സൗദി അറേബ്യയിൽ കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കം, മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഭീഷണിയായി കനത്ത മഴ. തിങ്കളാഴ്‌ച മുതൽ ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. മക്ക, മദീന തുടങ്ങിയ മേഖലകളിൽ മഴ മൂലമുണ്ടായ വെള്ളപ്പൊക്കം കാര്യമായ ഗതാഗത തടസത്തിന് കാരണമാവുകയും ആളുകൾ കുടുങ്ങിപ്പോവുകയും ചെയ്‌തിട്ടുണ്ട്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മിതമായതോ കനത്തതോ ആയ മഴ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
മദീനയിലെ ബദർ ഗവർണറേറ്റിലെ അൽ ഷാഫിയയിൽ 49.2 മില്ലീമീറ്ററും ജിദ്ദയിലെ അൽ ബസതീൻ ജില്ലയിൽ 38 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. ഇതിൽ അൽ ഷാഫിയ തന്നെയാണ് മഴ കൂടുതൽ പെയ്‌ത ഇടം. മദീനയിൽ പലയിടത്തും കാര്യമായ മഴ ലഭിച്ചു. പ്രവാചകന്റെ മസ്‌ജിദിന് സമീപമുള്ള സെൻട്രൽ ഹറം ഏരിയയിൽ 36.1 മില്ലിമീറ്റർ മഴയാണ് പെയ്‌തത്.

മക്ക, മദീന, ഖാസിം, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ് മേഖലകളിൽ ഇന്നും മഴ തുടരുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇന്നും ശക്തമായ മഴയാണ് പലയിടത്തും പെയ്‌തത്. സൗദിയിലെ മഴ കനത്ത വെള്ളപ്പൊക്കത്തിന് കാരണമായതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
വെള്ളപ്പൊക്കത്തിന്റെ ശക്തിയിൽ കാറുകൾ നീങ്ങുന്നതും റോഡിന് നടുവിൽ കുടുങ്ങിയ ബസുകളുടെയും ഒക്കെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയുടെ (എസ്‌പിഎ) റിപ്പോർട്ട് പ്രകാരം ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ ഇപ്പോൾ കനത്ത വെള്ളത്താൽ നിറഞ്ഞിരിക്കുന്ന സാഹചര്യമാണ്. വിശുദ്ധ നഗരമായ മക്കയിൽ ഇത് വലിയ പ്രതിസന്ധിക്കാണ് ഇടയൊരുക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഇടിമിന്നലും കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വെള്ളപ്പൊക്കങ്ങൾ അപൂർവമായ ഒരു പ്രതിഭാസമല്ല, പ്രത്യേകിച്ചും ജിദ്ദയിൽ, നേരത്തെയും ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. നിലവിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കനത്ത വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ ഒറ്റപ്പെട്ടു കിടക്കുകയാണ്.
മക്കയുടെ തെക്കുകിഴക്കുള്ള അൽ-അവാലി പ്രദേശത്ത് കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ആളുകൾ ശ്രമിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. മുൻപ് വെള്ളപ്പൊക്കം മൂലം 2009ൽ നൂറിലധികം ആളുകൾ മരിച്ച സ്ഥലമായ മക്ക, മദീന, തുറമുഖ നഗരമായ ജിദ്ദ എന്നിവിടങ്ങളിൽ സൗദി അറേബ്യ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഫ്ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദയിലെ കിംഗ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമായി പല മേഖലകളിലും റോഡ് ഗതാഗതവും സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications