സ്വർണത്തിന് 24 മണിക്കൂർ കൊണ്ട് ലാഭം 28,000 രൂപ; ഇതെന്താണ് സംഭവിക്കുന്നത്? യുഎഇക്കാർക്ക് കോളടിച്ചു,
യുഎസ്-ചൈന വ്യാപാര യുദ്ധം കൊഴുത്തതോടെ സ്വർണ വില സകല റെക്കോഡും ഭേദിച്ച് മുന്നേറുകയാണ്. ചരിത്രത്തിൽ ആദ്യമായി സ്വർണ വില ഔൺസിന് 3200 ഡോളർ കടന്നു. ആഗോള വിപണിയിലെ ചലനങ്ങൾ ദുബായിലും സ്വർണത്തിന്റെ വില കുത്തനെ ഉയർത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാജ്യത്ത് ഒരു ഗ്രാമിന് 10 ദിർഹത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണത്തിന് 376.5 ദിർഹാമയിരുന്നു വില.
വില ഉയർന്നതിൽ കടുത്ത നിരാശയാണ് സ്വർണപ്രേമികൾ പങ്കുവെയ്ക്കുന്നത്. ഇഷ്ടപ്പെട്ട ആഭരണം വാങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരുമല്ലോയെന്നാണ് പലരുടേയും പരാതി. എന്നാൽ വില ഉയരുന്ന ഈ സമയത്ത് സ്വർണ ആഭരണങ്ങൾക്ക് പിറകിൽ പോകാതെ സ്വർണത്തിന്റെ പിറകിൽ മാത്രം പോകൂവെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സ്വർണം മാത്രം വാങ്ങിയാൽ നിന്ന നിൽപ്പിൽ ലാഭം കൊയ്യാമെന്നാണ് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നത്. എങ്ങനെയെന്നല്ലേ? വിശദമായി നോക്കാം

ആഭരണം വേണ്ട....
സ്വർണമെന്നത് സുരക്ഷിത നിക്ഷേപമാണെന്ന കാര്യത്തിൽ തർക്കമില്ല. വില അൽപമൊന്ന് കുറഞ്ഞപ്പോൾ സ്വർണ കോയിൻ വാങ്ങി വെച്ചതാണ് തനിക്ക് ലാഭം തന്നതെന്നാണ് ഒരു സിംഗിൾ മദർ പറയുന്നത്. ' ബോണസ് കിട്ടയ തുക കൈയ്യിലുണ്ടായിരുന്നു. വില കുറയാൻ കാത്ത് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വില കുറഞ്ഞതോടെ ഒരു ജ്വല്ലറിയുടെ ഓൺലൈൻ സൈറ്റിൽ കയറി 10 സ്വർണനാണയം വാങ്ങി. വില വിവരങ്ങൾ നോക്കിയപ്പോഴാണ് മനസിലായത്, എനിക്ക് 1200 ദിർഹമാണ് ലാഭം നേടാനായത്', യുവതിയെ ഉദ്ധരിച്ച് ഖലീൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ചെറിയ രീതിയിൽ വിലകുറഞ്ഞ ബുധനാഴ്ച സ്വർണം വാങ്ങാൻ കൂടുതൽ പേർ എത്തിയെന്ന് പറയുകയാണ് ജോയ് ആലുക്കാസ് ഇന്റർനാഷ്ണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്. 'മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് പലരും. അക്ഷയ തൃതീയ മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ബുക്കിംഗ് നടത്തുന്നത്', അദ്ദേഹം പറഞ്ഞു.
ആശങ്ക പിടിവിടുന്നില്ല
വില കുറയുമ്പോൾ ആളുകൾ വാങ്ങുന്നുണ്ടെങ്കിലും ദീർഘ സമയത്തേക്ക് ഈ വില കുറവ് ഇല്ലെന്നതിനാൽ ഉപഭോക്താക്കൾ ഇപ്പോഴും വാങ്ങാൻ മടിക്കുകയാണെന്നാണ് ചില വ്യാപാരികൾ പറയുന്നത്. ഈ മാസം ആദ്യ സ്വർണ വില കുത്തനെ ഇടിഞ്ഞപ്പോൾ പോലും ആളുകൾ വീണ്ടും വില കുറയാൻ കാത്തിരിക്കുകയാണ് ചെയ്തത്. വില 50,000 തൊട്ടേക്കുമെന്നുള്ള പ്രവചനങ്ങൾ ആളുകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്രയും വില കുറയുമോ എന്നതാണ് മറ്റൊരു ചോദ്യം.
