തേജ് ചുഴലിക്കാറ്റ്: നേരിട്ടുള്ള ആഘാതങ്ങൾ ഇന്ന് വൈകീട്ടോടെ സലാലയിൽ അനുഭവപ്പെടും
മസ്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഞായറാഴ്ച വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സി എ എ നിർദ്ദേശിച്ചു. ഇന്ത്യ നിർദ്ദേശിച്ച തേജ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക.
പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റേയും തീരങ്ങളിലേക്ക് കാറ്റ് ഇപ്പോൾ നീങ്ങുകയാണ്. 330 കിലോ മീറ്റർ വിസ്തൃതിയിൽ വീശുന്ന ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം സലാല തീരത്ത് നിന്ന് 700 കിലോ മീറ്റർ അകലെയാണുള്ളത്. എന്നാൽ മഴ മേഘങ്ങൾ 360 കിലോ മീറ്റർ അടുത്തെത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെ ആയിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക.ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
വിവിധ ഇടങ്ങളിലായി തിങ്കളാഴ്ച 200 മുതൽ 600 മി. മീറ്റർ വരെ മഴ ലഭിച്ചേക്കും. 68 മുതൽ 125 കിലോ മീറ്റർ വേഗതയിലായിരിക്കും കാറ്റ് അടിക്കുക. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർ വരെ ഉയർന്നേക്കും. ചൊവ്വാഴ്ച രാവിലെ കരക്ക് എത്തുമ്പോൾ കാറ്റിന്റെ വേഗത വീണ്ടും വർദ്ധിക്കാനാണ് സാധ്യത എന്ന് സി എ എ മുന്നറിയിപ്പിൽ പറയുന്നു.
തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദോഫാര് ഗവർണറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായർ, തിങ്കൾ ദിവസങ്ങളിൽ അവഝി പ്രഖ്യാപിച്ചു. 2018 ഒക്ടോബർ 13ന് അടിച്ച ലുബാൻ ചുഴലിക്കാറ്റും അതേ വർഷം മെയ് 24 ന് അടിച്ച മെകനു ചുഴലിക്കാറ്റും സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും കനത്ത നഷ്ടം ഉണ്ടാക്കി.
അതേസമയം കേരളത്തിൽ തുലാവർഷം എത്തി. കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായികാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അടുത്ത 48 മണിക്കൂറിന് ഉള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലം ആയിരിക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications