യുഎഇ സ്വര്‍ണത്തിന്റെ കാര്യം കഷ്ടം!! ഇന്ത്യയുടെ കിടിലന്‍ നീക്കത്തില്‍ വീണു, ഒപ്പം വിലയും പാര
ദുബായ്: സ്വര്‍ണവില കുതിക്കുന്നത് ഓരോ വിപണിയെയും വ്യത്യസ്തമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ വില്‍പ്പനയില്‍ കുറവില്ല എന്ന് വ്യാപാരികള്‍ പറയുമ്പോള്‍ യുഎഇയില്‍ മറിച്ചാണ് സംഭവിച്ചത്. യുഎഇ വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യക്കാരില്‍ പ്രധാനികള്‍ ഇന്ത്യക്കാര്‍ തന്നെയാണ്. സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം യുഎഇയിലെ ജ്വല്ലറികള്‍ക്കും നേട്ടമായിരുന്നു. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
യുഎഇയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 317.50 ദിര്‍ഹമായിരുന്നു വില എങ്കില്‍ ഇന്ന് 320.25 ദിര്‍ഹമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം 263.50 ദിര്‍ഹത്തില്‍ നിന്ന് 263 ദിര്‍ഹമായി കുറയുകയും ചെയ്തുവെന്ന് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുഎഇ സ്വര്‍ണ വിപണിയില്‍ സംഭവിച്ച പ്രധാന മാറ്റം മറ്റൊന്നാണ്...

യുഎഇയില്‍ സ്വര്‍ണവില്‍പ്പനയില്‍ വലിയ കുറവ് വന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ഇതിന് പ്രധാനമായ കാരണം സ്വര്‍ണത്തിന്റെ അമിതമായ വില വര്‍ധന തന്നെ. മറ്റൊന്ന് ഇന്ത്യയില്‍ ഇറക്കുമതി നികുതി കുറച്ചതാണ്. അതെങ്ങനെയാണ് ഇന്ത്യയിലെ നികുതി കുറവ് യുഎഇയിലെ സ്വര്‍ണ വിപണിയെ ബാധിക്കുക?
യുഎഇയിലെ സ്വര്‍ണ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമങ്ങള്‍ വിമാനത്താവളങ്ങളില്‍ വച്ച പിടികൂടുക പതിവായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് 6 ആക്കി കുറച്ചത്.
ദീപാവലി സീസണില്‍ പോലും...
ഇതോടെ നികുതി വെട്ടിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് വലിയ നേട്ടമല്ലാതായി മാറി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ആളുകള്‍ ഉപേക്ഷിക്കാനും തുടങ്ങി. നിയമപ്രകാരം സ്വര്‍ണം വാങ്ങുമ്പോഴും വിലയില്‍ വലിയ അന്തരമില്ലാതായി. ഇതോടെ യുഎഇ വിപണിയില്‍ സ്വര്‍ണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ല്‍ യുഎഇയിലെ സ്വര്‍ണവില്‍പ്പന 13 ശതമാനം കുറഞ്ഞു എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
2023ല്‍ യുഎഇയിലെ സ്വര്‍ണവില്‍പ്പന 39.7 ടണ്‍ ആയിരുന്നു. 2024ല്‍ ഇത് 34.7 ശതമാനമായി കുറഞ്ഞു. സാധാരണ വന്‍തോതില്‍ വില്‍പ്പന നടക്കുന്ന ദീപാവലി സീസണില്‍ പോലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. അതേസമയം, ഇന്ത്യയില്‍ നികുതി കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് നേരിയ അളവില്‍ ലഭിക്കുകയും അവര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയും ചെയ്തു.
രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന്റെ സമ്പൂര്‍ണ നേട്ടം ലഭിക്കാതിരിക്കാനുള്ള ഒരു കാരണം. അതേസമയം, കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63240 രൂപയാണ് വില. ഒരു ഗ്രാമിന് 7905 രൂപയും. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 6535 രൂപയിലെത്തി.












Click it and Unblock the Notifications