ദുബായ് എങ്ങനെ ഇന്നത്തെ ദുബായ് ആയി: അന്ന് താന്‍ പറഞ്ഞത് കേട്ട് പലരും ചിരിച്ചു: ഷെയ്ഖ് മക്തൂം
ലോകത്ത് ഇന്ന് ടൂറിസം രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്. എന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സ്ഥിതി ഇതായിരുന്നില്ല. എങ്ങും മണലും ചൂട് കാറ്റും നിറഞ്ഞ് നില്‍ക്കുന്ന വരണ്ട കാലാവസ്ഥയുള്ള ദുബായില്‍ ടൂറിസം എങ്ങനെ സാധ്യമാവും എന്നായിരുന്നു പലരുടേയും ചിന്ത. എന്നാല്‍ ടൂറിസം രംഗത്ത് രാജ്യത്തിന് മുന്നേറാന്‍ ദുബായിക്ക് കഴിയുമെന്ന് അന്ന് തന്നെ മനസ്സിലാക്കിയ ഒരു നേതാവുണ്ടായിരുന്നു. അതാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .
ദുബായ്ക്ക് ടൂറിസം രംഗത്ത് വളരാന്‍ 80 കളില്‍ താന്‍ പറഞ്ഞപ്പോള്‍ പലരും ചിരിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറയുന്നു. യുവാവായിരുന്ന മക്തൂം അന്ന് ദുബായിലെ ഒരു മന്ത്രിയായിരുന്നു. ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) യോഗങ്ങളിലൊന്നിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും അത് എങ്ങനെ പരിഹരിക്കും എന്നത് അടുക്കമുള്ള കാര്യങ്ങളായിരുന്നു അവിടെ ചർച്ചയായിരുന്നത്.

"യോഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും വലിയ രാഷ്ട്രീയ പരിചയുവും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ഞാന്‍. എന്തുകൊണ്ട് നമുക്ക് ഗൾഫ് നഗരങ്ങളെ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിച്ചു കൂടായെന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്ത മറ്റ് മന്ത്രിമാരോട് ചോദിച്ചു. നമുക്ക് ദുബായിൽ നിന്ന് ആരംഭിച്ചു കൂടേയെന്നും അന്ന് ഞാന്‍ മറ്റുള്ളവരോട് ചോദിച്ചു" മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞു.
നിർദ്ദേശം മുതിർന്ന മന്ത്രിമാരുടെ ശ്രദ്ധയിൽ പെട്ടെങ്കിലും അവരുടെ സമീപനം അനുകൂലമായിരുന്നില്ല. "എല്ലാ കണ്ണുകളും എന്നിലേക്ക് തിരിഞ്ഞു. പിന്നെ, മുതിർന്ന വിദേശകാര്യ മന്ത്രിമാരിൽ ഒരാളുടെ ചിരിയാണ് ആ നിശബ്ദതയെ ഭേദിച്ചത്. ദുബായിലും നമ്മുടെ ഗൾഫ് നഗരങ്ങളിലും വിനോദസഞ്ചാരികൾ എന്താണ് കണാനുള്ളത് മരുഭൂമി? മണല്? ചൂട്? ബാക്കിയുള്ളവർ ചിരിച്ചു," ഷെയ്ഖ് മുഹമ്മദ് തുടർന്നു.
ദുബായിലെ സാംസ്കാരിക പൈതൃകവും നാഗരികതയും മനുഷ്യ ചരിത്രവും ആളുകൾക്ക് സന്ദർശിക്കാൻ കഴിയുന്നത് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഞാൻ അദ്ദേഹത്തോട് തർക്കിച്ചില്ല. പക്ഷെ എനിക്ക് സങ്കടം തോന്നി, എന്തുകൊണ്ടോ നമുക്ക് നമ്മുടെ സമ്പത്ത് നന്നായി ഉപയോഗിക്കാനാകുന്നില്ല? എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ യുവത്വത്തെ വിശ്വസിക്കാൻ കഴിയാത്തത്? നമുക്കറിയാവുന്നതും പരിചിതവുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്നും പരീക്ഷിക്കാൻ കഴിയില്ലേ എന്നായിരുന്നു എന്റെ അന്നത്തെ ചിന്തയെന്നും ദുബായി ഭരണാധികാരി പറയുന്നു.

പില്‍ക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി എമിറേറ്റിനെ മാറ്റിയതിന് പിന്നിലെ ശക്തിയെന്ന ബഹുമതി ലഭിച്ച ദുബായ് ഭരണാധികാരി - യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന്റെ ഫലവും അഭിമാനത്തോടെ പങ്കുവെച്ചു.
കഴിഞ്ഞ വർഷം മാത്രം 224 ബില്യൺ ദിർഹം (61 ബില്യൺ യുഎസ് ഡോളർ) വരുമാനം അന്താരാഷ്ട്ര ടൂറിസത്തിലൂടെ ദുബായ് നേടി. ഇറ്റലി, തുർക്കി, ജർമ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെക്കാൾ മികച്ച നേട്ടം കൈവരിച്ച യു.എ.ഇ ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസം വരുമാനക്കാരിൽ നാലാം സ്ഥാനത്താണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സ്‌പെയിൻ, യുകെ എന്നിവ മാത്രമാണ് റാങ്കിംഗിൽ ദുബായ്ക്ക് മുന്നിലുള്ളത്. ഈ റിപ്പോർട്ട് വായിക്കുമ്പോള്‍ അന്നത്തെ വിദേശ കാര്യ വകുപ്പ് മന്ത്രിയെ ഞാന്‍ ഓർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006ൽ ദുബായ് ഭരണാധികാരിയായി സ്ഥാനമേറ്റ ഷെയ്ഖ് മുഹമ്മദിന് ഇപ്പോൾ 74 വയസ്സായി. അന്നും ഇന്നും യുവാക്കളോടുള്ള അചഞ്ചലമായ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന ഭരണാധികാരിയുമാണ് അദ്ദേഹം. രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണെന്നും അടുത്ത തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കുന്നത് തന്റെ പരമോന്നത മുൻഗണനകളിലാണെന്നും അദ്ദേഹം എപ്പോഴും ആവർത്തിച്ച് പറയാറുമുണ്ട്.












Click it and Unblock the Notifications