സ്വർണക്കട്ടികൾക്ക് പ്രിയം കൂടി
ആഭരണങ്ങളേക്കാൾ സ്വർണക്കട്ടികൾക്കാണ് ഡിമാന്റ് ഏറുന്നതെന്ന് കൻസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ അനിൽ ധനക് പറഞ്ഞു. 'ആഭരണങ്ങളുടെ വിൽപന ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വർണക്കട്ടികളാണ് എല്ലാവരും ഡിമാന്റ് ചെയ്യുന്നത്. സ്വർണക്കട്ടികൾ വാങ്ങുന്നത് ഭാവിയിൽ ലാഭകരമാണെന്ന ചിന്ത പലർക്കുമുണ്ട്. അവരുടെ ആ കണക്കുകൂട്ടൽ കൃത്യവുമാണ്', അദ്ദേഹം പറഞ്ഞു.അതേസമയം സ്വർണം സുരക്ഷിത നിക്ഷേപമാണ്. അതിനാൽ വാങ്ങിക്കൊണ്ടേയിരിക്കൂവെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇനി ആളുകൾ ആഭരണം വാങ്ങുമെന്ന് കരുതാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ വിൽക്കാനും പുതുവഴി
പ്രമോഷൻ രീതികളിൽ മാറ്റം വരുത്തിയാലേ ഇനി രക്ഷയുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. 'പണിക്കൂലി കുറച്ച് ആളുകളെ ആകർഷിക്കുന്ന രീതിയും ഒരുപരിധിക്കപ്പുറം ഫലപ്രദമാകുന്നില്ല. പണിക്കൂലി ഇല്ലാതെ വിൽപന നടത്തിയിട്ട് പോലും കാര്യമില്ല. പവന് കുറഞ്ഞത് 30 ദിർഹവം വരെ കുറഞ്ഞെങ്കിൽ മാത്രമേ ആളുകൾ ഇനി ആഭരണങ്ങൾ വാങ്ങാൻ തയ്യാറാകൂവെന്നാണ് വിലയിരുത്തുന്നത്', കച്ചവടക്കാർ പറഞ്ഞു.
വിനോദസഞ്ചാരികൾക്കും മടി
ദുബായിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇവിടെ നിന്ന് സ്വർണം വാങ്ങുന്ന പതിവുണ്ട്. കുറഞ്ഞ വിലയും സ്വർണത്തിന്റെ ശുദ്ധിയും ഡിസൈനുമെല്ലാം ഇതിന് കാരണമാണ്. എന്നാൽ വില സ്വർണം വാങ്ങുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. '
ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിലെ സ്വർണ വിലയിൽ 6 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ വർഷം ഇത് 15 ശതമാനം വരെയായിരുന്നു. (നിലവിൽ ഇന്ത്യയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 8259 രൂപയാണ്). യുഎഇയിൽ സ്വർണ്ണം വാങ്ങുമ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഉപഭോക്താവിന് 5% വാറ്റ് റീഫണ്ട് ലഭിക്കുന്നുണ്ട്. സൗദിയിൽ നിന്നാണെങ്കിൽ 15 ശതമാനം വാറ്റ് അടക്കേണ്ടി വരും. ഇങ്ങനെയൊക്കെ ആണെങ്കിലും 'വെയിറ്റ് ആന്റ് വാച്ച്' പോളിസിയാണ് പല ഉപഭോക്താക്കളും സ്വീകരിക്കുന്നതെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.
എന്തുകൊണ്ട് വില കൂടി
യുഎസിന് മേൽ കുടുതൽ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകുടം ചുമത്തിയ പകരചുങ്കമാണ് വിപണിയിൽ സ്വർണവില തീപിടിപ്പിച്ചത്. യുഎസ് വിപണി കൂപ്പ് കുത്തുകയും ആഗോള സാമ്പത്തിക മേഖലയിൽ വലിയ ആശങ്ക പടരുകയും ചെയ്തതോടെ നടപടിയിൽ നന്നും യുഎസ് പിന്നോട്ടടിച്ചു. പകരചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചെന്ന് പ്രഖ്യാപിച്ചു. എന്നാൽ ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവ തുടരുമെന്ന കടുത്ത നിലപാട് യുഎസ് തുടർന്നു. മാത്രമല്ല ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവ 125 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. ഇതോടെ നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം ശക്തമാകുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ സ്വീകാര്യത ഉയരുകയും ചെയ്തു.
നിക്ഷേപകർ ജാഗ്രത പുലർത്തണം
സ്വർണ വില കൂടിയും കുറഞ്ഞുമിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തണമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അപകട സാധ്യതയും വെല്ലുവിളിയും തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപങ്ങൾ നടത്തണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒരു കാലത്തും നഷ്ടമാകില്ലെന്ന് ഉപദേശിക്കുന്നവരും ഉണ്ട്. ' അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കും. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ മൂല്യം ഉയർന്ന് നിൽക്കും. വില ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ഇപ്പോൾ വാങ്ങിവെയ്ക്കുന്നതാണ് ഏറ്റവും ഉചിതമെന്നും ഇവർ പറയുന്നു.
കേരളത്തിൽ എന്താണ് സംഭവിക്കുന്നത്?
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. ഇന്ന് പവൻ വില 69000 പിന്നിട്ടു. ഇന്ന് മാത്രം കൂടിയത് 1500 രൂപയോളമാണ്. അതായത് 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്ത് 75,000 രൂപയെങ്കിലും വേണ്ടി വരും ഒരു പവൻ വാങ്ങാൻ എന്ന് സാരം. എന്നാൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പവന് വില 80,000 തൊടാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
വില വർധനവിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. വിവാഹ സീസണിന്റെ പശ്ചാത്തലത്തിൽ പലരും മുൻകൂട്ടി ബുക്ക് ചെയ്യുകയാണ്. ഇത് ജ്വല്ലറികളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും ഇവർ പറയുന്നു. വില ഉയർന്നതോടെ സ്വർണപ്രേമികൾ ലൈറ്റ് വെയ്റ്റ് ഗോൾഡിലേക്ക് തിരിയുന്ന പ്രവണതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. 18 കാരറ്റ് ഗോൾഡിനോടാണ് ഇപ്പോൾ ആളുകൾക്ക് പ്രിയം. യുവാക്കളാണ് പ്രധാനമായും ഇവ ആവശ്യപ്പെടുന്നത്. മികച്ച ഡിസൈനുകളിൽ ഇത് ലഭിക്കുമെന്നതും ഇക്കൂട്ടരുടെ പ്രിയം കൂട്ടുന്നുണ്ടെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications