളെ മാത്രമല്ല ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍, ആഡംബര ജീവിതം നയിക്കുന്നവര്‍ എന്നിവരെ കൂടിയാണ്. ജിസിസി രാജ്യങ്ങളിലുള്ളവര്‍ ആഡംബര ജീവിതം നയിക്കാന്‍ വിദേശത്ത് പോകുന്ന പതിവുണ്ട്. ഇനിയും കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ ഫ്രീ യാത്ര ചൈന വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഈ ഇളവ് അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് കുറഞ്ഞിട്ടുണ്ടെങ്കില്‍ ഇളവ് നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications